An investment of Rs 9,000 crore will be raised through co-investment

സഹകരണനിക്ഷേപസമാഹരണത്തിലൂടെ 9,000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കും

സഹകരണവായ്പമേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുക, ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന കാമ്പയിനുമായി സഹകരണ നിക്ഷേപ സമാഹരണം ജനുവരി 10 ന് ആരംഭിക്കും. ഫെബ്രുവരി 10 വരെയുള്ള നിക്ഷേപ സമാഹരണത്തിലൂടെ 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയാണ് ലക്‌ഷ്യം.

സഹകരണനിക്ഷേപം കേരളവികസനത്തിന് എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന 44-ാമത് നിക്ഷേപസമാഹരണ യജ്ഞം സഹകരണ മേഖലയുടെ സ്വാധീനം കൂടുതൽ ശക്തിപ്പെടുന്നതിനാണ് ലക്ഷ്യമിടുന്നത്.

പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7250 കോടി, കേരള ബാങ്ക് വഴി 1,750 കോടി, സംസ്ഥാന സഹകരണ കാർഷികവികസന ബാങ്കിലൂടെ 150 കോടിയാണ് ലക്ഷ്യം. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നീ വിഭാഗത്തിലായിരിക്കണമെന്നാണ് സഹകരണ വകുപ്പ് നിർദേശം.

ഓരോ ജില്ലയും സമാഹരിക്കേണ്ട നിക്ഷേപലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. മലപ്പുറത്തുനിന്നാണ് കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്നത്; 900 കോടി രൂപ. 800 കോടി നിശ്ചയിച്ച കോഴിക്കോടാണ് രണ്ടാമത്. സഹകരണ മേഖലയിലെ നിക്ഷേപം വർധിക്കുക, യുവതലമുറയെ സഹകരണ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുക എന്നിവയും യജ്ഞത്തിന്റെ ലക്ഷ്യമാണ്. ഒരു വീട്ടിൽ ഒരു സഹകരണ ബാങ്ക് അക്കൗണ്ടെന്ന പ്രഖ്യാപിത ലക്ഷ്യവും സാധ്യമാക്കമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിക്ഷേപങ്ങൾക്ക് സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള പരമാവധി പലിശ നൽകും.