മദർഷിപ്പിന് സ്വീകരണം
ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നായി നമ്മുടെ വിഴിഞ്ഞം ഉയരുകയാണ്. സാൻഫെർണോണ്ടോ എന്ന ആദ്യ മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തി. കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് അങ്ങേയറ്റം അഭിമാനകരമായ മുഹൂർത്തമാണിത്. മദർ ഷിപ്പുകൾ, അഥവാ വൻകിട ചരക്കു കപ്പലുകൾ ഇവിടേക്കു വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്കു ബർത്തു ചെയ്യാൻ കഴിയുന്ന നിലയിലേക്ക് വിഴിഞ്ഞം മാറുകയാണ്.
വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇപ്പോൾ ട്രയൽ അടിസ്ഥാനത്തിലാണെങ്കിലും തൊട്ടുപിന്നാലെ തന്നെ പൂർണ്ണ പ്രവർത്തന രീതിയിലേക്കു മാറും. രണ്ടും മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയായി എല്ലാ വിധത്തിലും സുസജ്ജവും സമ്പൂർണ്ണവുമായ വിശാല തുറമുഖമായി ഇത് 2045 ൽ മാറണമെന്ന നിലയ്ക്കാണു വിഭാവനം ചെയ്തിരുന്നത്. എന്നാൽ, അതിന് ഏതാണ്ട് 17 വർഷം മുമ്പേ തന്നെ ഇതു സമ്പൂർണ്ണ തുറമുഖമായി മാറുന്ന നിലയിലേക്കു കാര്യങ്ങൾ കൊണ്ടെത്തിക്കാൻ നമുക്കു കഴിയുന്നു. 2028 ഓടുകൂടി വിഴിഞ്ഞം സമ്പൂർണ്ണ തുറമുഖമായി മാറും.
പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിനുള്ള സാധ്യത സൃഷ്ടിക്കുന്ന, ഇന്ത്യയ്ക്കാകെ അഭിമാനിക്കാവുന്ന പദ്ധതിയാണിത്. ഇത്ര വലിയ ഒരു തുറമുഖത്തിന്റെ സാന്നിധ്യം അയൽ രാജ്യങ്ങൾക്കും ഉപകാരപ്പെടും. വിഴിഞ്ഞത്തിന്റെ തുറമുഖം എന്ന നിലയ്ക്കുള്ള വിപുലമായ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന ചിന്ത രാജഭരണ കാലത്തേയുണ്ട്. സ്വാതന്ത്ര്യലബ്ധിക്കും കേരളപ്പിറവിക്കും ശേഷമുള്ള സർക്കാരുകൾ ആ ചിന്ത വലിയതോതിൽ പ്രതിധ്വനിപ്പിച്ചിട്ടുമുണ്ട്. 2006 സെപ്റ്റംബർ 18 നാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്ന് അന്നത്തെ എ ഡി എഫ് സർക്കാർ പ്രഖ്യാപിച്ചത്. 2007 മാർച്ച് 9 നാണ് വി ഐ എസ് എല്ലിനെ നോഡൽ ഏജൻസിയാക്കിയുള്ള റീടെണ്ടർ ഉത്തരവു വരുന്നത്. 2007 ജൂലൈ 31 നാണ് വ്യവസ്ഥകളിൽ വേണ്ട മാറ്റങ്ങൾ വരുത്തി ടെണ്ടർ ക്ഷണിച്ചത്. 2009 നവംബർ 13 ന് പദ്ധതി പഠനത്തിനായി ഇൻറർനാഷണൽ ഫിനാൻസ് കോർപ്പറേഷനെ നിയോഗിച്ചു. 2010 ൽ ടെണ്ടർ നടപടികളാവുന്നു. പിന്നീട് കേസും നിയമനടപടികളും ഉൾപ്പെടെ കുരുക്കുകളായി. ചൈനീസ് കമ്പനിയാണു വരുന്നത് എന്നു പറഞ്ഞ് ചിലർ ആക്ഷേപം ഉയർത്തിയതും മൻമോഹൻ സിങ് സർക്കാർ അനുമതി നിഷേധിച്ചതും ഒക്കെ ചരിത്രം.
2016 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്ന ശേഷം കണ്ടത് കുതിച്ചുയരുന്ന നിർമ്മാണ പ്രവർത്തനമാണ്. ഓരോ ഘട്ടത്തിലും സർക്കാർ ഇതു പരിശോധിച്ചും ഇടപെട്ടും കൊണ്ടിരുന്നു. കാര്യക്ഷമമായ ആ പ്രവർത്തനങ്ങളും നിർമ്മാണ കരാർ ഏറ്റെടുത്ത ഗ്രൂപ്പിന്റെ പ്രതിബദ്ധമായ പ്രവർത്തനങ്ങളും ഏകോപിച്ചു. ഈ പദ്ധതിയുടെ നിർവ്വഹണ ഘട്ടത്തിൽ പലവിധ തടസ്സങ്ങളുണ്ടായി. എന്നാൽ, നമ്മുടെ കൂട്ടായ ഇച്ഛാശക്തിയും ദൃഢനിശ്ചയവുമാണ് ഇന്ന് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. 2017 ജൂണിൽത്തന്നെ ബർത്തുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. എന്നാൽ, അതിനുശേഷമുണ്ടായ പ്രകൃതിദുരന്തങ്ങളും മഹാമാരിയും പദ്ധതിയുടെ പൂർത്തീകരണത്തിനായി നിശ്ചയിച്ച സമയക്രമത്തെ പ്രതികൂലമായി ബാധിച്ചു എന്നത് വസ്തുതയാണ്. അത്തരം പ്രതിസന്ധികളെ മറികടന്നുകൊണ്ടു കൂടിയാണ് ഈ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നമ്മൾ എത്തിക്കുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമായി ഉയർന്നുവരുമ്പോൾ അത് നമ്മുടെ രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം ഒന്നുകൂടി വർധിക്കും. അസഹിഷ്ണുതയുള്ളവരുടെ പ്രവർത്തനങ്ങൾക്കപ്പുറം നമ്മുടെ കൂട്ടായ ഇച്ഛാശക്തിയും നിർവ്വഹണശേഷിയുമുണ്ടായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമായി ഉയരണമെന്ന കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടായിരുന്നു. അതിനെ അഴിമതിക്കുള്ള വഴിയായോ ചൂഷണത്തിനുള്ള ഉപാധിയായോ ആരും മാറ്റരുതെന്ന നിഷ്ക്കർഷ ഉണ്ടായിരുന്നു. അത്തരം പഴുതുകൾ അടച്ചുകൊണ്ടു തന്നെ ഈ തുറമുഖത്തെ ഈ വിധത്തിൽ സർവ്വസജ്ജമാംവിധം പുനരുജ്ജീവിപ്പിച്ചെടുക്കാൻ കഴിഞ്ഞു എന്നതിൽ നമുക്കെല്ലാം അഭിമാനിക്കാം.
അന്താരാഷ്ട്ര കപ്പൽ ചാലിന്റെ കേവലം 11 നോട്ടിക്കൽ മൈലിനുള്ളിൽ സ്ഥിതി ചെയ്യുന്നതും പ്രകൃതിദത്തമായ 20 മീറ്റർ സ്വാഭാവിക ആഴമുള്ളതുമായ തുറമുഖമാണിത്. മുഖ്യ കടൽപ്പാതയോട് ഇത്രമേൽ അടുത്തുനിൽക്കുന്ന മറ്റൊരു തുറമുഖം ഇന്ത്യയിലില്ല. ആദ്യഘട്ടം പൂർത്തിയാകുന്നതോടെ പ്രതിവർഷം 10 ലക്ഷം ട്വന്റി ഫുട്ട് ഇക്വലന്റ് യൂണിറ്റ് കണ്ടെയ്നർ കൈകാര്യം ചെയ്യാൻ കഴിയുന്ന തുറമുഖമായി ഇതു മാറും.
ഈ തുറമുഖം സമയബന്ധിതമായി ഈ വിധത്തിൽ പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധയും കരുതലുമാണ് സർക്കാർ കാട്ടിയത്. തുടക്കത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് അതിവേഗത്തിലാണ് പുലിമുട്ടിൻറെ നിർമ്മാണം പൂർത്തിയാക്കിയത്. ഇപ്പോൾ 2,960 മീറ്ററിൻറെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ഇതി 2,500 മീറ്ററോളം അക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 11 കിലോമീറ്റർ പ്രകൃതിസൗഹൃദ തുരങ്ക റെയിൽവേ പാത നിർമ്മിക്കുന്നതിന് ഡി പി ആർ സമർപ്പിക്കുകയും അതിന് കേന്ദ്ര സർക്കാരിൻറെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
പോർട്ടിനെ ദേശീയപാത 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിൻറെ 35 ശതമാനം പൂർത്തിയായിട്ടുണ്ട്. 6,000 കോടി രൂപ ചിലവഴിച്ച് തയ്യാറാക്കുന്ന ഔട്ടർ റിങ്ങ് റോഡുകൂടി വരുന്നതോടെ ഈ പദ്ധതി വലിയ നേട്ടം ഉണ്ടാക്കുക തന്നെ ചെയ്യും. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിലും അനുബന്ധ വികസന പ്രവർത്തനങ്ങളിലും എത്രമാത്രം ശ്രദ്ധയാണ് സർക്കാർ ചെലുത്തുന്നതെന്ന് ഇതിൽ നിന്ന് മനസ്സിലാകും.
800 മീറ്റർ കണ്ടെയ്നർ ബർത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 400 മീറ്റർ പ്രവർത്തനസജ്ജമാണ്. സ്വീഡനിൽ നിന്നു കൊണ്ടുവന്ന 31 അത്യാധുനിക റിമോട്ട് കൺട്രോൾഡ് ക്രെയിനുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് 8,867 കോടി രൂപയാണ് ആകെ മുതൽ മുടക്ക്. ഇതിൽ 5,595 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്. അതുകൊണ്ടു തന്നെ വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ തുറമുഖമാണ്. രാജ്യത്ത് ആദ്യമായി തുറമുഖ നിർമ്മാണത്തിനായി യൂണിയൻ സർക്കാർ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അംഗീകരിച്ചത് ഈ തുറമുഖത്തിന് വേണ്ടിയാണെന്ന പ്രത്യേകതയുമുണ്ട്. അദാനി കമ്പനിയാണ് വിഴിഞ്ഞം തുറമുഖത്തിൻറെ നിർമ്മാതാക്കളും നടത്തിപ്പുകാരും. ആ നിലയ്ക്ക് പബ്ലിക് പ്രൈവറ്റ് പാർട്ട്ണർഷിപ്പിന്റെ ഉത്തമ മാതൃകയായി വളരേണ്ട സംരംഭമാണിത്. സമയബന്ധിതമായി ഇത് പൂർത്തിയാക്കുന്നതിന് കാട്ടിയ സഹകരണത്തിന് അദാനി ഗ്രൂപ്പിനെ അഭിനന്ദിക്കാൻ കൂടി ഈ അവസരം ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖ നിർമ്മാണത്തിനുള്ള കരാർ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഈ സർക്കാർ മത്സ്യത്തൊഴിലാളികളോട് വളരെ അനുകൂലമായ നയം സ്വീകരിച്ചതിന്റെ ഫലമായി 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചു.
നിർമ്മാണം ആരംഭിച്ചശേഷം പല ഘട്ടങ്ങളിലായി വിഴിഞ്ഞം നിവാസികൾ വിവിധ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. അവയുടെ പരിഹാരത്തിനായി സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തിയും അദാനി കമ്പനിയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും വേണ്ട പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിൻറെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്. തുറമുഖാധിഷ്ഠിത തൊഴിൽ പരിശീലനത്തിന് 50 കോടി രൂപ ചിലവിൽ ട്രെയിനിംഗ് സെന്റർ കൂടി ഒരുക്കിക്കൊണ്ട് കൂടുതൽ ചെറുപ്പക്കാർക്ക് ഇത് പ്രയോജനകരമാകുന്നു എന്നുറപ്പുവരുത്തുകയാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം പദ്ധതികൾ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി നടപ്പാക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തിൽ 5,000 കോടി രൂപയുടെ പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. കാരണം, കേരളം രാജ്യത്തിനാകെ നൽകുന്ന സംഭാവനയും സമ്മാനവുമാണ് വിഴിഞ്ഞം തുറമുഖം.
ഈ തുറമുഖം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നർ ബിസിനസ്സിൻറെ കേന്ദ്രമായിട്ട് കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിൻറെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പലുകൾ എത്തിച്ചേരുന്നത് സംസ്ഥാനത്തിൻറെ നികുതി വരുമാനം വർദ്ധിപ്പിക്കും. വിഴിഞ്ഞം തുറമുഖം വഴി കേരളത്തിലേക്ക് ചരക്കിറക്കുമ്പോൾ അതിന്റെ മൂല്യത്തിന്മേൽ ഇൻറഗ്രേറ്റഡ് ജി എസ് ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും. ഇതിൻറെ പകുതി സംസ്ഥാനത്തിന് ലഭിക്കും. ഇതിനു പുറമെ ചരക്കുകൾ ലോഡ് ചെയ്യുന്നതിനും അൺലോഡ് ചെയ്യുന്നതിനുമുള്ള ഫീസുമായി ബന്ധപ്പെട്ട നികുതിയും ലഭിക്കും. തുറമുഖം കപ്പലുകൾക്ക് നൽ കുന്ന മറ്റു സേവനങ്ങളുടെ ഫീസിന്മേലും നികുതി ലഭിക്കും. കപ്പലുകൾ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്ന ചില സാഹചര്യങ്ങളിലും സംസ്ഥാനത്തിന് നികുതി ലഭിക്കും.
സാധാരണ സാമ്പത്തിക അവസ്ഥകളിൽപ്പോലും സാധ്യമാവാത്ത കാര്യങ്ങളാണ് സാമ്പത്തികവൈഷമ്യത്തിൻറെ കാലയളവിൽ നമ്മൾ നടപ്പാക്കിയത്. ഇത് ചരിത്രം സൃഷ്ടിക്കൽ തന്നെയാണ്. മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുകയാണ് ലക്ഷ്യം.
ഡാനിഷ് കണ്ടെയ്നർ ഷിപ്പ് കമ്പനി മെർസ്ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ ചൈനയിലെ ഷിയാമൻ തുറമുഖത്ത് നിന്നാണ് വിഴിഞ്ഞത്ത് എത്തിയത്. രണ്ടായിരത്തോളം കണ്ടെയ്നറുകളാണ് കപ്പലിൽ നിന്ന് വിഴിഞ്ഞത്ത് ഇറക്കുന്നത്.