Comprehensive cooperation law book released

കേരളത്തിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ നിയമഭേദഗതികളും ഉൾപ്പെടുത്തി സഹകരണ വകുപ്പ് സമഗ്ര സഹകരണ നിയമപുസ്തകം പുറത്തിറക്കി. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം 1882 ൽ വടക്കൻ കേരളത്തിൽ സഹകരണ ആശയം ഉൾക്കൊണ്ട് സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നതിൽ നിന്ന് തുടങ്ങുന്നതാണ് . എന്നാൽ ഇതിനായി നിയമങ്ങൾ ഉണ്ടാകുന്നത് കാലങ്ങൾ കഴിഞ്ഞാണ്.
1913 ൽ കൊച്ചിയിലും, 1914 ൽ തിരുവിതാംകൂറിലും , മലബാറിൽ 1932ലുമാണ് സഹകരണ നിയമങ്ങൾ നിലവിൽവരുന്നത്. അതിനുശേഷം തിരുവിതാംകൂർ കൊച്ചി ലയനത്തെ തുടർന്ന് 1952 ജൂൺ മൂന്നിന് തിരുവിതാംകൂർ കൊച്ചി സഹകരണ നിയമം പ്രാബല്ല്യത്തിൽ വന്നു.

1956 ൽ ഐക്യകേരളം രൂപപ്പെട്ടതോടെ ഏകീകൃത സഹകരണ നിയമത്തിനായുള്ള നടപടികൾ തുടങ്ങി. നീണ്ട പതിനൊന്നു വർഷക്കാലത്തെ ചർച്ചകൾക്കൊടുവിൽ 1967 ൽ നിയമസഭ ഏകീകൃത സഹകരണ നിയമം പാസാക്കുകയുണ്ടായി. 1969 മേയ് 15 നാണ് നിയമം പ്രാബല്ല്യത്തിൽ വരുന്നത്.
ഇതുവരെ 23 ഭേഗതികൾ നിയമത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് ഒരു പസ്തകമായി സഹകരണ വകുപ്പ് പുറത്തിറക്കിയിരുന്നില്ല. മറ്റ് പ്രസിദ്ധീകരണസ്ഥാപനങ്ങൾ പുറത്തിറക്കിയിരുന്ന സഹകരണനിയമ പുസ്തകമാണ് വിപണിയിൽ ലഭ്യമായിരുന്നത്. കോടതികൾ പോലും ഇതിനെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായി ഈ സാഹചര്യത്തിലാണ് വകുപ്പ് സമഗ്രമായ സഹകരണ നിയമപുസ്തകം പുറത്തിറക്കാൻ തീരുമാനിച്ചത്. നാളിതുവരെ വന്നിട്ടുള്ള എല്ലാ ഭേദഗതികളും ഉൾക്കൊള്ളിച്ചുകൊണ്ട് സമഗ്ര സഹകരണ നിയമം ഇന്ന് പുറത്തിറങ്ങി. മറ്റൊരു വകുപ്പും ഇത്തരത്തിൽ ഒരു ഗ്രന്ഥം പുറത്തിറക്കിയിട്ടില്ല. സഹകരണ വകുപ്പിന്റെ തന്നെ ചരിത്രത്തിലെ ഒരു നാഴിക്കല്ലാണ് ഈ ഗ്രന്ഥം.