നാടിന് ആവേശം നല്കി ഉത്സവാന്തരീക്ഷത്തില്‍ പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഒരോ മലയാളിക്കും അഭിമാന നിമിഷമായി മാറി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന് നിര്‍വ്വഹിച്ച നിമിഷം.
രാജ്യത്തെ ആദ്യത്തെ ട്രാന്‍ഷിപ്പ്മെന്റ് തുറമുഖമാണ് പ്രധാനമന്ത്രി കമ്മീഷന് ചെയ്തത്. ഇതിലൂടെ കേരളം വികസനത്തിന്റെ പുതിയ യുഗത്തിന് നാന്ദി കുറിക്കപ്പെടുകയാണ്. കേരള സര്‍ക്കാരിന്റെ ഇച്ഛാശക്തിയും സര്‍ക്കാരിനൊപ്പം നിലയുറപ്പിച്ച ഈ നാടിന്റെ കെട്ടുറപ്പുമാണ് ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. തുറമുഖത്തിന്റെ ശില്പി എന്നും കേരളം കണ്ട സ്വപ്നം പൂര്‍ത്തിയാക്കാന്‍ കാലം കരുതിവച്ച കര്‍മയോഗി എന്നുമാണ് മുഖ്യമന്ത്രിയെ സ്വാഗത പ്രസംഗത്തില്‍ മന്ത്രി വി.എന്‍.വാസവന് വിശേഷിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്, മന്ത്രിമാരായ ജി.ആര്.അനില്‍, സജി ചെയര്മാന്, എ.എ. റഹീം എംപി, ജോണ്‍ബ്രിട്ടാസ് എംപി, ശശി തരൂര്‍ എംപി, ഗൗതം അദാനി, കരണ്‍ അദാനി, മേയര്‍ ആര്യാ രാജേന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പോര്‍ട്ട് ഓപ്പറേഷന് സെന്റര്‍ നടന്നു കണ്ട ശേഷം 11 മണിയോടെ മോദി ഉദ്ഘാടനത്തിനായി വേദിയില്‍ എത്തിച്ചേര്‍ന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞത് ആഹ്ലാദത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
1996 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണിവിടെ യാഥാര്‍ത്ഥ്യമായത്. ഇടക്കാലത്ത് അനിശ്ചിതത്വത്തിലായ പദ്ധതി. പദ്ധതിപഠനത്തിനായി 2009 -ല്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ നിയോഗിച്ചു. 2010 -ല്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടന്നെങ്കിലും കേന്ദ്രം ആ ഘട്ടത്തില്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നുള്ള ഘട്ടം പദ്ധതിക്കായുള്ള ഇടതുപക്ഷ മുന്നണിയുടെ പ്രക്ഷോഭങ്ങളുടേതായിരുന്നു. അതിനൊടുവില്‍ 2015 -ല്‍ ഒരു കരാറുണ്ടായി. എന്നാല്‍ പല തലങ്ങളിലുള്ള വിമര്‍ശനങ്ങള്‍ അതു നേരിട്ടു. വികസന കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവു വേണ്ട എന്ന ഇടതുപക്ഷ നയത്തിന്റെ ഭാഗമായി അതു പ്രകാരമാണ് 2016 -ല്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകള്‍ എടുത്തു. അതാണ് ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കി മാറ്റിയത്.