യുവാക്കൾക്ക് വായ്പാപദ്ധതിയും യുജനസംഘങ്ങളും രൂപീകരിച്ച് സഹകരണ വകുപ്പ്
സംസ്ഥാനത്തൊട്ടാകെ വിവിധ ജില്ലകളിലായി 32 യുവജന സഹകരണ സംഘങ്ങൾ രൂപീകരിച്ച് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി സഹകരണ വകുപ്പ്. നൂതന ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിൽ തത്പരരുമായ സഹകരണ മൂല്യങ്ങളിൽ വിശ്വസിക്കുന്ന യുവ ജനങ്ങൾക്ക് സാമൂഹ്യ സാമ്പത്തിക, സാംസ്കാരിക പുരോഗതി കൈവരിക്കുന്നതിനായി സംരംഭങ്ങൾ ആരംഭിക്കുക ആയത് വഴി യുവജനങ്ങളെ സഹകരണ മേഖലയിലേയ്ക്ക് ആകർഷിക്കുക, കൂടതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നുള്ളതാണ് യുവ സഹകരണ സംഘങ്ങൾ രൂപീകരിച്ചതിലൂടെ ലക്ഷ്യമിട്ടത്. ഈ സംഘങ്ങളുടെ പ്രാരംഭ പ്രവർത്തനത്തിനായി ഒരു സംഘത്തിന് 10 ലക്ഷം രൂപ വീതം അനുവദിച്ച് നൽകുകയും ചെയ്തു.
കോട്ടയം ജില്ലയിലെ വെളിയന്നൂർ ആസ്ഥാനമാക്കി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച ഇ നാട് യുവജന സഹകരണ സംഘം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിച്ചു നൽകുന്ന രംഗത്ത് വേറിട്ട മാതൃക സൃഷ്ടിച്ച് മുന്നോട്ട് പോകുന്നു. തിരുവനന്തപുരം ജില്ലയിൽ രജിസ്റ്റർ ചെയ്ത വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രീണേഴ്സ് സഹകരണ സംഘം മണ്ഡലത്തിലെ വീടുകളിൽ വാതിൽപ്പടി സേവനം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനം നടത്തി വരുന്നു.
കൊല്ലം ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിസ്റ്റ് വെൽഫെയർ യൂത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മീഡിയ പ്രൊഡക്ഷൻ മേഖലയിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി വരുന്ന യുവജന സഹകരണ സംഘങ്ങൾ ഉണ്ടെന്നും മന്ത്രി മറുപടിയിൽ ചൂണ്ടിക്കാട്ടി.
യുവജനങ്ങളുടെ തൊഴിലവസരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ 35 വയസ്സിൽ താഴെയുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി കേരള ബാങ്ക് മുഖേന യുവ മിത്ര എന്ന വായ്പ പദ്ധതിയും സഹകരണവകുപ്പ് നടപ്പിലാക്കിയിരിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ 40 ലക്ഷം രൂപ വരെ നൽകുന്ന ഈ വായ്പ ഉത്പാദന/സേവന/വ്യാപാര രംഗത്തെ ചെറുകിട ഇടത്തരം സംരംഭകങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾക്ക് സ്വയം തൊഴിലിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ സഹായിക്കുന്നുണ്ട്.
ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ സ്വാശ്രയത്വവും, സാമൂഹിക, സാമ്പത്തിക സുരക്ഷയും ലക്ഷ്യമാക്കിക്കൊണ്ട് ട്രാൻസ്ജന്റേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. കച്ചവട വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികളുടെ സാമ്പത്തിക ആവശ്യങ്ങൾ നേടുന്നതിനും, പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഷോപ്സ് & കൊമേഴസ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ്&ഗിഗ് വർക്കേഴ്സ് വെൽഫെയർ ഫെഡറൽ സഹകരണ സംഘം (കേരള സ്റ്റേറ്റ് ഷോപ്കോസ് ഫെഡ്) എന്ന പേരിൽ 63003 സഹകരണ സംഘവും രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നുവെന്നും മന്ത്രി പറഞ്ഞു. എം എൽ എ മാരായ വി ജോയി സി എച്ച് കുഞ്ഞമ്പു , കെ കെ രാമചന്ദ്രൻ, ഒ എസ് അംബിക എന്നിവരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
വനികൾക്കായി വിവിധ വായപ് വ്യവസായ പദ്ധതികളുമായി സഹകരണ വകുപ്പ്
കേരളത്തിലെ വനിതകളുടെ വരുമാനം വർദ്ധിപ്പിക്കുക, അവരിൽ സ്വാശ്രയ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞ പലിശനിരക്കിൽ അവർക്കായി വായ്പാ പദ്ധതികളടക്കം ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതായി നിയമസഭയിൽ ചോദ്യത്തിന് ഉത്തരം നൽകി.
