SKOCH Award for 'Care Home', a prestigious project of Cooperative Department

സഹകരണ വകുപ്പിന്റെ അഭിമാന പദ്ധതിയായ ‘കെയർ ഹോം’ പദ്ധതിക്ക് രാജ്യപുരോഗതിക്കായി വേറിട്ട പ്രവർത്തനം കാഴ്ചവെക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ഏർപ്പെടുത്തിയ ദേശീയ പുരസ്കാരമായ സ്കോച് (SKOCH) അവാർഡിന് അർഹമായി.

കോ – ഓപ്പറേഷൻ വിഭാഗത്തിൽ സിൽവർ മെഡലാണ് ലഭിച്ചത്. രാജ്യാന്തര പ്രശസ്തമായ ഒരു സ്വതന്ത്ര സംഘടനയായ സ്കോച് ദേശീയതലത്തിലാണ് ഈ പുരസ്കാരം നൽകുന്നത്. ദേശീയ തലത്തിൽ 100 ലധികം നോമിനേഷനുകളിൽ നിന്നാണ് ഈ പുരസ്കാരം ലഭിച്ചത്. ആറു ഘട്ടങ്ങളിയി നടന്ന പ്രക്രിയയിലൂടെയാണ് അവാർഡ് ജേതാക്കളെ നിർണ്ണയിച്ചത്. കെയർ ഹോം പദ്ധതിയെക്കുറിച്ച് നടത്തിയ അവതരണം, അതിനു ശേഷം നടന്ന ജനകീയ വോട്ടെടുപ്പ്, വിദഗ്ധരടങ്ങുന്ന പാനൽ പരിശോധന, എന്നിങ്ങനെയുള്ള കടമ്പകൾ കടന്നാണ് അഭിമാനകരമായ ഈ അവാർഡ് ലഭിക്കുന്നത്.

2018 ലെ പ്രളയ ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി സഹകരണ വകുപ്പ് തുടങ്ങിയ പദ്ധതിയാണ് കെയർ ഹോം. ആദ്യ ഘട്ടത്തിൽ 2000 വീടുകളാണ് നിർമ്മിച്ച് നൽകാനാണ് തീരുമാനിച്ചത്. ഈ പദ്ധതിയിൽ 2091 വീടുകൾ നിർമ്മിച്ച് നൽകി. രണ്ടാം ഘട്ടത്തിൽ ഭവന രഹിത ഭൂരഹിതർക്കായുള്ള ഫ്ളാറ്റ് സമുച്ചയ പദ്ധതി ആരംഭിച്ചു. തൃശൂർ ജില്ലയിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ 40 വീടുകളുള്ള ഫ്ളാറ്റ് സമുച്ചയം പണിതു നൽകി. ഇപ്പോൾ കണ്ണൂർ, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിൽ ഫ്ളാറ്റ് സമുച്ചയ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്.