കേരളീയം സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരള സംസ്‌കാരത്തിന്റെ ആഘോഷം

കേരളീയം 2023 എന്ന മലയാളികളുടെ മഹോത്സവം കേരളത്തിൻറെ തനിമയെന്തെന്ന് ലോകത്തിനു മുന്നിൽ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ജാതീയതയുടേയും ജന്മിത്വത്തിൻറേയും നുകങ്ങളിൽ നിന്നു മോചിപ്പിച്ച് മതേതരത്വത്തിൻറേയും ജനാധിപത്യത്തിൻറേയും വിളനിലമായി ഈ നാടിനെ നാമെങ്ങനെ മാറ്റിയെടുത്തു എന്ന് ലോകം അറിയേണ്ടതുണ്ട്. മതവർഗീയതയ്ക്ക് ഈ നാട്ടിലിടമില്ല എന്നു അടിവരയിട്ടു പറയേണ്ടതുണ്ട്. സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിൻറെ സംസ്കാരത്തെ ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നത്. ഏറ്റവും മികച്ച രീതിയിൽ അതേറ്റെടുത്ത് വിജയിപ്പിക്കാൻ ഏവരോടും അഭ്യർത്ഥിക്കുന്നു.

കേരളീയം 2023ന്റെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 10നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ, വ്യവസായ പ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള എന്നിവരുൾപ്പെടെ വലിയൊരു നിര പങ്കെടുക്കും.

കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. കേരളീയത്തിന്റെ സുപ്രധാന ഘടകമായ സെമിനാറുകൾ നവംബർ രണ്ടു മുതൽ ആറു വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ കലാപരിപാടികൾ അരങ്ങേറും. എക്സിബിഷൻ, ട്രേഡ് ഫെയർ, ഭക്ഷ്യമേളകൾ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ഉണ്ടാകും.

നവകേരളത്തിന്റെ ഭാവി രൂപരേഖയ്ക്കുള്ള 25 സെമിനാറുകൾ

നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകൾ കേരളീയത്തിന്റെ അഞ്ചു വേദികളിലായി നടക്കും. കേരളത്തിന്റെ കാർഷിക വ്യാവസായിക രംഗങ്ങളിലെ പുരോഗതിയുംഭാവി ലക്ഷ്യങ്ങളും ഈ സെമിനാറുകളിൽ ചർച്ച ചെയ്യും.

കേരളത്തിലെ കൃഷി സംബന്ധമായ സെമിനാറിൽ വിയ്റ്റാമിൽ നിന്നുള്ള കാവോ ഡുക് പാറ്റ് (ഇൻറർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ), ക്രിസ് ജാക്സൺ (ലോകബാങ്കിലെ മുതിർന്ന കാർഷിക സാമ്പത്തിക വിദഗ്ധൻ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേരളത്തിലെ ലിംഗനീതി, മുതിർന്ന പൗരന്മാരുടെ ക്ഷേമവും അവർ നേരിടുന്ന പ്രശ്നങ്ങളും, കേരളത്തിലെ ഭൂപരിഷ്‌കരണം, മത്സ്യമേഖല, തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും, വിദ്യാഭ്യാസരംഗം തുടങ്ങിയ വിഷയങ്ങളും സെമിനാറുകളിലുണ്ട്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സിംഗപ്പുരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിലെ വിസിറ്റിങ് പ്രഫസറായ ഡോ. റോബിൻ ജെഫ്രി, യു.എസിലെ ബ്രൗൺ സർവകലാശാലയിലെ സോഷ്യോളജി, ഇൻറർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സ് വിഭാഗം പ്രൊഫസറായ പാട്രിക് ഹെല്ലർ എന്നിവർ സംസാരിക്കും.

ആരോഗ്യ രംഗത്തെ പുരോഗതികളും കേരളം മഹാമാരിയെ നേരിട്ടതെങ്ങനെ എന്നതും ചർച്ചചെയ്യും. ഈ സെമിനാറുകളിൽ ബോസ്റ്റണിലെ ഹാവാർഡ് ടി.എച്ച്. ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ രാജ്യാന്തര ആരോഗ്യവിഭാഗത്തിലെ റിച്ചാർഡ് എ. കാഷ്, എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേൺഷൻ ചെന്നൈ ചെയർപേഴ്സൺ ഡോ സൗമ്യ സ്വാമിനാഥൻ തുടങ്ങിയവർ സംസാരിക്കും. ഐ ടി മേഖലയെ പറ്റിയുള്ള സെമിനാറിൽ തമിഴ്നാട് ഐ ടി മിനിസ്റ്റർ ഡോ പളനിവേൽ തങ്കരാജനും പങ്കെടുക്കും.

