വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി; വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിന് (VGF) കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 817.80 കോടി രൂപ സ്വീകരിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു.
ഇതിന് സംസ്ഥാന സര്‍ക്കാര്‍ നെറ്റ് പ്രസന്‍റ് വാല്യു വ്യവസ്ഥയില്‍ തുക തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതിൽ മാറ്റം വരുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അനുകൂല നിലപാട് എടുക്കാൻ തയാറായില്ല. സംസ്ഥാനത്തിന്റെ ഭാവി വികസനം മുന്നിൽ കണ്ടാണ് ഇപ്പോൾ ഈ തീരുമാനം എടുക്കുന്നതെന്നും മന്ത്രി പറഞു.
തുറമുഖത്തിന്റെ 7700 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തില്‍ ഏതാണ്ട് 4600 കോടി രൂപ സംസ്ഥാന സര്‍ക്കാരാണു മുടക്കുന്നത്. പുലിമുട്ട് നിര്‍മിക്കാനുള്ള 1350 കോടി രൂപ പൂര്‍ണമായി സര്‍ക്കാര്‍ ഫണ്ടാണ്. പുറമേ, ചരക്കു നീക്കത്തിനു റെയില്‍പാതയ്ക്കായി 1482 .92 കോടിയും മുടക്കണം.
അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക പുരോഗതിക്കുമായി കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി വിഭാവനം ചെയ്തത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തെ (പിപിപി) പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക പിന്തുണാ സംവിധാനമെന്ന നിലയിലാണ് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വിജിഎഫ്) കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. അതെല്ലാം മറന്നാണ് കേന്ദ്ര നിലപാട് . നവകേരള നിർമ്മിതി സാധ്യമാക്കാൻ ഈ ഉത്തരവാദിത്വം കൂടി സംസ്ഥാന സർക്കാർ ഏറ്റെടുക്കയാണ് എന്നും മന്ത്രി പറഞ്ഞു.