4 panchayats of Etumanoor constituency in the second Kuttanad package

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ 4 പഞ്ചായത്തുകളെ രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി. അയ്മനം, ആർപ്പുക്കര, കുമരകം, നീണ്ടൂർ എന്നീ പഞ്ചായത്തുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച കൃഷിവകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി.

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകൾ രണ്ടാം കുട്ടനാട് പാക്കേജ് പദ്ധതിയുടെ ഭാഗമാക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാന ആസൂത്രണ ബോർഡും കിഫ്ബിയും ബന്ധപ്പെട്ട വകുപ്പുകളും റീബിൽഡ് കേരളയും ഏകോപിച്ച് നടപ്പാക്കുന്ന കുട്ടനാടിന്റെ രണ്ടാം പാക്കേജ് സമഗ്ര വികസന പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പാക്കേജ് പ്രവർത്തനങ്ങൾ മുഖ്യമന്ത്രി ചെയർമാനായ കുട്ടനാട് വികസന ഏകോപന കൗൺസിലാണ് ഏകോപിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, ഉത്തരവാദിത്വടൂറിസം പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലൂടെ വികസനം സാധ്യമാക്കുക. ഉൾനാടൻ ജലഗതാഗത വികസനം തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്.
കൃഷി, മൃഗസംരക്ഷണം, മത്സ്യവികസനം എന്നിവയുടെ സംയോജിത കൃഷിരീതികൾ അവലംബിക്കുക, മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്കിടയിൽ സ്വയംസഹായ സംഘങ്ങൾ വ്യാപിപ്പിക്കുക തുടങ്ങിയവയും പാക്കേജിന്റെ ഭാഗമാണ്.

പാക്കേജിന്റെ ഭാഗമായി വേമ്പനാട്ട് കായലിലടക്കം വിവിധ ഭാഗങ്ങളിലെ തോടുകളും മറ്റ് ജലപാതകളും വൃത്തിയാക്കി ബണ്ടുകൾ ശക്തിപ്പെടുത്തി സംരക്ഷിക്കാനായി 137 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമെ പദ്ധതിയുടെ ഭാഗമെന്നോണം പാടശേഖരങ്ങളുടെ പുറംബണ്ട് നിർമ്മാണത്തിന് 100 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട് .

കാർഷികമേഖലയുടെ വളർച്ചയും കർഷകവരുമാനത്തിന്റെ തോതും വർധിപ്പിക്കുക, വേമ്പനാട് കായൽവ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങൾ താങ്ങാൻ കഴിയുന്ന സ്ഥിതിയിലാക്കുക, പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാൻ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതി നടപ്പിലാവുന്നതിലൂടെ സാധ്യമാവുക.
കാർഷികമേഖലയിലും അവിടുത്തെ ജനജീവിതത്തിലും സമഗ്രമായ ഇടപടലാകും ഇതുവഴി ഉണ്ടാകുക. കൃത്യസമയത്തു നല്ലയിനം വിത്തുകൾ വിതരണംചെയ്യുക, ആവശ്യമായ വിത്തിനങ്ങൾ അവിടെത്തന്നെ ഉൽപാദിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങി പ്രവൃത്തികളും ഈ പാക്കേജിലൂടെ വിഭാവനം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഈ പ്രദേശത്തിന്റെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്കുള്ള പരിഹാര നിർദ്ദേശവുമായാണ് രണ്ടാം കുട്ടനാട് പാക്കജ് പ്രഖ്യാപിക്കുന്നത്. കാലങ്ങളായി ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പലവിധ പ്രശ്‌നങ്ങൾക്കും ഇതുവഴി പരിഹാരം കാണാനാകും.