പ്രവാസി സമൂഹത്തെക്കുറിച്ച് ലോകബാങ്കിലെ മുതിർന്ന സാമ്പത്തികവിദഗ്ധൻ ദിലീപ് റാത്ത, ഖത്തറിലെ ഖലീഫ സർവകലാശാലയിലെ മൈഗ്രേഷൻ എത്തിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് വിഭാഗം പ്രൊഫസർ ഡോ. രാജൈ ആർ. ജുറൈദിനി എന്നിവർ സംസാരിക്കും. ഓൺലൈൻ – ഓഫ്‌ലൈൻ രീതികൾ സംയോജിപ്പിച്ചു നടത്തുന്ന 25 സെമിനാറുകളിലായി ഇരുനൂറിലധികം ദേശീയ-അന്തർദേശീയ പ്രഭാഷകർ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഇവർക്കാവശ്യമായ അനുമതികൾ ലഭിച്ചു.

വേദികൾ ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കുന്നതിനൊപ്പം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാകും സെമിനാറുകൾ നടത്തുക . എല്ലാ സെമിനാറുകളും ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനൊപ്പം ആംഗ്യ ഭാഷയിൽ തർജ്ജമയും ചെയ്യും. കേരളീയം വെബ്സൈറ്റിൽ സെമിനാറുകൾ സംബന്ധിച്ച തിയതി, സമയം, വേദി ,വിഷയം, പ്രഭാഷകരുടെ വിവരങ്ങൾ, ഓരോ സെമിനാറിൻറെയും കോൺസെപ്റ്റ് നോട്ടുകൾ തുടങ്ങി എല്ലാ വിവരങ്ങളും ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

25 പ്രദർശനങ്ങൾ, മുന്നൂറിലേറെ കലാപരിപാടികൾ, എട്ടു വേദികളിൽ ട്രേഡ് ഫെയറുകൾ, ഫുഡ് ഫെസ്റ്റിവലുകൾ

കിഴക്കേക്കോട്ട മുതൽ കവടിയാർ വരെയുള്ള സ്ഥലങ്ങളിൽ കേരളത്തിന്റെ വിവിധ മേഖലകളെ ദൃശ്യവൽക്കരിക്കുന്ന 25 പ്രദർശനങ്ങളും 30 വേദികളിലായി 4100 ഓളം കലാകാരന്മാരെ പങ്കെടുപ്പിച്ചു 300ലധികം കലാപരിപാടികളും കേരളീയത്തിൽ അരങ്ങേറും. വിവിധ സർക്കാർ വകുപ്പുകളിലൂടെ നടപ്പാക്കിവരുന്നതും കേരളത്തിന്റെ സമഗ്രമായ പുരോഗതിക്കു കാരണമായിട്ടുള്ളതുമായ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള എട്ടു പ്രധാന എക്സിബിഷനുകളാണ് പ്രദർശനങ്ങളുടെ ആദ്യഭാഗം. കനകക്കുന്ന്, ടാഗോർ തീയറ്റർ, യൂണിവേഴ്സിറ്റി കോളേജ്, അയ്യൻകാളി ഹാൾ, സെൻട്രൽ സ്റ്റേഡിയം, പുത്തരിക്കം എന്നീ വേദികളിലാണ് ഈ എക്സിബിഷനുകൾ ഒരുങ്ങുന്നത്. കിഫ്ബി, ദുരന്ത നിവാരണ അതോറിറ്റി, ടൂറിസം വകുപ്പ് എന്നിങ്ങനെ വിവിധ സർക്കാർ സ്ഥാപങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, ജല സംരക്ഷണം അടിസ്ഥാനമാക്കിയുള്ള പ്രദർശനം, വിവിധ കലാകാരമാർ ഒരുക്കുന്ന പ്രദർശനങ്ങൾ എന്നിങ്ങനെ 10 എക്സിബിഷനുകളും ഉണ്ടാകും. കേരളത്തിലെ പ്രശസ്തരായ ശിൽപ്പികൾ ഒരുക്കുന്ന 25 ഓളം ഇൻസ്റ്റലേഷനുകൾ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും ഉയരും. കേരളീയത്തിന്റെ ബ്രാൻഡിംഗ് ഡിസൈൻ ഏകോപിപ്പിക്കുന്നതും, കേരളത്തിന്റെ പൊതു സ്മാരകങ്ങൾ പ്രദർശന സങ്കേതങ്ങൾ എന്നിവ അന്തർദേശീയ ധാരയിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ റിയാസ് കോമു തയ്യാറാക്കുന്ന ആർട്ട് ഡോക്യുമെറ്റേഷനും എക്സിബിഷന്റെ ഭാഗമാണ്.

