സിനിമയുടെ അനന്ത സാധ്യതകൾ തുറക്കുന്ന കേരള ഫിലിം മാർക്കറ്റ് രണ്ടാംപതിപ്പ്
ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റിന്റെ (കെഎഫ്എം -2) രണ്ടാംപതിപ്പ് ഡിസംബർ 11, 12, 13 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും. കെഎഫ്എം 2 -ൽ ബി 2 ബി മീറ്റിങ്ങുകളും ലോകസിനിമയിലെ പ്രതിഭകൾ നയിക്കുന്ന ശില്പശാലകളും മാസ്റ്റർ ക്ലാസ്സുകളും ഉണ്ടായിരിക്കുമെന്നു സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ എറണാകുളം ഗസ്റ്റ് ഹൗസിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
സിനിമ-ഏവിജിസി-എക്‌സ്ആർ മേഖലകളിലെ നൂതന അറിവുകൾ ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന കെഎഫ്എം 2 വേദികൾ തിരുവനന്തപുരം ടാഗോർ തീയേറ്ററും തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയും ആയിരിക്കും. ലോകസിനിമ സഞ്ചരിക്കുന്ന വഴികൾ തിരിച്ചറിയാനുള്ള അവസരമാണ് കെഎഫ്എമ്മിലൂടെ ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ലോകസിനിമയിലെ പ്രതിഭകളുമായി സംവദിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും അവസരമുണ്ടാകും.
പാരീസ് ആസ്ഥാനമായുള്ള ഫിലിം സെയിൽസ് ഏജൻസിയായ ആൽഫ വയലറ്റിന്റെ സ്ഥാപക കെയ്‌കോ ഫുനാറ്റോ, ബാരേന്റ്സ് ഫിലിംസ് എഎസിന്റെ മാനേജിങ് ഡയറക്ടറും പ്രശസ്ത നിർമാതാവുമായ ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ എന്നിവരുമായി ബി 2 ബി മീറ്റിംഗിന് അവസരം ഉണ്ടായിരിക്കും. കൂടാതെ പ്രശസ്ത ഛായാഗ്രാഹകൻ ആഗ്‌നസ് ഗോദാർദ് നേതൃത്വം നൽകുന്ന സിനിമറ്റൊഗ്രഫി ശില്പശാല, പ്രശസ്ത ഫ്രഞ്ച് സംഗീതജ്ഞ ബിയാട്രിസ് തിരെ നേതൃത്വം നൽകുന്ന പശ്ചാത്തല സംഗീത ശില്പശാല എന്നിവയും മുഖ്യ ആകർഷണങ്ങളാകും.
ആഗ്‌നസ് ഗോദാർദ് (സിനിമറ്റൊഗ്രഫി), ബിയാട്രിസ് തിരെ (പശ്ചാത്തല സംഗീതം), ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ (കോ-പ്രൊഡക്ഷനും ധനസമാഹരണവും), പ്രശസ്ത തിരക്കഥാകൃത്ത് ജൂലിയറ്റ് സെലസ് (തിരക്കഥാരചന), യൂനുസ് ബുഖാരി (വിർച്വൽ പ്രൊഡക്ഷൻ), ശ്രീകർ പ്രസാദ് (എഡിറ്റിംഗ്), അജിത് പത്മനാഭൻ (ഇമഴ്‌സീവ് ടെക്‌നോളജി ഫോർ ഹെറിറ്റേജ്), ലോയിക് ടാൻഗ(ഒരു ആശയത്തിന്റെ പ്രിന്റ് മുതൽ എക്സ്റ്റന്റഡ് റിയാലിറ്റി വരെ) എന്നിവർ മാസ്റ്റർ ക്‌ളാസുകൾ നയിക്കും.
അനവധി പ്രതിഭകൾ വ്യത്യസ്ത വിഷയങ്ങളിൽ ഡെലിഗേറ്റുകളുമായി സംവദിക്കും. കെഎഫ്എം 2 നടക്കുന്ന മൂന്നുദിവസങ്ങളിലും വിജയിച്ച മലയാള സിനിമകളുടെ നിർമാതാക്കളുമായുള്ള ആശയവിനിമയ സെഷനും ഉണ്ടാകും.
ഡിസംബർ 13 മുതൽ 20 വരെ തലസ്ഥാനത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രധാന പരിപാടിയാണു കേരള ഫിലിം മാർക്കറ്റ്. ചലച്ചിത്ര നിർമാതാക്കൾ, ക്രീയേറ്റീവ് പ്രൊഫഷണലുകൾ എന്നിവരുടെ സജീവ പങ്കാളിത്തം പ്രതീഷിക്കപ്പെടുന്ന കേരള ഫിലിം മാർക്കറ്റ് വരുംപതിപ്പുകളിൽ ഗോവ ഫിലിം ഫെസ്റ്റിവലിലെ ഫിലിം ബസാറിന് തുല്യമായ സംവിധാനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു രൂപപ്പെടുത്തിയിരിക്കുന്നതെന്നു ചെയർമാൻ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കോർപറേഷൻ മാനേജിങ് ഡയറക്ടർ പി എസ് പ്രിയദർശനൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.