കേരള ബാങ്ക് മുഖേന കുറഞ്ഞ പലിശ നിരക്കിൽ വനിതകൾക്ക് 5 ലക്ഷം രൂപ വരെ സംരംഭക വായ്പകൾ അനുവദിച്ചു വരുന്നു. കൂടാതെ വനിതകൾക്ക് ഇലക്ട്രിക് ഉൾപ്പെടെയുള്ള വാഹനം വാങ്ങുന്നതിന് 2 ലക്ഷം രൂപ വരെയുള്ള ഷീ ടൂ വീലർ വായ്പയും നൽകി വരുന്നു.
സഹജ മൈക്രോ ഫിനാൻസ് എന്ന സ്ക്രീമിൽ വനിതകളുടെ വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംരംഭകർക്ക് വേണ്ടി തുടങ്ങിയ വായ്പ പദ്ധതിയാണ് കെ ബി സഹജ. ഇതിലൂടെ 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ എസ് എച്ച് ജി വായ്പയായി നൽകി വരുന്നത്.
കേരളത്തിലെ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന ചുമട്ടുതൊഴിലാളികൾക്ക് വേണ്ടി 3 ലക്ഷം രൂപ വരെ പരസ്പര ജാമ്യത്തിൽ വായ്പ നൽകി വരുന്നു. സ്ത്രീ ശാക്തീകരണം തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള വായപ് പദ്ധതിയും കേരളാബാങ്കിലൂടെ നടപ്പിലാക്കി വരുന്നു
വനിത സഹകരണ സംഘങ്ങൾക്കും കേരള സംസ്ഥാന വനിതാ സഹകരണ ഫെഡറേഷനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രത്യേക പ്രോജക്ടുകൾ നടപ്പിലാക്കാനുള്ള സഹായം നൽകുന്നതിനായി 2023-24 സാമ്പത്തികവർഷം 89.56 ലക്ഷം രൂപ വിവിധ വനിതാസഹകരണ സംഘങ്ങൾക്ക് അനുവദിച്ച് നൽകിയിട്ടുണ്ട് സമൂഹത്തിന്റെ സാമൂഹ്യവും,
സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്നതിനുതകുന്ന തരത്തിൽ അവർക്കുവേണ്ടി സംയോജിത വായ്പ/സേവന പ്രവർത്തനങ്ങൾ അംഗ സംഘങ്ങൾ വഴി നടപ്പാക്കുക എന്നതാണ് വനിതാഫെഡറേഷന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ലക്ഷ്യം പ്രാവർത്തികമാക്കുന്നതിനു വേണ്ടി അംഗ സംഘങ്ങൾക്ക് വിവിധ പദ്ധതികൾക്ക് വായ്പ നൽകിവരുന്നു.
യുവവനിതകളെ സഹകരണമേഖലയിൽ മുന്നോട്ട് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മൂന്ന് യുവവനിതാ സഹകരണ സംഘം കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യവസായ വകുപ്പുമായി സഹകരിച്ച് വനിതാ സഹകരണ സംഘങ്ങളെ ഉല്പാദന യൂണിറ്റുകളാക്കി മാറ്റുക എന്ന പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച വരുന്നു.
കേരള സംസ്ഥാന സഹകരണ ബാങ്ക്/അർബൻ സഹകരണ ബാങ്കുകൾ/പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന ‘സഹകരണം സൗഹൃദം’ എന്ന പേരിൽ ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 3 ലക്ഷം രൂപ വായ്പാ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കി.