Infrared Patchwork Machine for Road Maintenance

കേരളത്തിലെ പൊതുമരാമത്ത് റോഡുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് സമയബന്ധിതമായ പരിപാലനത്തിന്റെ അപര്യാപ്തത. റോഡിൽ രൂപപ്പെടുന്ന ചെറിയ കുഴികൾ യഥാസമയം അടക്കുവാൻ സാധിച്ചാൽ വലിയ തോതിലുള്ള ലാഭം സർക്കാരിന് ലഭ്യമാവും. മാത്രവുമല്ല റോഡ് അപകടങ്ങളുടെ നിരക്ക് കുറയ്ക്കുവാനും സാധിക്കും. ഇത് പരിഹരിക്കുന്നതിന് അനുകരണീയമായതും സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാൻ സാധിക്കുന്നതുമായ നൂതന ആശയമാണ് ഇൻഫ്രാറെഡ് പാച്ച് വർക്ക് മെഷീൻ. ഇൻഫ്രാറെഡ് ടെക്നോളജി ഉപയോഗിച്ച് യൂറോപ്പിൽ നിർമ്മിച്ച പുതിയ മെഷീനറികളാണ് നമ്മുടെ റോഡിലെ കുഴികൾ ശാസ്ത്രീയമായി അടക്കുന്നതിനായി നിലവിൽ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഈ ടെക്നോളജി ഉപയോഗപ്പെടുത്തുന്നത്.
ഒരു സാധാരണ കുഴി അടക്കുന്നതിനായി ഏതാണ്ട് എട്ട് മിനിട്ട് സമയം മാത്രമാണ് വേണ്ടി വരുന്നത് എന്നതുകൊണ്ട് സമയവും ലാഭിക്കാനാകും. മഴക്കാലത്ത് മഴയുടെ ഇടവേളകളിൽ മെഷീൻ ഉപയോഗിച്ച് റോഡ് മെയിന്റനൻസ് നടത്താമെന്നത് ഇതിന്റെ കേരളത്തിലെ കാലാവസ്ഥയിൽ ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. ഒ.പി.ബി.ആർ.സി പദ്ധതിയിൽ പെടുത്തി കോട്ടയം മുതൽ അങ്കമാലി വരെയുള്ള എം സി റോഡ് ഏഴ് വർഷത്തേക്ക് കുഴികളില്ലാതെ പരിപാലിക്കാനായി ഏറ്റെടുത്തിരിക്കുന്ന രാജി മാത്യു & കമ്പനിയാണ് ഈ മെഷീനറി ഇറക്കുമതി ചെയ്തിരിക്കുന്നത്.