Wayanad recruitment scam: irregularities discovered

വയനാട് നിയമനക്കോഴ : ക്രമക്കേഡുകൾ കണ്ടെത്തി

വയനാട് ജില്ലയിൽ എൻ. എം. വിജയൻറെയും അദ്ദേഹത്തിൻറെ മകൻറെയും ആത്മഹത്യയ്ക്ക് ഇടയാക്കിയതായി പറയപ്പെടുന്ന സഹകരണ ബാങ്ക് നിയമനക്കോഴ സംബന്ധിച്ച് സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേഡുകൾ കണ്ടെത്തിയതായി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു. സഹകരണ വിജിലൻസ് ഓഫീസ് നോർത്ത് സോൺ ഡെപ്യൂട്ടി രജിസ്ട്രാർ (വിജിലൻസ്) കണ്ണൂർ, എറണാകുളം ജോയിൻറ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വകുപ്പുതല പ്രാഥമിക അന്വേഷണത്തിലാണ് ഇത് കണ്ടത്തിയത്.
സുൽത്താൻബത്തേരി സഹകരണ അർബൻ ബാങ്ക് (ക്ലിപ്തം നമ്പർ ഡി. 2034) , സുൽത്താൻ ബത്തേരി സർവീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പർ എൽ.എൽ 11) , പൂതാടി സർവീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പർ എഫ്.1011), മടക്കിമല സർവീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പർ എഫ്.490), സുൽത്താൻബത്തേരി സഹകരണ കാർഷിക ഗ്രാമ വികസന (ബാങ്ക് ക്ലിപ്തം നമ്പർ ഡബ്. 299) തുടങ്ങിയ സംഘങ്ങളിലാണ് നിയമനങ്ങളിൽ ക്രമക്കേഡുകൾ കണ്ടെത്തിയിരിക്കുന്നത്.
സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നിയമനങ്ങൾ സംഘങ്ങളിൽ നടന്നിട്ടുള്ളതായിട്ടാണ് വകുപ്പുതല പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിരിക്കുന്നത്. ക്രമക്കേട് കണ്ടത്തിയ സംഘങ്ങളിൽ കേരള സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം പരിശോധന നടത്തുന്നതിന് സുൽത്താൻബത്തേരി അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) കെ.കെ.ജമാലിനെ നിയോഗിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
ഇതിന് പുറമെ കൂടാതെ എൻ. എം. വിജയന് സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്കിൽ 63.72 ലക്ഷം രൂപ വായ്പാ ബാധ്യതയും, സുൽത്താൻ ബത്തേരി സർവീസ് സഹകരണ ബാങ്കിൽ 29.49 ലക്ഷം രൂപ സ്വന്തം പേരിലും, മകൻറെ പേരിലുള്ള ജാമ്യത്തിൽ 11.26 ലക്ഷം രൂപയും വായ്പാ ബാധ്യത നിലവിലുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടത്തിയിട്ടുണ്ട്.