Kerala Bank has made a comprehensive intervention for the development of the state

കേരളബാങ്ക് നിലവിൽ വന്നതിനുശേഷം സംസ്ഥാനവികസനത്തിന് സമഗ്രമായ ഇടപെടൽ നടത്താൻ സാധിക്കുന്നുണ്ട്. സമൂഹത്തിൻ്റെ എല്ലാവിഭാഗങ്ങൾക്കും അനുയോജ്യമായ നിക്ഷേപ വായ്പാ പദ്ധതികൾ കേരളബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്. രൂപീകരണത്തിന് ശേഷം ബാങ്കിൻ്റെ മൂലധനത്തിലും വായ്പയിലും വർദ്ധന ഉണ്ടായി.
2020 മാർച്ച് 31 ന് ആകെ നിക്ഷേപം 61037.59 കോടി രൂപ ആയിരുന്നത് 31-3-2022 ൽ 69907.12 കോടി രൂപയായി വർദ്ധിച്ചു. ബാങ്കിൻ്റെ ആകെ വായ്പ 31.03.2020 ലെ 40156.82 കോടിയിൽ നിന്ന് 31.03.2022 40950.04 കോടി രൂപയായി . ഓഹരി മൂലധനം 1652.09രൂപയിൽ നിന്നും 2042.08 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. മൂലധന പര്യാപ്തത 6.77 ശതമാനത്തിൽ നിന്നും 31.03.2022 ലെ കണക്കു പ്രകാരം 10.01 ശതമാനമായി. 18 നിക്ഷേപ പദ്ധതികളും, 42 വായ്പാ സ്കീമുകളും കേരളബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്. വ്യക്തികൾക്കും സംഘങ്ങൾക്കും നല്കുന്ന വായ്പയുടെ പലിശ ഒരു ശതമാനം മുതൽ നാലും ശതമാനം കുറഞ്ഞിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ 7 ശതമാനത്തിന് നല്കുമ്പോൾ കേരളത്തിൽ അത് 6 ശതമാനത്തിന് നൽകാൻ കഴിഞ്ഞു.

കോവിഡ് പ്രതിസന്ധിയിൽ സാധാരണക്കാരൻ്റെയും കർഷകൻ്റെയും സംരംഭകരുടേയും വരുമാനം ഉയർത്തുന്നതിൻ്റെ ഭാഗമായി വിവിധങ്ങളായ പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ലഘു ജാമ്യ വ്യവസ്ഥയിൽ നടപ്പിലാക്കിയ സുവിധ പ്ലസ് വായ്പാ പദ്ധതി മുഖേന 5.00 ലക്ഷം രൂപ വരെ വായ്പ ഉല്പാദന, മേഖലയിലെ സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ലഭ്യമാക്കി. മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയിലൂടെ ഉപജീവനത്തിനായി വാഹനങ്ങൾ വാങ്ങുന്നവർക്കും, ബസ് ഉടമകൾക്കും വായ്പാ സഹായം നൽകിയിരുന്നു. ടൂറിസം മേഖലയിലെ ജീവനക്കാർക്ക് ടൂറിസം ഗോൾഡ് സ്വർണ്ണപ്പണയ വായ്പാ പലിശ സബ് സിഡിയോടെ നടപ്പിലാക്കിയിരുന്നു. കൂടാതെ, മേഖലയിലെ സംരംഭകർക്കായി കെബി ടൂറിസം ടേം ലോൺ വായ്പാ പദ്ധതിയും നടപ്പിലാക്കി.

ആധുനിക ബാങ്കിംഗ് സംവിധാനങ്ങൾ സഹകരണ മേഖലയിൽ ലഭ്യമാക്കുക ലക്ഷ്യത്തോടെ കേരള ബാങ്കിൻ്റെ ഏകീകൃത കോർ ബാങ്കിംഗ് സംവിധാനത്തിനായി ഏറ്റവും മികച്ച കോർ ബാങ്കിങ്ങ് സിസ്റ്റം നടപ്പിലാക്കുന്നതിന് വിപ്രോയെ ചുമതലപ്പെടുത്തി. നിലവിൽ കേരളബാങ്കിൻ്റെ എല്ലാ ശാഖകളും ഏകീകൃത സി.ബി. എസ്സിൽ ആണ് പ്രവർത്തിക്കുന്നത്. അനുബന്ധ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടു കൂടി എല്ലാ ആധുനിക ബാങ്കിംഗ് സേവനങ്ങളും സഹകരണ മേഖലയിലെ ഇടപാടുകാർക്കും ലഭിക്കും. കേരള ബാങ്കിൻ്റെ രൂപീകരണത്തിന് ശേഷം നിഷ്‌ക്രിയ ആസ്തി കുറച്ചുകൊണ്ടുവരാൻ ആക്ഷൻ പ്‌ളാൻ നടപ്പിലാക്കിയിട്ടുണ്ട്.