The Cooperative Reconstruction Fund has become a reality

സഹകരണ പുനരുദ്ധാരണനിധി യാഥാർത്ഥ്യമായി

കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സഹകരണ പുനരുദ്ധാരണ നിധി യാഥാർത്ഥ്യമായി. ഇതു സംബന്ധിച്ച ഗസ്റ്റ് വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി.

പ്രതിസന്ധി നിമിത്തം ദുർബലമായതോ സുഷുപ്താവസ്ഥയിലായതോ(dormant) ആയ സംഘങ്ങൾ പുനരുദ്ധരിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .സഹകരണ മേഖലയിലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും സഹകരണ സംഘങ്ങളുടെ സംഭാവനകൾ തുടർന്നും ഉറപ്പാക്കുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

സഹകരണ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായ സംസ്ഥാന ഉന്നതതല കമ്മറ്റിയായിരിക്കും ഫണ്ട് അനുവദിക്കുന്നതിനുള്ള ഉന്നതാധികാര സമിതി. സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്‌കാർ, സംസ്ഥാന സഹകരണ യൂണിയൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, പാക്സ് അസോസിയേഷൻ പ്രസിഡന്റ്, സഹകരണ സംഘം അഡീഷണൽ രജിസ്മാർ (ക്രെഡിറ്റ്), സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന രണ്ട് വിദഗ്ദർ എന്നിവർ സംസ്ഥാന ഉന്നതതല കമ്മറ്റിയിൽ അംഗങ്ങളായിരിക്കും.

കേരള സഹകരണ സംഘം നിയമം പ്രകാരം രജിസ്റ്റർ ചെയ്ത സഹകരണ സംഘങ്ങൾക്കാണ് ഈ പദ്ധതി പ്രകാരം ആനുകൂല്ല്യങ്ങൾ ലഭിക്കുക. പ്രവർത്തന വൈകല്യം, പ്രവർത്തന മൂലധനത്തിന്റെ അഭാവം, ഹ്രസ്വകാല പണലഭ്യതക്കുറവ്, തുടങ്ങിയവ മൂലം പ്രവർത്തനം മന്ദീഭവിച്ച സംഘങ്ങളിൽ പ്രായോഗികവും ശക്തിയാർജ്ജിക്കാൻ കഴിയുന്നതുമായ സഹകരണ സംഘങ്ങളെയായിരിക്കും ഇതനുസരിച്ച് പുനരുദ്ധാരണത്തിനായി പരിഗണിക്കുക.

ധനസഹായം ആവശ്യമുള്ള സഹകരണ സംഘം പുനുരുജ്ജീവന പദ്ധതി രേഖ തയ്യാറാക്കി ജില്ലാതല മോണിട്ടറിംഗ് കമ്മറ്റിയുടെ ശിപാർശയോടെ സഹകരണ സംഘം രജിസ്ട്രാർ മുഖാന്തിരം സംസ്ഥാന ഉന്നതതല കമ്മറ്റിക്ക് സമർപ്പിക്കേണ്ടതും, സംസ്ഥാന ഉന്നതതല കമ്മറ്റിയുടെ തീരുമാനപ്രകാരം പദ്ധതിയുടെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി തുക അനുവദിക്കും . ഈ ധനസഹായം പുനരുദ്ധാരണ പദ്ധതിക്ക് മാത്രമാണ് വിനിയോഗിക്കുക.

പദ്ധതി പ്രകാരം അനുവദിക്കുന്ന തുകക്ക് ആദ്യത്തെ രണ്ട് വർഷം തിരിച്ചടവിന് മൊറട്ടേറിയം ലഭിക്കും. 5 വർഷം മുതൽ 10 വർഷം വരെയാണ് തിരിച്ചടവ് കാലയളവ്. സംസ്ഥാന ഉന്നതതല കമ്മിറ്റി തിരിച്ചടവ് തവണകളും പലിശ നിരക്കും കാലാകാലങ്ങളിൽ നിശ്ചയിച്ചു നൽകും.

