രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലര്‍ത്തുകയും ജീവിതയാഥാർഥ്യങ്ങളെ സർഗ്ഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എന്‍.എസ്. മാധവന് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. എസ്.കെ. വസന്തന്‍ ചെയര്‍മാനായും ഡോ.ടി.കെ. നാരായണന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളായും സി.പി. അബൂബക്കര്‍ മെംബര്‍ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. എന്‍.എസ്. മാധവന്‍ 1948-ല്‍ എറണാകുളത്ത് ജനിച്ച എന്‍.എസ്. മാധവന്‍ മഹാരാജാസ് കോളെജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളെജ്, കേരള സര്‍വ്വകലാശാല എക്കണോമിക്സ് വിഭാഗം എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1975-ല്‍ ഐ.എ.എസ്. ലഭിച്ചു. കേരള സര്‍ക്കാര്‍ ധനകാര്യവകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറി ആയിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, പത്മപ്രഭാപുരസ്കാരം, മുട്ടത്തുവര്‍ക്കി പുരസ്കാരം എന്നിവ നേടി. ലന്തന്‍ബത്തേരിയിലെ ലുത്തിനിയകളുടെ വിവർത്തനമായ Litanies of Dutch Battery വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും നല്ല ഇംഗ്ലീഷ് നോവലിനുള്ള ക്രോസ്‌വേഡ് പുരസ്കാരം നേടി. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുള്ള സംഭവവികാസങ്ങളെ ആസ്പദമാക്കി രചിച്ച വന്‍മരങ്ങള്‍ വീഴുമ്പോൾ എന്ന ചെറുകഥയെ ആസ്പദമാക്കി കായാതരണ്‍ എന്ന ഹിന്ദി ചലച്ചിത്രം പുറത്തിറങ്ങി.