Government formulates new logistics park policy

പുതിയ ലോജിസ്റ്റിക്സ് പാര്‍ക്ക് നയം സര്‍ക്കാര്‍ രൂപീകരിക്കുന്നു

വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങി ഇതുവരെയുള്ള കാലയളവില്‍ 215 കപ്പലുകള്‍ വന്നുപോയത് ഏറെ പ്രതീക്ഷ നല്‍കുന്നു. വിഴിഞ്ഞം തുറമുഖത്തിനൊപ്പം മറ്റ് ചെറുകിട തുറമുഖങ്ങളും ചേരുന്നതോടെ കേരളത്തില്‍ ലോജിസ്റ്റിക്സ് ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്ക് വലിയ സാധ്യത ഉണ്ടാകുമെന്ന വിലയിരുത്തലില്‍ ഒരു പുതിയ ലോജിസ്റ്റിക്സ് പാര്‍ക്ക് നയം സര്‍ക്കാര്‍ രൂപീകരിക്കുന്നുണ്ടന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു.
കേരളത്തെ തുറമുഖ വ്യവസായങ്ങളുടെ പ്രധാന ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പല പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ആ പ്രവര്‍ത്തനങ്ങളില്‍പെടുന്ന ഒന്നാണ് സംസ്ഥാന വ്യവസായനയം 2023. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക. പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി പരമ്പരാഗത വ്യവസായങ്ങളെ നവീകരിക്കുക, കേരള ബ്രാന്‍ഡ് വികസിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുക, തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവാക്കളുടെയും യുവതികളുടെയും സംരംഭകത്വ കഴിവുകളെ പരിപോഷിപ്പിക്കുക, വ്യവസായ – നൈപുണ്യം വര്‍ദ്ധിപ്പിക്കുക അതുവഴി മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, മുന്‍ഗണനാ മേഖല അടിസ്ഥാനമാക്കിയുള്ള വ്യവസായവല്‍ക്കരണം എന്നിവയാണ് സംസ്ഥാന വ്യവസായ നയത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍.
മാരിടൈം ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെട്ട 22 സണ്‍റൈസ് മേഖലകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സണ്‍റൈസ് വ്യവസായങ്ങള്‍ക്ക് വലിയ ആനുകൂല്യങ്ങളാണ് വ്യവസായ നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥിര മൂലധനത്തിന് 10 കോടി രൂപ വരെ 10% നിക്ഷേപ സബ്സിഡി, വ്യവസായ വിപ്ലവം 4.0 ന്‍റെ ഭാഗമായി വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിന് (നിര്‍മ്മിത ബുദ്ധിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഡാറ്റ മൈനിങ് & അനാലിസിസ്, തുടങ്ങിയവ) സംരംഭങ്ങള്‍ ചിലവാക്കുന്ന തുകയുടെ 20%, പരമാവധി 25 ലക്ഷം രൂപ വരെ തിരികെ നല്‍കുന്നതിനുള്ള പദ്ധതി, എം.എസ്.എം.ഇ വ്യവസായങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് വൈദ്യുതി നികുതി ഇളവ് നല്‍കുന്ന പദ്ധതി, സ്ത്രീകള്‍/പട്ടികജാതി/പട്ടികവര്‍ഗ സംരംഭകര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷന്‍ ചാര്‍ജിലും ഇളവ്, എം.എസ്.എം.ഇ ഇതര സംരംഭങ്ങള്‍ക്ക് സ്ഥിരമൂലധനത്തിന്‍റെ 100% സംസ്ഥാന 667% വിഹിതം 5 വര്‍ഷത്തേക്ക് തിരികെ നല്‍കുന്നതിനുള്ള പദ്ധതി. 50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികളെ സ്ഥിരജോലിക്കെടുക്കുന്ന വന്‍കിട, മെഗാ സംരംഭങ്ങളില്‍ അപ്രകാരമുള്ള തൊഴിലാളികള്‍ക്ക്, മാസവേതനത്തിന്‍റെ 25%, പരമാവധി 5000 രൂപ വരെ തൊഴിലുടമക്ക് ഒരു വര്‍ഷത്തേക്ക് തിരികെ നല്‍കുന്നതിനുള്ള പദ്ധതി, തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ പുതിയ വ്യവസായ നയത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
വിഴിഞ്ഞത്തിന്‍റെ തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ട വികസനം 2028-ല്‍ പൂര്‍ത്തിയാകുമെന്നും പാസഞ്ചര്‍ കാര്‍ഗോഷിപ്പ്മെന്‍റ് സൗകര്യങ്ങള്‍ കൂടി വരുന്നതോടെ വിഴിഞ്ഞം തുറമുഖത്തില്‍ വരുന്ന വന്‍കിട കപ്പലുകള്‍ക്ക് ചെറിയ തോതിലുള്ള അറ്റകുറ്റ പണികള്‍ക്കായി സൗകര്യം ഒരുക്കുവാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കപ്പല്‍ റിപ്പയര്‍ സംരംഭകര്‍ വിഴിഞ്ഞം കോണ്‍ക്ലേവില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ സാധ്യതകള്‍ സംബന്ധിച്ച് VISL -മായും കേരള മാരിടൈം ബോര്‍ഡുമായും പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഈ വിഷയങ്ങളില്‍ സംയുക്ത മേഖല സ്ഥാപനങ്ങള്‍ വിഴിഞ്ഞം മൈനര്‍ തുറമുഖത്തില്‍ സജ്ജീകരിക്കുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കുന്നതാണന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ മാരായ മുഹമദ്മുഹസിന്‍, ജി.എസ് ജയലാല്‍ , വി.ആര്‍ സുനില്‍കുമാര്‍, സി.സി. മുകുന്ദന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.