സംഘങ്ങൾക്ക് പ്രതിസന്ധി വരുന്ന അവസരത്തിൽ സഹകരണ പുനരുദ്ധാരണ പദ്ധതിയിൽ നിന്നുള്ള സാമ്പത്തിക സാഹായം കൂടാതെ ആ സംഘം കരുതൽ ധനമായി സ്വരൂപിച്ചിട്ടുള്ള തുകയും വ്യവസ്ഥകൾക്ക് വിധേയമായി വിനിയോഗിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതാണ്.
ഇപ്രകാരം അനുവദിക്കുന്ന തുക ഉപയോഗിച്ച് ധനസഹായം ലഭ്യമാകുന്ന സംഘം നിലവിലുള്ള പ്രതിസന്ധി തരണം ചെയ്ത് പ്രവർത്തനസജ്ജമാകുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് സംസ്ഥാനതല മോണിട്ടറിംഗ് സെൽ, ജില്ലാ തല മോണിട്ടറിംഗ് കമ്മറ്റി,താലൂക്ക് തല മോണിട്ടറിംഗ് കമ്മറ്റി, സംഘം തല മോണിട്ടറിംഗ് കമ്മറ്റി തുടങ്ങിയ വിവിധ തലത്തിലുള്ള കമ്മറ്റികളുടെ ചുമതലയിലായിരിക്കും

പുനരുദ്ധാരണ നിധിയിലേക്കുള്ള ഫണ്ട്

സഹകരണ സംഘങ്ങളുടെ കരുതൽ ധനത്തിന്റെ 50 ശതമാനത്തിൽ അധികരിക്കാത്ത തുക, കാർഷിക വായ്പാ സംഘങ്ങളുടെ അറ്റാദായത്തിൽ നിന്നും നീക്കിവച്ചിരിക്കുന്ന അഗ്രികൾച്ചറൽ ക്രെഡിറ്റ് സ്റ്റെബിലൈസേഷൻ ഫണ്ടിന്റെ 50 ശതമാനത്തിൽ അധികരിക്കാത്ത തുക, കാലാകാലങ്ങളിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ അനുവദിക്കുന്ന തുക, ഈ സ്‌കീമിൽ വ്യവസ്ഥ ചെയ്തിട്ടുളള പ്രകാരം ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാവുന്ന മറ്റേതെങ്കിലും തുക തുടങ്ങിയവയാണ് ഇതിലേക്ക് ലഭിക്കുക.

ഫണ്ട് പ്രകാരം ലഭിക്കുന്ന തുക സംസ്ഥാന സഹകരണ ബാങ്കിൽ നിക്ഷേപിക്കും. ഈ തുകയ്ക്ക് കാലാകാലം സഹകരണ സംഘങ്ങൾ നിക്ഷേപിക്കുന്ന കരുതൽ ധനത്തിന് നൽകി വരുന്ന പലിശ നിരക്കിൽ കുറയാത്ത പലിശ നിരക്ക് ലഭിക്കും. സഹകരണ സംഘം രജിസ്ട്രാർ ആഫീസിലെ അഡീഷണൽ രജിസ്ട്രാർ (പ്ലാനിംഗ് & ഐ.സി.ഡി.പി) പദ്ധതിയുടെ ഫണ്ട് മാനേജരായി പ്രവർത്തിക്കുന്നതാണ്.

ഇന്ത്യയ്ക്ക് മാതൃകയാവുന്ന പദ്ധതി

നാടിന്റെ സമ്പദ്ഘടനയെ സഹായിക്കാൻ എല്ലാ അർത്ഥത്തിലും ഇടപെടുന്ന സഹകരണപ്രസ്ഥാനങ്ങളെ സംരക്ഷിക്കുക എന്നതാണ് പുനരുദ്ധാരണനിധിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പത്രക്കുറിപ്പിൽ പറഞ്ഞു. സമഗ്രഹമായ സഹകരണനിയമഭേദഗതി നടപ്പിൽ വന്നു കഴിഞ്ഞു. അതിന്റെ ചട്ടങ്ങളും രൂപീകരിച്ചു , ഓഡിറ്റ് സമ്പ്രദായവും പരിഷ്‌കരിച്ച് ടീം ഓഡിറ്റ് നടപ്പിലാക്കി . ഇതിനൊപ്പം ഏതെങ്കിലും സഹകരണ പ്രസ്ഥാനം പിന്നോക്കം പോകുന്ന സ്ഥിതിവിശേഷം വരുമ്പോൾ അതിനെ കൈപിടിച്ച് ഉയർത്തിക്കോണ്ടുവരാൻ സഹായിക്കുന്ന രീതിയിൽ ഒരു സാമ്പത്തികസ്രോതസ് ഉണ്ടാവണം എന്ന് ആലോചനയിൽ നിന്നാണ് സഹകരണ പുനരുദ്ധാരണ നിധി എന്ന ആശയം ഈ സർക്കാർ മുന്നോട്ടു വയ്ക്കുന്നതും ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതും. ഇന്ത്യയിലെ സഹകരണ ബാങ്കിങ്ങ്‌ മേഖലയ്ക്ക് ആകെ മാതൃകയായ പദ്ധതിയാണിത്.