Deposit mobilization: Co-operative banks with record gains, raise fresh deposits of Rs 23263.73 crore

നിക്ഷേപ സമാഹരണം: റെക്കോർഡ് നേട്ടവുമായി സഹകരണബാങ്കുകൾ, 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം സമാഹരിച്ചു

സഹകരണമേഖലയുടെ കരുത്ത് വെളിവാക്കി റെക്കോർഡ് നേട്ടവുമായി സഹകരണ ബാങ്കുകൾ. 44 മത് നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ തുക സമാഹരിക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞു. ‘സഹകരണ നിക്ഷേപം നവകേരള നിർമ്മിതിക്കായ്’ എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച 44–)മത് നിക്ഷേപ സമാഹരണ ക്യാമ്പയിൻ ജനുവരി 10 മുതൽ 2024 ഫെബ്രുവരി 12 വരെ ആയിരുന്നു. 9000 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. അതിൽ 7000 കോടി 14 ജില്ലകളിൽ നിന്നും 2000 കോടി രൂപ കേരളാ ബാങ്ക് വഴിയും സമാഹരിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി 12.02.2024 വരെ ആകെ 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം സമാഹരിക്കുവാൻ സാധിച്ചിട്ടുണ്ട്.

അതിൽ 20055.42 കോടി രൂപ ജില്ലകളിലെ സഹകരണ ബാങ്കുകളും 3208.31 കോടി രൂപ കേരളാ ബാങ്കുമാണ് സമാഹരിച്ചത്. എറ്റവും കൂടുതൽ പുതിയ നിക്ഷേപം സമാഹരിക്കാൻ സാധിച്ചത് കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകൾക്കാണ്. 850 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4347.39 കോടി രൂപ സമാഹരിക്കാൻ കോഴിക്കോട് ജില്ലക്കായി. രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം ജില്ല 2692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു (ടാർജറ്റ് 800 കോടി) , മൂന്നാം സ്ഥാനത്തുള്ള കണ്ണൂർ ജില്ലയിൽ 2569.76 കോടി രൂപയുടെ നിക്ഷേപം എത്തിച്ചേർന്നു (ലക്ഷ്യമിട്ടിരുന്നത് 1100 കോടി രൂപ), നാലാം സ്ഥാനത്തുള്ള പാലക്കാട് ജില്ല 1398.07 കോടി രൂപയും ( ടാർജറ്റ് 800 കോടിരൂപ), അഞ്ചാം സ്ഥാനത്ത് എത്തിയ കൊല്ലം 1341.11 കോടി രൂപയുമാണ് (ടാർജറ്റ് 400 കോടിരൂപ) പുതുതായി സമാഹരിച്ചത്. മറ്റു ജില്ലകളിലെ നിക്ഷേപ വിവരങ്ങൾ, ടാർജറ്റ് ബ്രാക്കറ്റിൽ തിരുവനന്തപുരം 1171.65 കോടി (ടാർജറ്റ് 450 കോടി രൂപ), പത്തനംതിട്ട 526.90 കോടി ( ടാർജറ്റ് 100 കോടി രൂപ), ആലപ്പുഴ 835.98 കോടി (ടാർജറ്റ് 200 കോടി രൂപ), കോട്ടയം 1238.57 കോടി ( ടാർജറ്റ് 400 കോടി രൂപ), ഇടുക്കി 307.20 കോടി (ടാർജറ്റ് 200 കോടി രൂപ), എറണാകുളം 1304.23 കോടി രൂപ ( ടാർജറ്റ് 500 കോടി രൂപ), തൃശൂർ 1169.48 കോടി രൂപ ( ടാർജറ്റ് 550 കോടി രൂപ), കോഴിക്കോട് 4347.39 കോടി ( ടാർജറ്റ് 850 കോടി രൂപ), വയനാട് 287.71 കോടി രൂപ ( ടാർജറ്റ് 150 കോടി രൂപ), കാസർഗോഡ് 865.21 കോടി രൂപ ( ടാർജറ്റ് 350 കോടി രൂപ), 2000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടിരുന്ന കേരളബാങ്ക് ഇക്കാലയളവിൽ 3208.31 കോടി രൂപയാണ് സമാഹരിച്ചത്.