Export of value added agricultural products of Cooperative Department

സഹകരണ വകുപ്പിന്റെ മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ വിദേശത്തേക്ക്

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടൺ മൂല്യവർധിത കാർഷിക ഉൽപന്നങ്ങളുടെ ആദ്യ കണ്ടെയ്‌നർ ഫ്ളാഗ് ഓഫ് ചെയ്തു. വല്ലാർപാടം കണ്ടെയ്നർ ട്രാൻസ്ഷിപ്പ് ടെർമിനലിൽ നടന്ന ചടങ്ങിൽ തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി, കാക്കൂർ സഹകരണസംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയടങ്ങിയ കണ്ടെയ്‌നർ ആണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

കേരളത്തിന്റെ കാർഷിക ഉൽപന്നങ്ങൾക്കു വിദേശ രാജ്യങ്ങളിൽ വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കയറ്റുമതി. ഗുണനിലവാരമുള്ള മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ സംസ്‌കരിച്ച് കയറ്റുമതിക്കായി തയ്യാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണു സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 3 സഹകരണ സംഘങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങളാണ് ആദ്യമായി കയറ്റുമതി ചെയ്തത്. അടുത്ത മാസം 30 സഹകരണ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്.