വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി
വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖം നിർമ്മിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനും, വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിൻ്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടർ നിർമ്മാണവും CWPRS സമർപ്പിച്ച അന്തിമ രൂപരേഖയുടെ അടിസ്ഥാനത്തിൽ രണ്ടു പാക്കേജുകളായി നിർവ്വഹിക്കും. 271 കോടി രുപയുടേതാണ് പദ്ധതി.
കൺസെഷൻ കരാറിലെ ഫണ്ടഡ് വർക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കൺസെഷനയർ (AVPPL) മുഖേന 235 മീറ്റർ നീളമുള്ള breakwater, 500 നീളമുള്ള fishery berth, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ 146 കോടി രൂപ ചിലവഴിച്ചാണ് പാക്കേജ് ഒന്നിൽ നടപ്പിലാക്കുക.
നിലവിലുള്ള ഫിഷിംഗ് ഹാർബറിൻ്റെ സിവേർഡ് ബ്രേക്ക് വാട്ടറിൽ നിന്നും 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നിർമ്മാണം 125 കോടി രൂപ ചിലവിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഡെപ്പോസിറ്റ് വർക്കായി പാക്കേജ് 2 ആയി നടപ്പിലാക്കും.
പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ രൂപരേഖ സംബന്ധിച്ച് അതിന്റെ ഗുണഭോക്താക്കളായ മത്സ്യതൊഴിലാളികളുടെ പ്രതിനിധികളെ പൂനെയിലെ പഠന കേന്ദ്രത്തിലെത്തിച്ച് അവരുടെ സാന്നിധ്യത്തില്‍ ഭൗതിക മോഡല്‍ പരീക്ഷണങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയുണ്ടായി. CWPRS റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ രൂപരേഖ അനുസരിച്ചാണ് നിർമ്മാണമെന്നും മന്ത്രി അറിയിച്ചു.