MUTTATHE MULLA VAYIPPA PADHATHI

മുറ്റത്തെ മുല്ല വായ്പാ പദ്ധതി

സംസ്ഥാനത്ത് സഹകരണ വകുപ്പ് കുടുംബശ്രീയുമായി ചേർന്ന് ആരംഭിച്ച വായ്പാ പദ്ധതിയാണ് മുറ്റത്തെ മുല്ല. പണം ബ്ലേഡ് പലിശക്ക് എടുത്ത് സാമ്പത്തിക നിലവാരവും മാനസിക സന്തുലനവും തകരാറിലാകുന്ന സാധാരണക്കാരുടെ പ്രശ്ന പരിഹാരത്തിനാണ് ഈ പദ്ധതി. 1000 രൂപ മുതൽ 50,000 രൂപ വരെ പദ്ധതിയിലൂടെ വായ്പ നൽകും. 2018ൽ പൈലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയിലാണ് മുറ്റത്തെ മുല്ല ആദ്യം നടപ്പാക്കിയത്. പിന്നീട് 14 ജില്ലകളിലേക്കും വ്യാപിപ്പിച്ച പദ്ധതിയിലൂടെ ഇതുവരെ 1251.46 കോടി രൂപ നൽകിക്കഴിഞ്ഞു.

സമൂഹത്തിന്റെ താഴെ തട്ടിലുള്ള കൂലിവേലക്കാർ, ചെറുകിട കച്ചവടക്കാർ, നിർദ്ധന കുടുംബങ്ങൾ എന്നിവരെ ബ്ലേഡ് പലിശാ ബുദ്ധിമുട്ടുകളിൽ നിന്നും കരകയറ്റാൻ മുറ്റത്തെ മുല്ല പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. സഹകരണ വകുപ്പ് കുടുംബശ്രീ സംഘങ്ങൾക്കാണ് വായ്പ അനുവദിക്കുന്നത്. കുടുംബശ്രീക്ക് അത് സംഘങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കും മുറ്റത്തെ മുല്ല പദ്ധതിയിലൂടെ വായ്പ നൽകാം. ഓരോ വാർഡിലെയും പ്രവർത്തനമികവും വിശ്വാസവുമുളള ഒന്നു മുതൽ മൂന്ന് വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീട്ടുമുറ്റത്ത് ചെന്ന് കുറഞ്ഞ പലിശ നിരക്കിൽ ലഘു വായ്പ നൽകാൻ സാധിക്കുന്നു എന്നതാണ് പദ്ധതിയുടെ വലിയ പ്രത്യേകത. പരമാവധി 52 ആഴ്ചകളായാണ് വായ്പ തിരിച്ചടക്കേണ്ടത്. ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും. കുടുംബശ്രീ യൂണിറ്റുകൾ ഈ വായ്പാ കണക്കുകൾ ഉത്തരവാദിത്തത്തോടെ സൂക്ഷിക്കും.

പദ്ധതി ആദ്യം ആരംഭിച്ച പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വായ്പ അനുവദിച്ചത്. 450.75 കോടി രൂപ. 220.91 കോടി രൂപയുടെ വായ്പയുമായി തൃശ്ശൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കൊല്ലം 120.03, കണ്ണൂർ 82.13, മലപ്പുറം 73.01, എറണാകുളം 64.36, തിരുവനന്തപുരം 59.46, കാസറഗോഡ് 47.97, ആലപ്പുഴ 41.55, കോട്ടയം 38.6, പത്തനംതിട്ട 13.45, കോഴിക്കോട് 21.1, വയനാട് 10.38, ഇടുക്കി 7.76 കോടി എന്നിങ്ങനെ ഇതുവരെ 1251.46 കോടി രൂപയാണ് മുറ്റത്തെ മുല്ല വായ്പക്കായി സഹകരണ വകുപ്പ് അനുവദിച്ച തുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇപ്പോഴും പ്രവർത്തിക്കുന്ന മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുമായി 14,237 കുടുംബശ്രീ യൂണിറ്റുകളാണ് സഹകരിച്ചു പോരുന്നത്.