നിറപ്പകിട്ടാർന്ന സ്‌കൂൾ വിപണിയിൽ സഹകരണ സംഘങ്ങൾക്കും നേട്ടം. വിലക്കുറവിന്റെ സ്റ്റുഡന്റ് മാർക്കറ്റ് ഒരുക്കിയ സഹകരണമേഖലയിൽ റെക്കാഡ് വ്യാപാരമാണ് നടന്നത്. ഇത്തവണ കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ 512 സ്റ്റുഡന്റ് മാർക്കറ്റുകളാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇതിലൂടെ മാത്രമുള്ള വ്യാപാരം 7.5 കോടി രൂപയാണ്. കഴിഞ്ഞവർഷം ഈ സമയത്ത് 6.5 കോടി രൂപയുടെ വ്യാപാരമാണ് നടന്നത്.
2017 മുതലാണ് സ്റ്റുഡന്റ് മാർക്കറ്റുകളിലൂടെ വിൽപ്പന സജീവമായത്. ആ വർഷം 346 വിൽപ്പന കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 5.94 കോടിയായിരുന്നു അന്നത്തെ വിൽപ്പന. കഴിഞ്ഞ വർഷം 400 മാർക്കറ്റുകൾ ജൂൺ അവസാനം വരെ പ്രവർത്തിച്ചപ്പോൾ വിൽപ്പന 7.93 കോടിയായിരുന്നു.
കൺസ്യൂമർഫെഡ് നേരിട്ട് 183 മാർക്കറ്റുകളും, 283 എണ്ണം സംഘങ്ങൾ വഴിയുമാണ് നടത്തുന്നത്. സ്‌കൂൾ സംഘങ്ങൾ വഴി 46 സ്റ്റുഡന്റ് മാർക്കറ്റുകളാണ് നടത്തുന്നത്. ഇതാദ്യമാണ് സ്‌കൂൾ സംഘങ്ങളിലൂടെ സ്റ്റുഡന്റ് മാർക്കറ്റുകൾ നടത്തുന്നത്. ഗുണനിലവാരമുള്ള ത്രിവേണി നോട്ട്ബുക്കുകൾ ഉൾപ്പടെ വിദ്യാർഥികൾക്കാവശ്യമായ മുഴുവൻ പഠന സാമഗ്രികളും ഇക്കുറി കൺസ്യൂമർഫെഡ് മുഖാന്തരം വിൽപ്പനയ്‌ക്കെത്തിയിരുന്നു. പൊതുവിപണിയേക്കാൾ 40 ശതമാനം വരെ വിലക്കുറച്ചായിരുന്നു കൺസ്യൂമർഫെഡിന്റെ വ്യാപാരം. അടുത്ത മൂന്നാഴ്ച്ചകൂടി മാർക്കറ്റുകൾ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കൂടാതെ സംസ്ഥാനത്തെ വിവിധ എംപ്‌ളോയിസ് സൊസൈറ്റികളും സ്‌കൂൾ വിപണികൾ നടത്തുന്നുണ്ട്. വിൽപനയിൽ ലാഭത്തിനപ്പുറം വലിയ വിലകുതിപ്പിൽ നിന്ന് സ്‌കൂൾ വിപണിയെ പിടിച്ചു നിർത്താൻ സഹകരണ മേഖലയുടെ ഇടപെടലുകൾക്ക് കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടം.