ജനകീയ ഹോട്ടലില്‍ മന്ത്രിയെത്തി, പൊതിച്ചോര്‍ മനം നിറച്ചെന്ന് മന്ത്രി
തിരുവനന്തപുരം: ജനകീയ ഹോട്ടലുകള്‍ക്കെതിരായ പ്രചാരണങ്ങള്‍ക്കിടയില്‍ സഹകരണം, രജിസ്ട്രേഷന് മന്ത്രി വി.എന്‍. വാസവന് ജനകീയ ഭക്ഷണശാലയിലെത്തി. തിരുവനന്തപുരം എസ്എംവി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയില്‍ ഉച്ചയോടെ എത്തിയ മന്ത്രി അവിടെ നിന്നും പൊതിച്ചോറും വാങ്ങിയാണ് മടങ്ങിയത്. ഭക്ഷണം തയ്യാറാക്കുന്ന ജീവനക്കാരുമായി സംസാരിച്ച അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയിലും മന്ത്രിയെത്തി. സ്കൂളിന് എതിര്‍വശത്ത് നഗരസഭയുടെ കെട്ടിടത്തിലായിരുന്നു ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. അറ്റകുറ്റ പണികളെ തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ നല്കിയ സ്ഥലത്തേയ്ക്ക് ഭക്ഷണശാല മാറ്റിയത്. മന്ത്രിയെത്തുമ്പോല് ക്യൂവിലുണ്ടായിരുന്നവരോട് ഭക്ഷണത്തെ പറ്റിയും ഗുണനിലവാരത്തെ പറ്റിയുമൊക്കെ ചോദിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ഭക്ഷണം വാങ്ങാനെത്തിയവര്‍ പറഞ്ഞത്.
സാധാരണക്കാര്‍ക്ക് വിശപ്പകറ്റാനുള്ള ജനകീയ ബദലുകളാണ് കുടുംബശ്രീ നടത്തുന്ന ജനകീയ ഹോട്ടലുകളെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന ഹോട്ടലില്‍ പുലര്‍ച്ചെ മുതല്‍ സന്ധ്യവരെ പ്രവര്‍ത്തിച്ചാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ മികച്ച നിലവാരമുള്ള ഭക്ഷണം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്ക് ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാനും കഴിയുന്ന സംവിധാനമാണ് ജനകീയ ഹോട്ടലുകളെന്നും മന്ത്രി പറഞ്ഞു. സമ്പാറും മീന്‍കറിയും അച്ചാറടക്കം മൂന്നിനം കറികളും അടങ്ങുന്ന പൊതിച്ചോര്‍ രുചികരമായതാണെന്ന് പിന്നീട് മന്ത്രി ഫേസ് ബുക്ക് കുറിപ്പിലെഴുതി. സന്ദര്‍ശിച്ച ജനകീയ ഹോട്ടലില്‍ ഇരുന്നു കഴിക്കാന്‍ സംവിധാനമില്ലാത്തത് കൊണ്ട് പൊതിച്ചോര്‍ വാങ്ങി ഔദ്യോഗിക വസതിയിലെത്തിയാണ് കഴിച്ചതെന്നും മന്ത്രി ഫേസ് ബുക്കില്‍ വ്യക്തമാക്കി. കുടുംബശ്രീ പ്രവര്‍ത്തകരെയും ജനകീയ ഹോട്ടല്പ്രസ്ഥാനത്തെയും മന്ത്രി അഭിനന്ദിച്ചു.