കാപ്‌കോസ് ആധുനിക റൈസ് മിൽ നിർമാണത്തിനു തുടക്കം
എല്ലാ ജില്ലയിലും സഹകരണ വ്യവസായ പാർക്കുകൾ
സഹകരണമേഖലയിൽ കിടങ്ങൂർ കൂടല്ലൂരിൽ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്കോസ്) ആരംഭിക്കുന്ന ആധുനിക റൈസ് മില്ലിന്റെ നിർമാണം ആരംഭിച്ചു.
നെല്ലുസംഭരണത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾ മനസിലാക്കിയാണ് സഹകരണമേഖലയിൽ റൈസ് മിൽ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്. കാപ്‌കോസിന്റെ ആധുനിക റൈസ് മില്ലിന്റെ നിർമാണം ഈ സർക്കാരിന്റെ കാലത്ത് തന്നെ സമയബന്ധിതമായി പൂർത്തീകരിച്ച് അരി ജനങ്ങൾക്ക് എത്തിക്കും. കൃഷിക്കാർക്ക് എറെ സഹായകമാകും. നൂതനമായ ജർമ്മൻ സാങ്കേതിക വിദ്യയാണ് മില്ലിനായി പ്രയോജനപ്പെടുത്തുന്നത്. 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സഹകരണ കൺസോർഷ്യം, നബാർഡ്, കേരള ബാങ്ക് എന്നിവ വഴി ഇതിനാവശ്യമായ തുക കണ്ടെത്തും. 50,000 മെട്രിക് ടൺ നെല്ല് സംസ്‌ക്കരിക്കാൻ ശേഷിയുള്ളതാണ് മില്ല്.
കോട്ടയം ആസ്ഥാനമാക്കി രൂപീകരിച്ച കാപ്കോസ് 80 കോടി രൂപ ചിലവിലാണ് മില്ല് സ്ഥാപിക്കുന്നത്. കുട്ടനാട്, അപ്പർ കുട്ടനാട് നെൽകർഷകരുടെ സംരക്ഷണത്തിനായി സഹകരണമേഖലയുടെ ഇടപെടൽ ശക്തമാക്കുകയാണ് ലക്ഷ്യം. ഏറ്റുമാനൂർ കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം പത്തേക്കർ ഭൂമിയിലാണ് ഗോഡൗണും ആധുനികമില്ലും സ്ഥാപിക്കുന്നത്. ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ മില്ലുകൾ സന്ദർശിച്ച് പഠനം നടത്തിയശേഷമാണ് വിദഗ്ധസംഘം മില്ലിന്റെ രൂപരേഖ തയാറാക്കിയത്.
നെല്ല് സൂക്ഷിക്കുന്നതിനുള്ള വെയർഹൗസ്, ഈർപ്പം ക്രമീകരിക്കുന്നതിനുള്ള സാങ്കേതിക വിദ്യ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. മില്ല് പൂർത്തിയാകുന്നതോടെ നെല്ലു സംസ്‌കരണത്തിന്റെ മേഖലയിൽ നാലുശതമാനം കൂടി സർക്കാർ-സഹകരണമേഖലയുടെ കൈയിലെത്തും. പദ്ധതിയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ് നിർമാണചുമതല. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കി ഉൽപാദനം ആരംഭിക്കുകയാണ് ലക്ഷ്യം.
സഹകരണമേഖല വ്യവസായരംഗത്ത് അനന്ത സാധ്യതകൾ തുറക്കുകയാണ്. എല്ലാ മേഖലകളിലേക്കും സഹകരണമേഖല കടന്നുചെല്ലുകയാണ്. ലാഭം മാത്രം നോക്കിയല്ല സാമൂഹിക പ്രതിബന്ധതയോടെയാണ് സഹകരണമേഖല പ്രവർത്തിക്കുന്നത്. ആതുരസേവനം, വിദ്യാഭ്യാസം അടക്കം എല്ലാമേഖലകളിലും സഹകരണമേഖല കടന്നുചെന്നിരിക്കുന്നു. വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു. ജനങ്ങൾക്ക് ആശ്വാസമേകുന്നു, സഹായമേകുന്നു. സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 412 ഇനം വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. ഇവ കയറ്റുമതി ചെയ്യുന്നു. എല്ലാ ജില്ലകളിലും വ്യവസായ പാർക്കുകൾ ആരംഭിക്കുകയാണ്. വ്യവസായവകുപ്പുമായി ചർച്ചകഴിഞ്ഞു. സംരംഭങ്ങൾ ആരംഭിക്കാൻ വനിതാ സഹകരണസംഘങ്ങൾക്ക് മൂന്നു ലക്ഷവും വ്യവസായ പാർക്കുകൾക്ക് മൂന്നു കോടി രൂപ വരെയും ലഭ്യമാക്കാമെന്ന് വ്യവസായവകുപ്പ് അറിയിച്ചിട്ടുണ്ട്. സഹകരണ മേഖല നാമാവശേഷമായെന്ന വ്യാപക പ്രചാരണമാണ് അടുത്തിടെ ഉണ്ടായത്. എന്നാൽ സഹകരണനിക്ഷേപ സമാഹരണ യഞ്ജത്തിലൂടെ 9000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് ഇത്തവണ 23262 കോടി രൂപയാണ് സഹകരണസംഘങ്ങളിൽ നിക്ഷേപമായെത്തിയത്. സഹകരണമേഖലയുടെ പ്രസക്തി ജനങ്ങൾ തിരിച്ചറിയുന്നു.