Vizhinjam to become an integrated logistics hub

വിഴിഞ്ഞം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബ്ബാകും

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട വികസനം 2028ല്‍ പൂര്‍ത്തിയാകുമെന്നും പാസഞ്ചര്‍ കാര്‍ഗോ ഷിപ്പ്‌മെന്റ് സൗകര്യങ്ങള്‍ കൂടി വരുന്നതോടെ വിഴിഞ്ഞം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബ്ബ് കേരളത്തിന്റെ വികസനത്തിന്റെയും പുരോഗതിയുടെയും പ്രവേശന കവാടമായി തീരുമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ദ്വിദിന വിഴിഞ്ഞം അന്താരാഷ്ട്ര കോണ്‍ക്‌ളേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലും വിഴിഞ്ഞം തുറമുഖവും മറ്റ് 17 ഓളം ചെറിയ തുറമുഖങ്ങളും ചേരുന്നതോടെ കേരളം സൗത്ത് ഏഷ്യയിലെ തുറമുഖങ്ങളുടെ നായകനായി മാറും. ആഗോള വിതരണശൃംഖലയില്‍ വല്ലാര്‍പാടവും വിഴിഞ്ഞവും കേരളത്തിന് ഇരട്ടിക്കരുത്തേകും.വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം പൂര്‍ത്തിയാകുന്നതോടെ കേരളം സുസ്ഥിര പരിസ്ഥിതി സൗഹാര്‍ദ്ദ വികസനത്തിന് ലോക മാതൃകയായി മാറും. വിഴിഞ്ഞത്തേക്കുള്ള ചരക്ക് നീക്കത്തിന്റെ കണക്ടവിറ്റിയില്‍ വ്യാവസായികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ വിഴിഞ്ഞത്തേക്ക് റെയില്‍ – റോഡ് കണക്ടവിറ്റി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ബാലരാമപുരത്ത് നിന്നും വിഴിഞ്ഞം തുറമുഖത്തേക്കുള്ള 10 കിലോ മീറ്റര്‍ പോര്‍ട്ട് റെയില്‍ ടണല്‍ ടെര്‍മിനല്‍ നാലുവര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇത് ലോഡിംഗ് ആന്‍ഡ് അണ്‍ലോഡിംഗ് അടക്കമുള്ള ചരക്കുനീക്കം സുഗമമാക്കും. കൂടാതെ വിഴിഞ്ഞം തുറമുഖത്ത് നിന്നും ദേശീയ പാത 66ലേക്കുള്ള കണക്ടിവിറ്റി രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇത് സംബന്ധിച്ച് ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ച് ധാരണയിലെത്തിയിട്ടുണ്ട്. അതുവരെ എന്‍.എച്ച് -66ലേക്ക് താത്കാലിക ഗതാഗതത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനമായതായും ഇത് സുഗമമായ ചരക്ക് നീക്കത്തിന് സഹായകരമാണെന്നും മന്ത്രി പറഞ്ഞു.
കപ്പൽ ചാലിൽ മത്സ്യബന്ധനബോട്ടുകളുടെ സാന്നിദ്ധ്യം എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട് ഇക്കാര്യത്തിൽ സർക്കാർ പരിശോധിക്കുമെന്നും പരിഹാരമാർഗ്ഗങ്ങൾ കണ്ടത്തുമെണും മന്ത്രി പറഞ്ഞു.