ഭാഷയുടെ കഥ നിറച്ച് രാജ്യത്തെ ആദ്യ ഭാഷ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയം
അക്ഷരങ്ങൾക്കും ഭാഷയ്ക്കും സംസ്‌കാരത്തിനും ഊന്നൽ നൽകി ഇന്ത്യയിലെ തന്നെ ആദ്യത്തെ ഭാഷ-സാഹിത്യ-സാംസ്‌കാരിക അക്ഷരം മ്യൂസിയം കേരളത്തിന്റെ അക്ഷരനഗരമായ കോട്ടയത്തെ നാട്ടകത്ത്. അന്തർദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് 15,000 ചതുരശ്രയടിയിലാണ് നാട്ടകത്തെ മറിയപ്പള്ളിയിൽ മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൻറെ സാമ്പത്തിക സഹായത്തോടെ സഹകരണവകുപ്പിൻറെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം നടപ്പിലാക്കുന്ന ബൃഹദ് പദ്ധതിയാണ് ‘അക്ഷരം മ്യൂസിയം’.
മ്യൂസിയം പൂർണ്ണമായും പരിസ്ഥിതി സൗഹാർദ്ദപരവും ഭിന്നശേഷി സൗഹാർദ്ദവുമാണ്. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ആദ്യഘട്ടത്തിൽ ഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാണ്. 4 ഗാലറികളിലായാണ് ഒന്നാംഘട്ട ഉള്ളടക്കം പ്രദർശിപ്പിച്ചിട്ടുള്ളത്. മനുഷ്യഭാഷയുടെ ഉദ്ഭവവുമായി ബന്ധപ്പെട്ട വിഡീയോ പ്രൊജക്ഷൻ, വാമൊഴി പാരമ്പര്യം, ഗുഹാചിത്രങ്ങൾ, ചിത്രലിഖിതങ്ങൾ എന്നിവയുടെ വിശദാംശങ്ങളാണ് ഒന്നാം ഗാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻലിപികളുടെ പരിണാമ ചരിത്രത്തെ അടയാളപ്പെടുത്തുന്നതാണ് മ്യൂസിയത്തിന്റെ രണ്ടാം ഗാലറി. അച്ചടി സാങ്കേതികവിദ്യയെക്കുറിച്ചും മലയാളം അച്ചടിയുടെ ചരിത്രത്തെക്കുറിച്ചും പ്രധാന പുസ്തകങ്ങളെക്കുറിച്ചും അറിവു നൽകുന്നതാണ് മ്യൂസിയത്തിന്റെ മൂന്നാം ഗാലറി. കൂടാതെ കേരളത്തിലെ സാക്ഷാരതാപ്രവർത്തനങ്ങളെക്കുറിച്ചും ദ്രാവിഡ ഭാഷകളെക്കുറിച്ചും കേരളത്തിലെ 36 ഗോത്രഭാഷകളുടെ വിഡീയോ/ഓഡിയോ ഉള്ളടക്കവും മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് മ്യൂസിയത്തിന്റെ നാലാംഗാലറി. മ്യൂസിയത്തിന്റെ ഒന്നാം നിലയിൽ ലോകത്തിലെ ആറായിരത്തോളം ഭാഷകളെക്കുറിച്ച് വിവരം നൽകുന്ന ലോക ഭാഷാഗാലറിയും സജ്ജീകരിച്ചിരിക്കുന്നു. ലോകത്തെ പ്രധാന എഴുത്തുകാരുടെ ശിൽപങ്ങളും 124 സാഹിത്യകാരന്മാരുടെ ഒപ്പുകളും ശേഖരത്തിലുണ്ട്.
ലോകത്തിലെ വിവിധ ലിപികളെയും പരിചയപ്പെടുന്നതിനൊപ്പം പ്രത്യേകമായി തയാറാക്കിയിരിക്കുന്ന ലോകഭൂപടത്തിൽ തൊടുമ്പോൾ ഓരോ രാജ്യത്തെയും ഭാഷകളും അതിന്റെ പ്രത്യേകതകളും അറിയാൻ കഴിയുന്ന ഡിജിറ്റൽ സംവിധാനവുമുണ്ട്. കൂടാതെ ഇന്ത്യൻ ലിപികളുടെ പരിണാമചരിത്രം കാലഘട്ടം തിരിച്ച് അടയാളപ്പെടുത്തുന്ന അക്ഷരമാലാ ചാർട്ടുകളും പ്രദർശിപ്പിക്കുന്നു. കോട്ടയത്തെ പ്രധാന സാംസ്‌കാരിക-ചരിത്ര-പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ലെറ്റർ ടൂറിസം സർക്യൂട്ടും അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
അക്ഷരത്തിനും സാഹിത്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് അക്ഷരം ടൂറിസം യാത്രയിൽ ഇന്ത്യയിലെ ആദ്യത്തെ കോളേജായ സി.എം.എസ്. കോളേജ്, കേരളത്തിൽ മലയാളം അച്ചടി ആരംഭിച്ച കോട്ടയം സി.എം.എസ്. പ്രസ്സ്, ആദ്യകാലപത്രസ്ഥാപനമായ ദീപിക ദിനപത്രം, പഹ്‌ലവി ഭാഷയിലുള്ള ലിഖിതം കൊത്തിവെച്ച പഹ്‌ലവി കുരിശുള്ള കോട്ടയം വലിയപള്ളി, താളിയോലകളും ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്ന കുമാരനെല്ലൂർ ദേവീക്ഷേത്രം, ചരിത്ര-സാംസ്‌കാരിക പ്രാധാന്യം വിളിച്ചോതുന്ന വിവിധ രേഖകൾ സൂക്ഷിച്ചിരിക്കുന്ന ദേവലോകം അരമന, മനോഹരമായ മ്യൂറൽ പെയിന്റിംഗുകളുള്ള ചെറിയപള്ളി, തിരുനക്കരക്ഷേത്രം, കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന പനച്ചിക്കാട് ദേവീക്ഷേത്രം, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജുമാമസ്ജിദ്, കേരളത്തിലെ ആദ്യകാല പ്രസ്സുകളിലൊന്നായ മാന്നാനം സെന്റ് ജോസഫ് പ്രസ്സ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡിജിറ്റൾ വോളുകൾ, വീഡിയോ ഗ്യാലറികൾ, തിയേറ്ററിൽ പ്രദർശിപ്പിക്കാൻ ഡോക്യുമെന്ററികളും പുസ്തകങ്ങളുടെ പ്രഥമപതിപ്പുകളുടെ ശേഖരവും, വിപുലമായ പുരാരേഖ-പുരാവസ്തുശേഖരണങ്ങളും ആക്ടിവിറ്റി കോർണറുകളും മൾട്ടിപ്ലക്സ് തിയേറ്റർ സൗകര്യവും ഹോളോഗ്രാമും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.
15 കോടി രൂപ ചെലവിട്ട് നിർമ്മിച്ചിരിക്കുന്ന മ്യൂസിയത്തിൽ ഡിസംബർ 10 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. അക്ഷരനഗരിയായ കോട്ടയത്തിന്റെ അക്ഷരം ഭാഷ-ചരിത്രത്തെ നേരിട്ട് മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി അക്കാദമിക താൽപര്യങ്ങൾക്ക് ഊർജ്ജം പകരുന്നതാണ്.