വിഷു, ഈസ്റ്റര്‍, റംസാന് സഹകരണ വിപണി ഉദ്ഘാടനം ചെയ്തു
വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഫലപ്രദമായ നടപടി : മുഖ്യമന്ത്രി
രൂക്ഷമായ വിലക്കയറ്റത്തില്‍ ആശ്വാസമായി സഹകരണ സ്ഥാപനങ്ങള്‍ രംഗത്തെന്ന് മന്ത്രി വി.എന്‍. വാസവന്
വിലക്കയറ്റം പടിച്ചു നിര്‍ത്താനുള്ള ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റര്‍, റംസാന് സഹകരണ വിപണി ഉദ്ഘാടനം ചെയ്തു സംസാരിക്കകുയായിരുന്നു അദ്ദേഹം. 2016 മുതല്‍ 13 ഇനം അവശ്യ സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്കു നല്കി വരുന്നു. സാമ്പത്തിക സ്ഥിതി മെച്ചമായത് കൊണ്ടല്ല, നാടിന്റെ പ്രയാസം കഴിയാവുന്നത്ര ലഘൂകരിക്കുന്നതിനാണ് പൊതു വിപണിയില്‍ ഇടപെടല്‍ നടത്തുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന് ചില ഘട്ടങ്ങളില്‍, ചില കാര്യങ്ങളില്‍ മാത്രമാണ് ബജറ്റ് പിന്തുണയാണുള്ളത്. എന്നാല്‍ അര്പ്പണബോധത്തോടെസ്തുത്യര്ഹമായി ഇടപെടല്‍ നടത്തുകയാണ് കണ്‍സ്യൂമര്‍ഫെഡ്. നേരത്തെയുണ്ടായിരുന്ന കുറവുകള്‍ പരിഹരിച്ചാണ് കണ്‍സ്യൂമര്‍ഫെഡ് മുന്നോട്ട് പോകുന്നത്. ജനങ്ങള്‍ നല്ല പിന്തുണയും നല്‍കുന്നുണ്ട്. സ്വാഭാവികമായും സഹകരണ വിപണിക്കും നല്ല പിന്തുണ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിലക്കയറ്റത്തിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊതു വിപണിയില്‍ വില കയറുന്നു. ആ ഘട്ടത്തില്‍ ഇത്തരം ഇടപെടലുകളിലൂടെ ജനങ്ങള്‍ക്ക് കഴിയാവുന്നത്ര ആശ്വാസം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സഹകരണ സംഘങ്ങള്‍ ഇതില്‍ നല്ല പങ്കു വഹിക്കുന്നു. അടുത്ത കാലത്ത് കാര്‍ഷിക ഉല്‍പ്പന്ന വര്‍ദ്ധനയ്ക്കുള്ള ശ്രമങ്ങളും സജീവമാണ്. പച്ചക്കറിയുടെ കാര്യത്തില്‍ നമ്മുടെ നാട് സ്വയം പര്യാപ്തയിലേയ്ക്ക് എത്തിയിരിക്കുന്നു. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ സഹകരണ മേഖലയ്ക്ക് നല്ല പങ്കു വഹിക്കാനാകും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനയ്ക്കായി കൃഷി, തദ്ദേശം, സഹകരണം, വ്യവസായം വകുപ്പുകള്‍ യോജിച്ചുള്ള പ്രവര്‍ത്തനം നടത്തുകയാണ്. ഇത് നാട്ടില്‍ പൊതുമാറ്റമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ പ്രസ്ഥാനം ജനജീവിതത്തിന്റെ സമസ്ത മേഖലയിലും ശക്തമായ ഇടപെടല്‍ നടത്തി മുന്നോട്ടു പോകുകയാണെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വിശേഷ അവസരങ്ങളില്‍ പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ആശ്വാസവുമായി രംഗത്തു വരുന്നത് സഹകരണ പ്രസ്ഥാനങ്ങളാണ്. 800 ല്‍പ്പരം ചന്തകളാണ് കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയാണ്. കോവിഡ് മഹാമാരി വേട്ടയാടിയ സമയത്ത് പള്‍സ് ഓക്സി മീറ്റര്‍ അവശ്യ ഘടകമായിരുന്നു. അന്ന് 3000 രൂപയായിരുന്നു പൊതുവിപണിയിലെ വില. എന്നാല്‍ കണ്‍സ്യൂമര്‍ ഫെഡ് ആദ്യം 920 രൂപയ്ക്കും പിന്നീട് 500 രൂപയ്ക്കും വിതരണം ചെയ്തു. പൊതു വിപണിയില്‍ കച്ചവടക്കാര്‍ പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനം സ്വീകരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത് കണ്‍സ്യൂമര്‍ ഫെഡും സഹകരണ സ്ഥാപനങ്ങളുമാണ്. വിശേഷ അവസരങ്ങള്‍ ആഘോഷ ഭരിതമാക്കാന്‍ പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.റംസാന് കിറ്റിന്റെയും സബ്സിഡി കിറ്റിന്റെയും ആദ്യവില്‍പ്പനയും മുഖ്യമന്ത്രി നടത്തി.