കോസ്ടെക്-ഈസിഗോ സഹകരണത്തിന് ധാരണ
കേരളത്തിലെ സഹകരണ മേഖലയിൽ ഇലക്ട്രിക് വെഹിക്കിൾ (ഇ.വി.) ചാർജിംഗ് സ്റ്റേഷനുകൾ നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും ചെന്നൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈസിഗോയുമായി സഹകരണത്തിന് ധാരണയായി.
2030നകം സംസ്ഥാനത്തുടനീളം രണ്ടായിരം ഇവി ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ വളരുന്ന ഇലക്ട്രിക് വാഹന ആവാസന വ്യവസ്ഥയെ പിന്തുണക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഊന്നൽ.
അതിനൂതന സാങ്കേതികവിദ്യയുടെ ശ്രമത്തിന്റെ ഭാഗമായി നഗര കേന്ദ്രങ്ങൾ, അർദ്ധ നഗര പ്രദേശങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവയുൾപ്പെടെ വിവിധ സുപ്രധാനമായ സ്ഥലങ്ങളിൽ ഇ.വി. ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സഹകരണ സംഘങ്ങൾ, സ്റ്റാർട്ടപ്പുകൾ, യുവസംരംഭകർ, കുടുംബശ്രീകൾ, അപ്പാർട്ട്മെന്റുകൾ എന്നിവ നേതൃത്വം നൽകും. കാർബൺ പുറന്തള്ളൽ കുറയ്ക്കുക, ശുദ്ധമായ ഊർജത്തെ പിന്തുണയ്ക്കുക, പൊതുജനങ്ങൾക്ക് ഇ.വി. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ കേരളത്തിന്റെ കാഴ്ചപ്പാടുമായി പദ്ധതി സംയോജിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
സൗകര്യപ്രദവും വിശ്വാസനീയവുമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ലഭ്യതയോടെ കൂടുതൽ അപ്പാർട്മെന്റ്സ് ബിസിനസുകാരെയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രത്സാഹിപ്പിക്കുന്നതിലൂടെ ഫോസിൽ ഇന്ധന ആശ്രിതത്വം ഗണ്യമായി കുറയ്ക്കാനാകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന കോഫി ഷോപ്പുകൾ, ഇന്റർനെറ്റ് കഫേ, പബ്ലിക് ഇൻഫർമേഷൻ സെന്ററുകൾ മുതലായവ സംയോജിപ്പിച്ചുകൊണ്ടുള്ള ഇ.വി. ചാർജിങ് സ്റ്റേഷനുകളാണ് വിഭാവനം ചെയ്യുന്നത്. ഇ.വി. ഇൻഫ്രാസ്ട്രക്ചർ നടപ്പിലാക്കുന്നത് സഹകരണ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും.