കാപ്കോസ്-ഒരു ചുവടു കൂടി മുന്നോട്ട്
കാപ്കോസ് അതിന്റെ പ്രവർത്തനപഥത്തിൽ ഒരു ചുവടു കൂടി മുന്നോട്ടുവയ്ക്കുകയാണ്. സഹകരണമേഖലയിലെ ആധുനിക റൈസ്മിൽ സമീപഭാവിയിൽ തന്നെ കോട്ടയത്ത് യാഥാർത്ഥ്യമാകും. കാപ്‌കോസിന്റെ ഓഹരിമൂലധന സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി. കടുത്തുരുത്തി റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓഹരി ബാങ്ക് പ്രസിഡന്റ് കെ ജയകൃഷ്ണനിൽ നിന്ന് സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സഹകരണ വകുപ്പിന്റെ ഈ പദ്ധതി നടപ്പിലാക്കുന്നതോടുകൂടി പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ നിന്ന് നെല്ല് സംഭരിച്ച് സംസ്‌കരിച്ച് വിതരണം ചെയ്യുന്നതിനുള്ള സംവിധാനമാണ് യാഥാർത്ഥ്യമാകുക . കിടങ്ങൂർ പഞ്ചായത്തിൽ കാപ്‌കോസ് വാങ്ങിയ 10 ഏക്കർ ഭൂമിയിലാണ് നെല്ല് സംഭരണത്തിനായി ഗോഡൗണും, മൂല്ല്യവർദ്ധിത ഉത്പന്നനിർമ്മാണത്തിന് ആധുനികമില്ലും അനുബന്ധ ഉപകരങ്ങളും സ്ഥാപിക്കുക.
പദ്ധതി പൂർത്തിയാകുന്നതോടെ നെല്ലു സംസ്‌കരണത്തിന്റെ 10 ശതമാനമെങ്കിലും സർക്കാർ -സഹകരണ മേഖലയുടെ കൈയിലെത്തും. ഇപ്പോഴിത് 2.75 ശതമാനം മാത്രമാണ്. ഒരുവർഷം എട്ട് ലക്ഷത്തിലധികം ടൺ നെല്ല് സപ്ലൈകോ സംഭരിക്കുമ്പോൾ 7 ലക്ഷം ടണ്ണും സംസ്‌കരിക്കുന്നതു സ്വകാര്യമില്ലുകളാണ്. നെൽകർഷകരുടെ സംഭരണ, വിപണന പ്രശ്‌നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച കാപ്‌കോസ് 86 കോടി രൂപയുടെ പദ്ധതിയാണ് കിടങ്ങൂരിൽ സാധ്യമാക്കുന്നത്. ഇതിൽ 30 കോടി രൂപ ഓഹരി മൂലധനത്തിലൂടെയും ബാങ്കി തുക സർക്കാരിന്റെയും, വിവിധ ഏജൻസികളുടെയും സഹായത്തോടെയാണ് സമാഹരിക്കുക.