കെയർ ഹോം : രണ്ടാംഘട്ടത്തിൽ 14 ജില്ലകളിലും ഭവനസമുച്ചയങ്ങൾ
സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയിൽ രണ്ടാം ഘട്ടമായി സംസ്ഥാനത്തെ 14 ജില്ലകളിലും ലൈഫ് മിഷൻ നിർദ്ദേശിച്ച സ്ഥലത്ത് ഭവനസമുച്ചയങ്ങൾ നിർമ്മിച്ചു നൽകുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു. ഇതിന്റെ ഭാഗമായി പാലക്കാട് കണ്ണൂർ ജില്ലകളിൽ ഭവനസമുച്ചയങ്ങളുടെ നിർമ്മാണം നടന്നുവരുന്നുണ്ട്. പാലക്കാട് ജില്ലയിൽ കണ്ണാടി വില്ലേജിൽ 28 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഭവനസമുച്ചയത്തിന്റെ നിർമ്മാണം നടന്നുവരുന്നു. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ പന്നിയൂർ വില്ലേജിൽ 18 കുടുംബങ്ങൾക്കുള്ള ഭവനസമുച്ചയത്തിന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.
2018- 2019 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലും വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനാണ് കെയർ ഹോം പദ്ധതി രണ്ടാം ഘട്ടം ആസൂത്രണം ചെയ്തിട്ടുള്ളത്. തൃശൂർ ജില്ലയിൽ പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ 40 കുടുംബങ്ങൾക്ക് വസിക്കാൻ കഴിയുന്ന ഭവനസമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് കൈമാറിയെന്നും മന്ത്രി സഭയെ അറിയിച്ചു.