എട്ടു വേദികളിലായാണ് ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. 425 സംരംഭകർ പങ്കെടുക്കും. വ്യവസായ മേഖലയിലെയും വിനോദ സഞ്ചാര, ഹോസ്പിറ്റാലിറ്റി, ആരോഗ്യമേഖലയിലെ സംരംഭങ്ങളുടെ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. 200 ലധികം ബയേഴ്സ് പങ്കെടുക്കും. മാനവീയം വീഥി മുതൽ കിഴക്കേകോട്ട വരെ 11 വേദികളിലായി, കേരളത്തിൻറെ തനത് രുചികൾ ഉൾപ്പെടുത്തി വ്യത്യസ്തമായ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. തട്ടുകട മുതൽ ഫൈവ് സ്റ്റാർ വിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ 150 ലധികം സ്റ്റാളുകൾ സജ്ജീകരിക്കുന്നു. കൂടാതെ, ഫുഡ് ഷോ, ഫുഡ് ബ്രാൻഡിങ്, പരമ്പരാഗത ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും വിൽപനയും എന്നിവയുമുണ്ടാകും.

കേരളത്തിന്റെ സ്വന്തമായ 10 വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നതിന് ഓരോ വിഭവത്തിൻറെയും ചരിത്രം, നിർമ്മാണ രീതി അടക്കമുള്ള വീഡിയോ പ്രദർശനം സ്റ്റാളുകളിൽ ഉണ്ടാകും. യൂണിവേഴ്സിറ്റി കോളേജ് മുതൽ വാൻറോസ് ജങ്ഷൻ വരെ ഒരുക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ ഈ ഏഴ് ദിവസം നൈറ്റ് ലൈഫിന്റെ കൂടി ഭാഗമാകും. ഫുഡ് ഫെസ്റ്റിവലിന്റെ ബ്രാൻഡ് അംബാസിഡർമാരാകുന്നത് ദേശീയ അന്തർദേശീയ തലത്തിലും കേരളത്തിലും പ്രശസ്തരായ ഫുഡ് വ്ളോഗേഴ്സ് ആണ്.

കവടിയാർ മുതൽ കിഴക്കേകോട്ട വരെ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. പ്രധാന വേദികൾ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങൾ കൊണ്ട് അലങ്കരിക്കും. പ്രത്യേക ആശയങ്ങളുടെ അടിസ്ഥാനത്തിൽ ദീപക്കാഴ്ചകളാൽ കനകക്കുന്നിൽ വിവിധ സെൽഫി പോയിന്റുകളും ഉണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ കോർത്തിണക്കിയ ഇൻസ്റ്റലേഷനൊപ്പം അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്നായ നീലവെളിച്ചം പ്രമേയമാക്കി ഒരുക്കുന്ന സെൽഫി പോയിൻറാണ് ഇതിലൊന്ന്. ടാഗോർ തിയറ്ററിൽ മൂൺ ലൈറ്റുകൾ നിലാനടത്തത്തിന് വഴിയൊരുക്കും. മ്യൂസിയത്തിൽ കുട്ടികളെ ആകർഷിക്കുന്നതിനായി മൃഗങ്ങളുടെയും ചിത്രലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങൾ തീർക്കും. നിർമാണ ചാരുതയെ എടുത്തറിയിക്കുന്ന വിധത്തിലുള്ള നിറങ്ങളും വെളിച്ചവും അണിനിരത്തിയാണ് സെക്രട്ടറിയേറ്റിലെ ദീപാലങ്കാരം.

100 ചിത്രങ്ങളുമായി ചലച്ചിത്രമേള, ആറു വേദികളിൽ പുഷ്പോത്സവം

ചലച്ചിത്ര അക്കാദമി കേരളീയത്തിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിൽ 100 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. 87 ഫീച്ചർ ഫിലിമുകളും പബ്ളിക് റിലേഷൻസ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിർമ്മിച്ച 13 ഡോക്യുമെൻററികളുമാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികതയുടെ സഹായത്തോടെ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും മിഴിവ് വർധിപ്പിച്ച് പുനരുദ്ധരിച്ച അഞ്ചു ക്ലാസിക് സിനിമകളുടെ പ്രദർശനം മേളയുടെ മുഖ്യ ആകർഷണമായിരിക്കും.

