Cooperative Expo to be held at Kanakakunnu from April 21 to 30

സഹകരണ എക്‌സ്‌പോ ഏപ്രിൽ 21 മുതൽ 30 വരെ കനകക്കുന്നിൽ

സഹകരണ എക്‌സ്‌പോ മൂന്നാം പതിപ്പ് ഏപ്രിൽ 21ന് കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരുമയുടെ പൂരം എന്ന് പേരിട്ടിരിക്കുന്ന എക്‌സ്‌പോയിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വൈവിധ്യമാർന്ന 400-ൽ പരം ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാകുമെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

70,000 ചതുരശ്ര അടിയിലുള്ള ശീതീകരിച്ച 250-ലധികം പ്രദർശന സ്റ്റാളുകളും വിവിധ ജില്ലകളിൽ നിന്നുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിക്കൊണ്ടുള്ള 12000 ചതുരശ്ര അടിയിലുള്ള ഫുഡ് കോർട്ടും പ്രോഡക്ട് ലോഞ്ചിംഗ്, പുസ്തക പ്രകാശനം എന്നിവയ്ക്കായി പ്രത്യേക വേദിയും, സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, വികാസപരിണാമങ്ങൾ എന്നിവയും, വിവിധ ജനകീയ പദ്ധതികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുളള സഹകരണ വകുപ്പിന്റെ പവിലിയനും എക്‌സ്‌പോയിലുണ്ട്. ദേശീയതലത്തിൽ പ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങളുടെയും മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെയും സ്റ്റാളുകളുണ്ട്.

ഇന്റർനാഷണൽ കോ-ഓപറേറ്റീവ് അലയൻസിന്റെ അന്താരാഷ്ട്ര സഹകരണ വർഷം 2025- ന്റെ പ്രമേയമായ ‘Co-operatives Build a Better World’ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സാംസ്‌കാരിക യുവജന സമ്മേളനങ്ങൾ, കലാപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏപ്രിൽ 30 വരെയാണ് എക്‌സ്‌പോ. എക്സ്പോയുടെ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.