എല്ലാ ജില്ലയിലും ഒരു വ്യവസായ പാർക്ക് ആരംഭിക്കും
സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചി മറൈൻഡ്രൈവിൽ സംഘടിപ്പിച്ച ‘സഹകരണ എക്സ്പോ 2023’ ആരംഭിച്ചു. ഏപ്രിൽ 22 മുതൽ ഏപ്രിൽ 30 വരെ 9 ദിവസങ്ങളിലായാണ് എക്സ്പോ നടക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിൽ സഹകരണ മേഖലയുടെ ശാസ്ത്രീയമായ പുനസംഘടനയാണ് നടന്നുവരുന്നത്. അതിനാവശ്യമായ നിയമ നിർമ്മാണം, ഉത്പാദന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമം, മറ്റ് വകുപ്പുകളുമായുള്ള ഏകോപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നു. കേരളത്തിലെ സഹകരണ പ്രസ്ഥാനം സാമ്പത്തിക, കാർഷിക, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഇടപെടുകയും ക്രിയാത്മകവും ഗുണപരവുമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.സഹകരണ മേഖലയിലെ നിക്ഷേപം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വികസിപ്പിക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. ഇത് മറികടക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇത് ലക്ഷ്യമിട്ട് വ്യവസായ സഹകരണ സംഘങ്ങളുടെ യോഗം ചേർന്ന് ചർച്ചകൾ നടത്തി. ഉത്പാദന മേഖലയിൽ സഹകരണ പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്താനാണ് ശ്രമം നടക്കുന്നത്.സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും ഒരു വ്യവസായ പാർക്ക് ആരംഭിക്കും. രണ്ടെണ്ണം ഈ വർഷം തന്നെ ആരംഭിക്കും. വ്യവസായ വകുപ്പ് സ്വകാര്യ പാർക്കുകൾക്ക് നൽകുന്ന ഇൻഫ്രാസ്ട്രക്ചർ ഇൻസെന്റീവായ മൂന്ന് കോടി രൂപ വരെ സഹകരണ പാർക്കുകൾക്ക് നൽകാനും തീരുമാനിച്ചു. കേരളത്തിൽ രണ്ട് മെഗാ ഭക്ഷ്യസംസ്കരണ പാർക്കുകൾ ചേർത്തലയിലും പാലക്കാടും ആരംഭിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ 11 സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിച്ചു. മുഖ്യമന്ത്രി ചെയർമാനായും കൃഷി, വ്യവസായ വകുപ്പു മന്ത്രിമാർ ഉപാധ്യക്ഷന്മാരായും മൂല്യവർധിത ഉത്പന്നങ്ങൾക്കായി പ്രത്യേക മിഷൻ രൂപീകരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഭക്ഷ്യസംസ്കരണ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകും. സംസ്ഥാനത്തെ ആഭ്യന്തര വളർച്ച നിരക്കിനേക്കാൾ (ജി.ഡി.പി)വ്യവസായിക വളർച്ച നിരക്ക് കൈവരിക്കാൻ 2022-23 സാമ്പത്തിക വർഷം സംസ്ഥാനത്തിന് സാധിച്ചു. 17.3 ശതമാനം വ്യവസായിക വളർച്ച നിരക്കും 12 ശതമാനം ആഭ്യന്തര വളർച്ച നിരക്കും ആണ് സംസ്ഥാനം കൈവരിച്ചത്. ഉല്പാപാദനരംഗത്ത് നിരവധി വ്യവസായ സംരംഭങ്ങളാണ് കഴിഞ്ഞവർഷം സംസ്ഥാനത്ത് ആരംഭിച്ചത്. ഉല്പാദന രംഗത്ത് വൻ സാധ്യതകളാണ് കേരളത്തിലുള്ളത്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് 22 മേഖലകൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ട് പുതിയ വ്യവസായ നയം സർക്കാർ രൂപീകരിച്ചത്. രാജ്യത്ത് തന്നെ ശ്രദ്ധേയമായ കേരള മോഡൽ വികസനം നിലനിർത്തിക്കൊണ്ട് പോകുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കേരള മോഡലിലെ ഗുണങ്ങൾ ശക്തിപ്പെടുത്തിയും ദൗർബല്യങ്ങൾക്ക് പരിഹാരം കണ്ടുമുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യ വിദ്യാഭ്യാസ പശ്ചാത്തല വികസന മേഖലയിൽ വൻ വികസന കുതിപ്പ് സാധ്യമായി. വ്യവസായ വകുപ്പ് ആരംഭിച്ച ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതികളുടെ ഭാഗമായി 1.38 ലക്ഷം സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ഇതിൽ കൂടുതലും മൂല്യ വർധിത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് .സ്ത്രീകളാണ് കൂടുതലും സംരംഭങ്ങൾ ആരംഭിച്ചത്. വിദ്യാർത്ഥികൾക്ക് പഠനത്തിനോടൊപ്പം ബന്ധപ്പെട്ട മേഖലയിൽ തൊഴിൽ ചെയ്യുന്നതിന് കലാലയങ്ങളോട് ചേർന്ന് വ്യവസായ പാർക്കുകൾ നിർമ്മിക്കാനുള്ള ലക്ഷ്യത്തിലാണ് സർക്കാർ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് നടത്താൻ കഴിയുന്ന ഇടപെടലുകളെ കുറിച്ച് സെമിനാറിൽ ചർച്ച ചെയ്തു. ഉല്പാദന മേഖലയെ മുന്നോട്ടു നയിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾ നടത്തേണ്ട ഇടപെടലുകളെ കുറിച്ചും അടിസ്ഥാന സൗകര്യ പശ്ചാത്തല വികസന മേഖലകളിൽ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രാധാന്യങ്ങളെക്കുറിച്ചും സെമിനാറിൽ ചർച്ചയായി.