As part of the 100-day action plan, 7 projects of the Cooperation Department were inaugurated

സംസ്ഥാന ഗവൺമെന്റിന്റെ മൂന്നാം 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 7 പദ്ധതികൾ ഉൽഘാടനം ചെയ്തു. പാപ്പിനിവട്ടം എസ്. സി.ബിയുടെ വിവിധ ഇനം എൽ.ഇ.ഡി. ലൈറ്റുകൾ, റബ്കോയുടെ മാഗസിൻ റാക്ക്, ബീച്ച്ചെയർ, ട്രാവൽ മാട്രസ്സ്, പില്ലോ എന്നിവയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി സഹകരണ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന പദ്ധതിയിൽ ആമസോൺ പ്ലാറ്റ്ഫോം വഴി വിപണിയിലെത്തിക്കുന്നത്
സഹകരണ ബാങ്കുകളുടെ/സംഘങ്ങളുടെ ആർബിട്രേഷൻ കേസ് ഫയലുകൾ തീർപ്പാക്കുന്നതിന് ആർബിട്രേഷൻ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനവും, നൈപുണ്യവികസന വായ്പാ പദ്ധതി, ടീം ആഡിറ്റ് സംവിധാനം എന്നിവയുടെ പ്രഖ്യാപനവും നടന്നു.

സഹകരണ ബാങ്കുകളുടെ/സംഘങ്ങളുടെ ആർബിട്രേഷൻ കേസ് ഫയലുകൾ തീർപ്പാക്കുന്നതിന് പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആർബിട്രേഷൻ കേസുകൾ തീർപ്പാക്കുന്നതിനായി തീവ്രയജ്ഞ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ സാധാരണക്കാരായ വിദ്യാർഥികളേയും യുവാക്കളേയും തൊഴിലന്വേഷകരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി സഹകരണ വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന പുതിയ വായ്പാ പദ്ധതിയാണ് നൈപുണ്യവികസന വായ്പാ പദ്ധതി.

സഹകരണമേഖലയിലെ ആഡിറ്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും, ആഡിറ്റ് സമകാലികമാക്കുന്നതിനും അതിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും വേണ്ടി സഹകരണവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ടീം ആഡിറ്റ്. ജനാധിപത്യ ഭരണനിയന്ത്രണം എന്ന തത്വത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ ഗിഗ്/പ്ലാറ്റ് ഫോം വർക്കർ, കടയിലും വാണിജ്യ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികൾ എന്നിവരുടെ ക്ഷേമത്തിനായി രൂപീകരിച്ച കേരള സ്റ്റേറ്റ് ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് & ഗിഗ് വർക്കേഴ്സ് വെൽഫെയർ ഫെഡറൽ സഹകരണസംഘത്തിന്റെ പ്രവർത്തനം എന്നിവ ആരംഭിച്ചു. തൊഴിൽ വകുപ്പ് തൊഴിലാളികളിൽ നിന്നും മെമ്പർഷിപ്പ് ചേർക്കുന്നതും ആരംഭിച്ചു.

ടെക്നോപാർക്ക് എംപ്ലോയീസ് കോപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ എക്സ്റേ മാമോഗ്രാം മെഷീനുകളുടെ പ്രവർത്തന ആരംഭിച്ചു. കേരള സ്റ്റേറ്റ് ഐടി പ്രൊഫഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി.