Navakeraliyam arrears clearance extended till April 30

നവകേരളീയം കുടിശിക നിവാരണം ഏപ്രില്‍ 30 വരെ നീട്ടി

 സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഏപ്രില്‍ 30 വരെ നീട്ടിയതായി സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ അറിയിച്ചു.
ജനുവരി രണ്ടു മുതല്‍ ഫെബ്രുവരി 28-വരെയായിരുന്നു നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി-2025 ഏര്‍പ്പെടുത്തി-യിരുന്നത്. സഹകാരികളുടെ ആവശ്യത്തെ തുടര്‍ന്ന് അത് മാര്‍ച്ച് 31 വരെ നീട്ടി. പരമാവധി ആളുകള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനായി പദ്ധതിയുടെ കാലവധി നീട്ടണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ നിന്ന് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത് വീണ്ടും നീട്ടിനല്‍കാന്‍ തീരുമാനം എടുത്തിരിക്കുന്നത്.
സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാധകം. മരണപ്പെട്ടവര്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരുടെ വായ്പകള്‍ തീര്‍പ്പിക്കാനും, വരുമാനദാതാവ് മരിച്ച സംഭവങ്ങള്‍ ഉണ്ടെങ്കില്‍ അത്തരം വായ്പകളിലടക്കം പ്രത്യേക ഇളവുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ നിരവധിയായ കുടിശ്ശികകാര്‍ക്ക് ആശ്വാസവും, ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും മുന്‍കാലങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍പ് പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ഗുണം ലഭിക്കാത്തവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇത് ഏര്‍പ്പെടുത്തുന്നതെന്നും പരാമവധി സഹകാരികള്‍ ഈ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളര്‍ന്ന് കിടപ്പായവര്‍, ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവര്‍, ഈ രോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവര്‍, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തില്‍ ആയിരിക്കുന്നവര്‍, മാതാപിതാക്കള്‍ മരണപ്പെട്ടശേഷം മാതാപിതാക്കള്‍ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനില്‍ക്കുന്ന കുട്ടികള്‍ തുടങ്ങിയവരുടെ വായ്പകള്‍ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ പദ്ധതി പ്രകാരം പലിശയില്‍ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. അതിദരിദ്ര സര്‍വ്വേ പ്രകാരമുള്ള പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ 2 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഇളവ് നല്‍കുന്നതിനുള്ള പ്രത്യേകം വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശ്ശികയുള്ള വായ്പകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എം.എം.ഡി.എസ്. ജി.സി.സി.എസ് എന്നിവയ്ക്കും ആനുകൂല്യം ലഭ്യമാണ്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കും ഇളവ് ലഭിക്കുന്നതിന് അവസരമുണ്ട്. ഓഡിറ്റില്‍ 100% കരുതല്‍ വയ്ക്കേണ്ടി വന്നിട്ടുള്ള വായ്പകള്‍ പദ്ധതിപ്രകാരം തീര്‍പ്പാക്കുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കുമെന്നും മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു