വിഴിഞ്ഞം കോൺക്ലേവ്
വിഴിഞ്ഞം തുറമുഖം ഈ സർക്കാരിൻ്റെ കാലത്ത് യാഥാർത്ഥ്യമായതോടെ കേരളം ആഗോള വ്യവസായ ഭൂപടത്തിൽ ഒഴിഞ്ഞുകൂടാൻ പറ്റാത്ത ഒരിടമായിക്കഴിഞ്ഞു. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി പ്രത്യേകമായിത്തന്നെ വിഴിഞ്ഞം കോൺക്ലേവ് സംഘടിപ്പിക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന സുപ്രധാന മാരിടൈം, ലോജിസ്റ്റിക്സ് കമ്പനികൾ പങ്കെടുക്കുന്ന കോൺക്ലേവ്, മാരിടൈം & ലോജിസ്റ്റിക്സ് രംഗത്ത് രാജ്യത്തിൻ്റെ ഹബ്ബാകാനൊരുങ്ങുന്ന കേരളത്തിന് പുത്തനൂർജ്ജം പകരും. 2025 ജനുവരി 28,29 തീയതികളിലായി തിരുവനന്തപുരത്തുവച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവിൽ കെ.എസ്.ഐ.ഡി.സിക്കൊപ്പം വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട്(വിസിൽ)ഉം തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്സും സഹകരിക്കുന്നുണ്ട്.
വിഴിഞ്ഞം കേന്ദ്രമാക്കി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യവസായ ഇടനാഴിക്ക് കിഫ്ബി അംഗീകാരം ലഭിച്ച് മാസങ്ങൾക്കകമാണ് ഈ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഇതിന് ശേഷം സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെയും വിഴിഞ്ഞമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ വലിയ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.