Malappuram District Cooperative Bank became part of Kerala Bank

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടികൾ പൂർത്തീകരിച്ചു.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹൈക്കോടതി സിഗിൾ ബഞ്ച് ഉത്തരവ് വന്നതിനെതുടർന്നാണ് നടപടികൾ എടുത്തത്. ഇതിനെതിരെ നൽകിയ അപ്പീലും ഡിവിഷൻ ബഞ്ച് തള്ളുകയായിരുന്നു

കേരളമാകെ ശാഖകളുള്ള ഏഷ്യയിലെ എറ്റവും വലിയ സഹകരണ ബാങ്കിങ്ങ് സ്ഥാപനമായി കേരളബാങ്ക് മാറി. 769 ശാഖകളാണ് ഇന്നലെവരെ കേരളബാങ്കിന് ഉണ്ടായതെങ്കിൽ മലപ്പുറം കൂടി ഭാഗമായതോടെ അത് 823 ആയി ഉയർന്നു. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ കൂടുതൽ ജനകീയമായി മാറുന്നതിന്റെ ഭാഗമായി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റിസർവ്വ് ബാങ്കിന്റെ അംഗീകാരം നേടി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ നിന്ന് മലപ്പുറം ജില്ലാ ബാങ്ക് മാത്രം മാറി നിൽക്കുകയായിരുന്നു.

ലയനത്തെ അനുകൂലിച്ച 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് 2019 ഒക്ടോബർ ഏഴിന് റിസർവ് ബാങ്ക് അനുമതി നൽകി. ആ പതിമൂന്ന് ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ നടപടിയാണ് 2019 നവംബർ 29 ന് പൂർത്തീകരിച്ചത്.

അന്നുമുതൽ കോടതിയിൽ നടന്ന നിയമപോരാട്ടങ്ങളാണ് പര്യവസാനിച്ചത്. ബാങ്കിങ്ങ് മേഖലയിലെ ഗുണകരമായ മാറ്റങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേരള ഹൈക്കോടടതിയിൽ നിന്ന് ലഭിച്ച വിധിന്യായം.