Co-operative Members' Relief Fund disbursed Rs. 22,93,50,000

സഹകരണ അംഗ സമാശ്വാസനിധി- വിതരണം ചെയ്തത് 22,93,50,000 രൂപ

കേരളസമൂഹത്തിന്റെ വികസനത്തിലും സാമ്പത്തികമുന്നേറ്റത്തിലും സഹകരണമേഖല വഹിക്കുന്ന പങ്ക് വലുതാണ്. ചികിത്‌സകൾക്ക് വഴി കണ്ടെത്താനാവാതെ വിഷമിക്കുന്ന സഹകരണ അംഗങ്ങൾക്ക് കൈത്താങ്ങ് കൂടിയാകുകയാണ് സഹകരണവകുപ്പ്. വകുപ്പിന്റെ സഹകരണ അംഗ സമാശ്വാസ നിധിയുടെ സഹായസ്പർശം ലഭിച്ചത് അനേകം ദുരിതബാധിതർക്കാണ്.

സഹകരണ അംഗങ്ങൾക്ക് സമാശ്വാസനിധിയിൽ നിന്നുളള സഹായധനമായി 11,060 അപേക്ഷകൾ പരിഗണിച്ച് ഈ സർക്കാർ വിതരണം ചെയ്തത് 22,93,50,000 രൂപയാണ്. സമാശ്വാസനിധിയിൽ നിന്നും ഇത് രണ്ടാം തവണയാണ് സഹായധനം നൽകുന്നത്. ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കുള്ള ചികിത്സാ സഹായ പദ്ധതിയിൽ നിന്നുമാണ് സഹായം നൽകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവശരായവർക്ക് വേണ്ടിയാണ് സമാശ്വാസ നിധിയിൽ നിന്നും ചികിത്സാസഹായം അനുവദിക്കുന്നത്. ക്യാൻസർ, വൃക്കരോഗം, ഗുരുതര കരൾ രോഗം, വൃക്ക മാറ്റി വയ്ക്കൽ, കരൾ മാറ്റി വയ്ക്കൽ, ഹൃദയ ശസ്ത്രക്രിയ, എച്ച്‌ഐവി, അപകടത്തിൽപ്പെട്ട് കിടപ്പിലായവർ, മാതാപിതാക്കൾ മരിച്ചുപോകുകയും അവർ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവർക്കാണ് സമാശ്വാസ പദ്ധതിയിൽ നിന്നും സഹായം അനുവദിക്കുന്നത്.

ക്യാൻസർ, വൃക്ക, കരൾ രോഗങ്ങൾക്ക് 25,000 രൂപയാണ് അനുവദിച്ചത്. പരാലിസിസ് വന്ന് കിടപ്പിലായവർക്കും എച്ച്‌ഐവി ബാധിതർക്കും 15,000 രൂപ വീതവും ശസ്ത്രക്രിയകൾക്ക് വിധേയരായവർക്ക് 10,000 രൂപയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വായ്പാ ബാധ്യത തീർക്കാൻ 25,000 രൂപയുമാണ് അനുവദിച്ചത്.

ഇത്തവണ ക്യാൻസർ രോഗ ബാധിതരായ 5694 അപേക്ഷകരുണ്ടായിരുന്നു. ആകെ 14,23,50,000 രൂപ അനുവദിച്ചു. വൃക്കരോഗം ബാധിച്ചവരുടെ 1552 അപേക്ഷകളിൽ 3,88,0000 രൂപ അനുവദിച്ചു. കരൾ രോഗം ബാധിച്ചവരുടെ 347 അപേക്ഷകളിൽ 86,75,000 രൂപ അനുവദിച്ചു. പരാലിസിസ് ബാധിച്ച് ശയ്യാവലംബരായവരുടെ 941 അപേക്ഷകളിൽ 1,41,15,000 രൂപയും എച്ച്‌ഐവി ബാധിതരായ 30 അപേക്ഷകർക്ക് 4,50,000 രൂപയും, ഗുരുതരമായ ശസ്ത്രക്രിയകൾക്ക് വിധേയരായ 2496 പേരുടെ അപേക്ഷകളിൽ 2,49,60,000 രൂപയും അനുവദിച്ചു.

താലൂക്ക് സഹകരണ യൂണിയൻ സെക്രട്ടറി വഴിയാണ് അംഗങ്ങൾ സമാശ്വാസനിധിയിൽ നിന്നുളള ധനസഹായത്തിന് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകളുടെ എണ്ണം വർദ്ധിക്കുന്ന മുറയ്ക്കാണ് അംഗങ്ങൾക്ക് ചികിത്സാ സഹായം വിതരണം ചെയ്യുന്നത്. അധികാരത്തിൽ വന്നു ഒരു വർഷം പൂർത്തിയാക്കുന്നതിനു മുൻപേ ഇരുപത്തിമൂന്ന് കോടിയോളം രൂപ ചികിത്സാസഹായമായി വിതരണം ചെയ്തു എന്നത് സർക്കാരിന്റെ വൻ നേട്ടമാണ്.