* ബജറ്റ് ലക്ഷ്യത്തേക്കാൾ 1137 കോടിയുടെ അധിക വരുമാനം
* എട്ട് വർഷത്തിന് ശേഷം ആധാരങ്ങളുടെ എണ്ണം 10 ലക്ഷ്ം കടന്നു
ബജറ്റ് ലക്ഷ്യം വച്ചതിനേക്കാൾ 1137.87 കോടി രൂപയുടെ അധിക വരുമാനം നേടി രജിസ്ട്രേഷൻ വകുപ്പ്. 2022-23 സാമ്പത്തിക വർഷത്തിൽ 5662.12 കോടി രൂപയാണ് വരുമാനം. ബജറ്റ് ലക്ഷ്യം വച്ചതാകട്ടെ 4524.25 കോടി രൂപയായിരുന്നു. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 4138.57 കോടി രൂപയും രജിസ്ട്രേഷൻ ഫീസിനത്തിൽ 1523.54 കോടി രൂപയുമാണ് നേടിയത്. എട്ട് വർഷങ്ങൾക്ക് ശേഷം ആധാരങ്ങളുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഇതിനു മുമ്പ് 2014 -15 ൽ 10,53,918 ആധാരങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. ഇത്തവണ 10,36,863 ആധാരങ്ങൾ രജിസ്റ്റർ ചെയ്തു. 2021-22 സാമ്പത്തിക വർഷം 9,26,487 ആധാരങ്ങൾ രജിസ്റ്റർ ചെയ്യുകയും 4431.89 കോടി വരുമാനം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തവണ 1,10,376 ആധാരങ്ങൾ അധികം രജിസ്റ്റർ ചെയ്തു. വരുമാനത്തിൽ 1230.23 കോടി രൂപയുടെ വർദ്ധന സൃഷ്ടിക്കുകയുമുണ്ടായി.
വരുമാനത്തിൽ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ വരുമാനം നേടിയത് വയനാട് ജില്ലയാണെങ്കിലും ബജറ്റ് ലക്ഷ്യം പൂർണമായും കൈവരിക്കാൻ കഴിഞ്ഞു. എല്ലാ ജില്ലകളും ബജറ്റ് ലക്ഷ്യം മറികടക്കുന്നതിന് കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടത്തിയത്.
ന്യായവില വർദ്ധന മുന്നിൽ കണ്ട് മാർച്ച് മാസം രജിസ്ട്രേഷനുകളുടെ എണ്ണം കൂടിയിരുന്നു. 1,37,906 ആധാരങ്ങളാണ് മാർച്ചിൽ മാത്രം രജിസ്റ്റർ ചെയ്തത്. 950.37 കോടി രൂപയുടെ വരുമാനവും നേടി. 2022 മാർച്ചിൽ 1,16,587 ആധാരങ്ങളായിരുന്നു രജിസ്റ്റർ ചെയ്തത്. വരുമാനമാകട്ടെ 627.97 കോടി രൂപയും. ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ ബജറ്റ് ലക്ഷ്യം വച്ചതിനേക്കാൾ കൂടുതൽ വരുമാനം നേടിയിരുന്നു. മാർച്ച് മാസത്തിലുണ്ടാകാനിടയുള്ള രജിസ്ട്രേഷനുകളുടെ വർദ്ധന കണക്കിലെടുത്ത് ഓൺലൈൻ സംവിധാനമായ പിഇഎആർഎൽ തടസം കൂടാതെ പ്രവർത്തിക്കുന്നതിനുള്ള മുൻകരുതൽ രജിസ്ട്രേഷൻ വകുപ്പ് സ്വീകരിച്ചിരുന്നു. തടസങ്ങളുണ്ടായാൽ പരിഹരിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതാണ് തടസ രഹിതമായ സേവനത്തിന് സഹായകമായത്.