Misri Church Restoration: A Cultural History of Malabar Reconstructed

കേരളത്തിന്റെ ചരിത്ര സരംക്ഷണ ദൗത്യത്തിന്റെ മാതൃകയായി മിസ്‌രി പള്ളി പുനരുദ്ധാരണം. പൊന്നാനിയുടെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തിന്റെ തലയെടുപ്പായ മിസ്‌രി പള്ളി, മുസരീസ് പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി ₹ 85 ലക്ഷം ചെലവിലാണ് നവീകരണം പൂർത്തിയാക്കിയത്. പൊന്നാനിയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് 16-ാം നൂറ്റാണ്ടിൽ നിർമിച്ച മിസ്‌രി പള്ളി. ഈജിപ്തും മലബാറും തമ്മിലുള്ള ഊഷ്മളമായ വ്യാപാര ബന്ധത്തിന്റെ അവശേഷിപ്പ് കൂടിയാണ് മിസ്‌രി പള്ളി.

സാമൂതിരി രാജാവിന്റെ നാവികസേനയുടെ ആസ്ഥാനമായിരുന്ന പൊന്നാനിയിൽ പോർച്ചുഗീസുകാർക്കെതിരേയുള്ള പോരാട്ടത്തിൽ സാമൂതിരി-കുഞ്ഞാലിമരയ്ക്കാർ സൈന്യത്തെ സഹായിക്കാനായി ഈജിപ്തിൽനിന്ന് സൈനുദിൻ മഖ്ദൂമിന്റെ സൈന്യം വന്നിരുന്നു. അവർക്കായി നിർമിച്ചതാണ് മിസ്‌രി പള്ളി. ഇരുനിലകളിലായി മിഹ്രാബ്, മിംബർ, പ്രാർഥന ഹാൾ, ദർസ് എന്നിവ ഉൾപ്പെട്ടതും ആ കാലഘട്ടത്തിലെ ശില്പ ശൈലിയിൽ നിർമിച്ചതുമാണ് പള്ളി.

മിസ്‌രി പള്ളി കേന്ദ്രമാക്കി നിരവധി ചെറു പളളികളും ഒത്തു മദ്രസകളും തറവാടു വീടുകളും പഴയ കാലഘട്ടത്തിൽ രൂപം കൊള്ളുകയും പൊന്നാനിയുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ അവ വളരെയേറെ സ്വാധീനിക്കുകയും ചെയ്തു. വിദേശ അധിനിവേശത്തിനെതിരെയും സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെയും മലബാറിന്റെ ചെറുത്തുനിൽപ്പിന്റെ ഓർമ കൂടിയാണ് മിസ്‌രി പള്ളി. ചരിത്ര പ്രാധാന്യമുള്ള പള്ളി പുനർ നിർമ്മിക്കുന്നതിലൂടെ മലബാറിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ വരും തലമുറയോട് പങ്കുവക്കുന്നതോടൊപ്പം ടൂറിസം സാധ്യതകൾക്കും വാതിൽ തുറന്നിടുകയാണ് പൊന്നാനി.