Vizhinjam Project: Decision to give conditional permission to sign tripartite agreement for Viability Gap Fund

വിഴിഞ്ഞം പദ്ധതി: വയബിലിറ്റി ഗ്യാപ്പ് ഫണ്ടിനായുള്ള ത്രികക്ഷി കരാർ ഒപ്പുവയ്ക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകാൻ തീരുമാനം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാർ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുറമുഖ വികസനവും രണ്ടും മൂന്നും ഘട്ടങ്ങളുടെ പൂർത്തീകരണവും വേഗത്തിൽ സാധ്യമാകുന്നതിനുള്ള തീരുമാനങ്ങളാണെടുത്തത്.

കൺസഷൻ കരാറിലെ വ്യവസ്ഥകൾ പ്രകാരം നിർമ്മാണ കമ്പനിയായ അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ് (എ വി പി പി എൽ ) 03.12.2019-ലാണ് നിർമ്മാണം പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ, നിശ്ചിത സമയത്ത് നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഓഖി, പ്രളയം തുടങ്ങിയ 16 ഫോഴ്സ് മേജ്വർ കാരണങ്ങൾ മൂലമാണ് പദ്ധതി നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ കഴിയാത്തതെന്നും ആയതിനാൽ, കാലാവധി നീട്ടി നൽകണമെന്നും എ വി പി പി എൽ ആവശ്യപ്പെട്ടെങ്കിലും വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട് ലിമിറ്റഡ് (വി ഐ എസ് എൽ ) ആവശ്യം നിരസിച്ചിരുന്നു. തുടർന്ന് ഇരുപക്ഷവും ആർബിട്രേഷൻ നടപടികൾ ആരംഭിക്കുകയുണ്ടായി.

ആർബിട്രേഷൻ തുടരുന്നത് പദ്ധതിയെ അനന്തമായ വ്യവഹാരത്തിലേക്ക് നയിക്കുമെന്നതും പദ്ധതി പൂർത്തീകരണത്തിന് വലിയ കാലതാമസമുണ്ടാകുമെന്നതും വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നഷ്ടമാകുമെന്നതും കണക്കിലെടുത്താണ് വ്യവസ്ഥകളോടെ നിർമ്മാണപ്രവർത്തനം ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.

3854 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എ വി പി പി എൽ ആർബിട്രേഷൻ ഹർജി നൽകിയിട്ടുള്ളത്. 911 കോടി രൂപയുടെ കൗണ്ടർ ക്ലെയിമാണ് വി ഐ എസ് എൽ ഉന്നയിച്ചിട്ടുള്ളത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ആർബിട്രേഷൻ നടപടികൾ പിൻവലിക്കുന്നതിന് ഇരുപക്ഷവും നടപടി സ്വീകരിക്കണം.

പദ്ധതി പൂർത്തീകരിക്കാനുണ്ടായ കാലതാമസം കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാപ്പാക്കി വ്യവസ്ഥകളോടെ അഞ്ചുവർഷം ദീർഘിപ്പിച്ചു നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് പൂർത്തീകരണ തീയതി 2024 ഡിസംബർ 3 ആയിരിക്കും. കരാർ പ്രകാരം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം 2045-ലാണ് പൂർത്തിയാക്കേണ്ടത്. എന്നാൽ, 10,000 കോടി രൂപ എ വി പി പി എൽ മുതൽമുടക്കേണ്ട ഈ ഘട്ടങ്ങൾ 2028-ൽ പൂർത്തിയാക്കണമെന്ന് വ്യവസ്ഥ ചെയ്യും. നേരത്തെ നിശ്ചയിച്ചതിനേക്കാൾ 17 വർഷം മുമ്പ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിലൂടെ ചുരുങ്ങിയ കാലയളവിൽ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടാവും.

അഞ്ചുവർഷം നീട്ടി നൽകുമ്പോൾ ഈ കാലയളവിൽ പ്രതിബദ്ധതാ ഫീസായി സർക്കാർ എ വി പി പി എൽ ന് നൽകേണ്ട 219 കോടി രൂപ ഇക്വിറ്റി സപ്പോർട്ടിൽ നിന്നും തടഞ്ഞുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുകയിൽ നാലു വർഷത്തേക്കുള്ള തുകയായ 175.2 കോടി രൂപ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ 2028-ൽ പൂർത്തിയാക്കുന്നപക്ഷം എ വി പി പി എൽ ന് തിരികെ നൽകും. ഒരു വർഷത്തെ തുകയായ 43.8 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിക്കും. അതേസമയം, കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം 2034-ൽ തന്നെ റവന്യൂ ഷെയറിംഗ് ആരംഭിക്കും.
മേൽ തീരുമാനങ്ങൾ എ വി പി പി എൽ അംഗീകരിക്കുന്നപക്ഷം തുടർനടപടികളുമായി മുന്നോട്ടുപോകാനും തീരുമാനമെടുക്കുന്ന മുറയ്ക്ക് ത്രികക്ഷി കരാർ ഒപ്പുവയ്ക്കാനുമാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.