സഹകാരി സാന്ത്വനം പദ്ധതിയിലൂടെ സംസ്ഥാനത്ത് 1,22,18,500 രൂപ അനുവദിച്ചു
നിരാലംബരും അശരണരുമായ സഹകാരികൾക്ക് ആശ്വാസമേകുന്നതിനായി സഹകാരി സാന്ത്വനം പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ 1,22,18,500 രൂപ അനുവദിച്ചു. നിരാലംബരും അശരണരുമായ സഹകാരികൾക്ക് ആശ്വാസമേകുന്നതിനായിട്ടാണ് സഹകാരി സാന്ത്വനം പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതി കാലോചിതമായി പരിഷ്ക്കരിച്ചിട്ടുണ്ട്. വളരെ കാലമായി പ്രവർത്തിച്ചവരോ, പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയവരും സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിൽ ഉൾപ്പെട്ട സഹകരണ സംഘത്തിന്റെ ഭരണസമിതിയിൽ രണ്ട് തവണയെങ്കിലും അംഗമായിരിക്കുകയും ഇപ്പോൾ അവശത അനുഭവിക്കുകയും ചെയ്യുന്നവരും, വാർഷിക വരുമാനം 3,00,000/- രൂപയിൽ (മൂന്ന് ലക്ഷം) താഴെയുള്ളവരുമായ സഹകാരികൾക്ക് സഹകാരി സാന്ത്വനം പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് അപേക്ഷിക്കുന്ന ഗുണഭോക്താക്കൾ സഹകരണ മേഖലയിലെ അവരുടെ പ്രവർത്തന വൈകല്യംമൂലം ഒരുവിധ നടപടിയും നേരിടാത്തവർ ആയിരിക്കണം. സഹകാരികൾക്ക് ചികിത്സയ്ക്കായി പരമാവധി 50,000/-രൂപയും സഹകാരികൾ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക്/ആശ്രിതർക്ക് പരമാവധി 25,000/- രൂപയും ധനസഹായം ലഭ്യമാകും.