ഐഎഫ്എഫ്‌കെ ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്
27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയില്‍ നിന്നും വിഭിന്നമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഐഎഫ്എഫ്‌കെയ്ക്കായി ഒരുക്കുന്നത്. ഗതകാലപ്രൗഢിയോടെ ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ട്.
അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്. സിനിമകള്‍ 2021 സെപ്റ്റംബര്‍ ഒന്നിനും 2022 ഓഗസ്റ്റ് 31 നും ഇടയില്‍ പൂര്‍ത്തിയാക്കിയവ ആയിരിക്കണം. മത്സര വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രികള്‍ 2022 ഓഗസ്റ്റ് 11 മുതല്‍ സ്വീകരിക്കും. 2022 സെപ്റ്റംബര്‍ 11 വൈകിട്ട് അഞ്ച് മണി വരെ iffk.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി എന്‍ട്രികള്‍ സമര്‍പ്പിക്കാം. എന്‍ട്രികള്‍ അയക്കുന്നതിന്റെ വിശദാംശങ്ങളും മാനദണ്ഡങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.