Three ships berthed simultaneously at Vizhinjam International Port

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒരേസമയം മൂന്ന് കപ്പലുകൾ നങ്കൂരമിട്ടു

കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒരേസമയം മൂന്ന് കപ്പലുകൾ നങ്കൂരമിട്ടു. തുറമുഖം ആരംഭിച്ചതിന് ശേഷം ഇത്രയും കപ്പലുകൾ ഒരേസമയം എത്തിച്ചേരുന്നത് ആദ്യമായാണ്. എംഎസ്‌സി സുജിൻ, എംഎസ്‌സി സോമിൻ, എംഎസ്‌സി ടൈഗർ എഫ് എന്നീ മൂന്ന് കപ്പലുകളാണ് ഒരേസമയം തുറമുഖത്തെത്തിയത്.
ഈ കപ്പലുകളിൽ നിന്നുള്ള കണ്ടെയ്നർ കൈമാറ്റത്തിനായി ഏഴ് ഷിപ്പ് ടു ഷോർ ട്രെയിനുകൾ ഒരേസമയം പ്രവർത്തിപ്പിച്ചു. മൂന്ന് കപ്പലിൽ നിന്നായി ഒരേ സമയം കണ്ടെയ്നർ ട്രാൻസ്പോർട്ടേഷൻ നടത്തി, യഥാക്രമം കണ്ടെയ്നറുകൾ ക്രമീകരിക്കാൻ കഴിഞ്ഞത് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യക്ഷമതയുടെയും വളർച്ചയുടെയും തെളിവാണ്.
ഒന്നാംഘട്ടത്തിൽ പൂർത്തിയായ 800 മീറ്റർ ബർത്തിൽ 700 മീറ്റർ ബർത്ത് ഈ മൂന്ന് വാണിജ്യ കപ്പലുകൾക്കായി ഉപയോഗപ്പെടുത്തി. വരും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ കപ്പലുകൾ ഒരേസമയത്ത് ചരക്ക് കൈമാറ്റം ചെയ്യാനുള്ള വലിയ സൗകര്യമാണ് വിഴിഞ്ഞം ലോകത്തിനു മുമ്പിൽ തുറന്നു വയ്ക്കുന്നത്.