ആറുവേദികളിലായി പുഷ്പോത്സവം സംഘടിപ്പിക്കും. പുത്തരിക്കണ്ടം, സെൻട്രൽ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീ വേദികളിലാണ് പുഷ്പോത്സവം. നഗരത്തിലെ അഞ്ചുവേദികളിലെ പ്രധാനകേന്ദ്രങ്ങളിൽ കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ആറു പുഷ്പ ഇൻസ്റ്റലേഷനുകളും ഉണ്ടാകും. ഭൂപ്രകൃതി, കാലാവസ്ഥ, മഴയുടെ ലഭ്യത തുടങ്ങി പ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങളിൽ ധാരാളം സവിശേഷതകളുള്ള സംസ്ഥാനമാണ് കേരളം. ഭൂവിനിയോഗത്തിലുൺണ്ടായ മാറ്റമുൾപ്പെടെ മനുഷ്യ ഇടപെടലുകൾ നിമിത്തം ജലലഭ്യതയിൽ വൻതോതിൽ വ്യതിയാനം സംഭവിക്കുന്ന സാഹചര്യത്തിൽ ജലവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ വസ്തുത മുൻനിർത്തിയാണ് കേരളീയം 2023 ൽ ജലസംരക്ഷണവും ജലസുരക്ഷയും ഒരു പ്രധാന വിഷയമാക്കിയത്. ജലമേഖലയിൽ നടത്തി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ വിലയിരുത്തലും വിശകലനവും എന്നതിനു പുറമെ ഭാവി പരിപാടികളുടെ ആസൂത്രണത്തിനുതകുന്ന പഠന പ്രക്രിയയ്ക്കു കൂടി കേരളീയം 2023 വേദിയാവുകയാണ്.

കേരളീയം: സുരക്ഷ ഉറപ്പാക്കാൻ ആയിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം സിറ്റി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാലു സോണുകളായി തിരിച്ച് ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥർ, 250 ലേറെ വനിതാ പോലീസ് ഉദ്യോഗസ്ഥർ, 400 ലധികം സ്പെഷ്യൽ പോലീസ് ഓഫീസർമാർ എന്നിവരെ ഡ്യൂട്ടിക്കായി നിയോഗിച്ചു.

പ്രധാനവേദികളിൽ ആരോഗ്യവകുപ്പിന്റെയും, ഫയർ ഫോഴ്സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റിൻറെയും, ആംബുലൻസിൻറെയും സേവനം വിവിധ ഭാഗങ്ങളിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളിൽ പോലീസിൻറെയും സിറ്റി ഷാഡോടീമിൻറെയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തിരക്ക് അനുഭവപ്പെടാൻ സാധ്യതയുളള റോഡുകൾ/ഇടറോഡുകൾ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ നിശ്ചിത ഇടവേളകളിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ നീരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കി. കനകക്കുന്നിലും, പുത്തരിക്കണ്ടത്തും രണ്ടു സ്പെഷ്യൽ പോലീസ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. 10 എയ്ഡ് പോസ്റ്റ്/സബ് കൺട്രോൾ റൂം കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുണ്ട്.

കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ്സോണായും, അതിലേക്ക് ചേരുന്ന മറ്റു റോഡുകളെ ഓറഞ്ച്സോണായും, മറ്റു ഭാഗങ്ങളെ ഗ്രീൻസോണായും തരം തിരിച്ചിട്ടുണ്ട്. കവടിയാർ മുതൽ കിഴക്കേകോട്ടവരെയുളള റെഡ് സോണിൽ വൈകിട്ട് ആറു മുതൽ രാത്രി 11 വരെ വാഹന ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. നിർദ്ദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെയുളള പാർക്കിംഗ് അനുവദിക്കില്ല.

പൊതുജനങ്ങൾക്ക് സുഗമമായി വിവിധ വേദികൾ സന്ദർശിക്കുന്നതിന് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതാണ്. റെഡ് സോണുകളിൽ മറ്റു വാഹനങ്ങൾ നിരോധിക്കുന്നതിനും പകരം കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ ഇലക്ട്രിക് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. നിശ്ചിത പാർക്കിംങ് ഏരിയകളിൽ നിന്നും നിലവിലെ സർവ്വീസുകൾക്കു പുറമെ റെഡ് സോണുമായി ബന്ധിപ്പിക്കുന്നതിന് കെ.എസ്.ആർ.ടി.സി കൂടുതൽ സർവ്വീസുകൾ ആവശ്യാനുസരണം 10 രൂപാ നിരക്കിൽ നടത്തും.

 

കൂടുതൽ വായിക്കാൻ