nava Kerala Dues Relief *Until December 31*

കഴിഞ്ഞ നവംബർ ഒന്നാം തീയതി ആരംഭിച്ച ‘നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ 2023’ രണ്ടാംഘട്ട കാമ്പെയിൻ ജനുവരി 31 വരെ തുടരും . നിശ്ചയിച്ചതനുസരിച്ച് പദ്ധതി ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് കുടിശികയായവർക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി നീട്ടണമെന്ന സഹകാരികളുടെയും ബാങ്കുകളുടെയും ആവശ്യത്തെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്.

ഇതനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീർക്കുന്നതിന് ഈ മാസം കുടി സാധിക്കും. സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക അടച്ചുതീർക്കാനാകും. മാരകരോഗം ബാധിച്ചവർ, പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളർന്ന് കിടപ്പായവർ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ, ഈ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെട്ടശേഷം മാതാപിതാക്കൾ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുന്ന കുട്ടികൾ തുടങ്ങിയവരുടെ വായ്പകൾ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീർപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ പദ്ധതി പ്രകാരം പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. അതിദരിദ്ര സർവ്വേ പ്രകാരമുള്ള പട്ടികയിൽ ഉൾപ്പെട്ടവരുടെ 2 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് ഇളവ് നൽകുന്നതിനുള്ള വ്യവസ്ഥകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, ഓവർഡ്രാഫ്റ്റ് വായ്പ, ക്യഷ് ക്രെഡിറ്റ് വായ്പ എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശ്ശികയുള്ള വായ്പകൾക്കും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കും ഇളവ് ലഭിക്കുന്നതിന് അവസരമുണ്ട്. ഓഡിറ്റിൽ 100% കരുതൽ വയ്ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ പദ്ധതിപ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേക മുൻഗണന നൽകും. ഈ പദ്ധതി അനുസരിച്ച് വായ്പ തീർപ്പാക്കിയശേഷം നടപടിക്രമങ്ങൾ പാലിച്ച് അവർക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ നിരവധിയായ സാധാരണക്കാർക്ക് ആശ്വാസം പകരാൻ സർക്കാരിനായിട്ടുണ്ട്.