Government intervention expedited the Sabarimala masterplan

സർക്കാർ ഇടപെടൽ ശബരിമല മാസ്റ്റർപ്ലാൻ വേഗത്തിലാക്കി

ശബരിമല മാസ്റ്റർപ്ലാൻ പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികൾ വേഗത്തിലാക്കാൻ സർക്കാർ കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ടന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിയമസഭയെ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി പോലീസ്, കെ.എസ്.ആർ.റ്റി.സി. ഉദ്യോഗസ്ഥർക്ക് ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവ വേളയിൽ നിലയ്ക്കൽ ബേസ് ക്യാമ്പിൽ താമസിക്കുന്നതിനുള്ള കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിച്ച് വരികയാണ്.
കൂടാതെ പമ്പ വിനായക ഗസ്റ്റ് ഹൗസിന്റെ നവീകരണ പ്രവൃത്തികൾ അടുത്ത ശബരിമല സീസൺ ആരംഭിക്കുന്നതിന് മുൻപായി പൂർത്തീകരിക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നു. ശബരിമലയിലെ ടോയ്ലറ്റ് ബ്ലോക്കിന്റെ സംരക്ഷണ ഭിത്തി നിർമ്മാണവും സീസൺ ആരംഭിക്കുന്നതിന് മുൻപ് പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടി കൈക്കൊണ്ടിട്ടുണ്ട്.

നിലയ്ക്കൽ ബേസ് ക്യാമ്പിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലയ്ക്കൽ ബേസ് ക്യാമ്പിനുള്ളിലെ കോർ ഏരിയയുടെ വികസനത്തിന് 28.4 കോടി രൂപയുടെ ഭരണാനുമതിയും കുന്നാർ ഡാമിൽ നിന്നും ശബരിമലയിലേക്ക് പുതിയ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി 9.94 കോടി രൂപയുടെ ഭരണാനുമതിയും പമ്പയ്ക്കും വലിയ നടപ്പന്തലിനും ഇടയിലുള്ള വഴിയിൽ ഖരമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഉരുക്ക് കൂടുകൾ നിർമ്മിച്ച് (കാട്ട് പന്നി അക്രമങ്ങളിൽ നിന്നുമുള്ള സംരക്ഷണാർത്ഥം) രണ്ട് ബിൻ മാലിന്യ സംവിധാനം നടപ്പിലാക്കുന്നതിന് 35 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്.

പമ്പ റെസ്ക്യു ബ്രിഡ്‌ജിന്റെ ഡി.പി.ആർ, ശബരിമല അഗ്നി സുരക്ഷാ സംവിധാനങ്ങളുടെ ഡി.പി.ആർ, നിലയ്ക്കൽ ബേസ് ക്യാമ്പിനുള്ളിലെ റോഡുകളുടെയും അനുബന്ധ പ്രവൃത്തികളുടെയും ഡി.പി.ആർ എന്നിവ തയ്യാറായിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.

എം.മുകേഷ്, തോട്ടത്തിൽ രവീന്ദ്രൻ, എം.എസ്. അരുൺകുമാർ, പി.വി. ശ്രീനിജൻ എന്നീ എംഎൽഎമാരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യങ്ങൾ സഭയെ അറിയിച്ചത്.