വിഴിഞ്ഞം : കംപ്‌ളീഷൻ സർട്ടിഫിക്കറ്റ് കൈമാറി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഇ പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൈമാറി. ചെന്നൈ ഐ.ഐ.ടി യുടെ ഇൻഡിപെൻഡന്റ് എൻജിനീയറിംഗ് വിഭാഗമാണ് സർട്ടിഫിക്കറ്റ് നൽകിയത്. തുറമുഖ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വച്ച് ചെന്നൈ ഐ.ഐ.ടി ഇൻഡിപെൻഡന്റ് എൻജിനീയറിംഗ് വിഭാഗം ടീം ലീഡർ ആർ കറുപ്പയ്യ സർട്ടിഫിക്ക് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവന് കൈമാറി. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ് എഗ്രിമെന്റ് പ്രകാരമുള്ള എല്ലാ നടപടികളും പൂർത്തീകരിച്ച് വിഴിഞ്ഞത്തെ കോമേഴ്‌സ്യൽ ഓപ്പറേഷഷണൽ തുറമുഖമായി പ്രഖ്യാപിച്ചത്.
കേരളത്തിന്റെ സ്വപ്‌നമാണ് അതിന്റെ പ്രവർത്തിപഥത്തിൽ എത്തിയിരിക്കുന്നതെന്നും, സന്തോഷവും അഭിമാനവും പകരുന്ന നിമിഷമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി ഒന്നാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു. കരാർ അനുസരിച്ച് ഡിസംബർ മൂന്നിനായിരുന്നു ഒന്നാം ഘട്ടം പ്രവർത്തി പൂർത്തീകരിക്കേണ്ടത്. അത് യാഥാർത്ഥ്യമായി.
ജൂലായിൽ തുടങ്ങി നവംബർ വരെ നീണ്ട ട്രയൽ റൺ ഘട്ടത്തിൽ തന്നെ വിഴിഞ്ഞം ലോകത്തിനു മുന്നിൽ കരുത്തു തെളിയിച്ചതായി മന്ത്രി പറഞ്ഞു. ട്രയൽ റൺ സമയത്ത് ലോകത്തിലെ തന്നെ വലിയ മദർഷിപ്പുകൾ ഉൾപ്പെടെ 70 ചരക്ക് കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. ഇവയിൽ നിന്നും 1.47ലക്ഷം ടി . ഇ യു. ഇവിടെ കൈകാര്യം ചെയ്തു. കഴിഞ്ഞ ആഴ്ചയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ കരാർ ഒപ്പിട്ടത്. നിർമ്മാണത്തിൻ്റെ അടുത്ത ഘട്ടങ്ങൾ പൂർത്തീകരിച്ച് തുറമുഖത്തിന്റെ പൂർണ്ണതയാണ് സർക്കാർ ലക്ഷ്യമിടുന്നത് . ഒന്നാം ഘട്ടം പൂർണ്ണ സജ്ജമായതോടെ തുറമുഖത്തിന്റെ പ്രവർത്തനം കേരളത്തിന്റെ അന്താരാഷ്ട്ര വ്യാപാരത്തിൽ ഗണ്യമായ മാറ്റത്തിന് വഴി തുറക്കും.
ആദ്യ ഘട്ടത്തിന്റെ കമ്മീഷനിംഗ് ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് നടത്തുമെന്നും, ഏറ്റവും അടുത്തു തന്നെ തുറമുഖം നാടിന് സമർപ്പിക്കാൻകഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. വയബിലിറ്റി ഗ്യാപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് നിരാശാജനകമാണ്. കേരളത്തിനോട് കാണിക്കുന്ന വിവേചനമായിട്ടേ കാണാനാവൂ, എന്നാൽ അതിന്റെ പേരിൽ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒരു തടസ്സവുമുണ്ടാവില്ല. സംസ്ഥാനം നൽകിയ കത്തിന് കേന്ദ്രധനമന്ത്രിയുടെ മറുപടി അനുകൂലമല്ല, പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധിൽ എത്തിക്കും. നമ്മുടെ അവകാശമാണ് നമ്മൾ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.