Vizhinjam construction history

പരീക്ഷണ പ്രവർത്തനത്തിന് പൂർണ്ണസജ്ജമായി വിഴിഞ്ഞം തുറമുഖം

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായിരിക്കുന്നു. തുറമുഖത്തിന്റെ ട്രയൽ ഓപ്പറേഷൻ 2024 ജൂലൈ 12 ന് ആരംഭിക്കും. അത്യാധുനിക ഉപകരണങ്ങളും അത്യാധുനിക ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളും ഉള്ള ഇന്ത്യയിലെ ആദ്യത്തേ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം 2024 സെപ്തംബർ/ഒക്ടോബറിൽ കമ്മീഷൻ ചെയ്യും. കേരള സർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖല നിക്ഷേപമാണിത്. തുറമുഖം പൂർണതോതിൽ കമ്മീഷൻ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളോടെ, ട്രയൽ ഓപ്പറേഷൻ ആരംഭിക്കാൻ ഒരുക്കങ്ങൾ പൂർണ്ണമായും. പൂർത്തിയായി.

ജൂലായ് 12 ന് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ “സാൻ ഫെർണാണ്ടോ” ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സ്വീകരിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി ശ്രീ സർബാനന്ദ സോണോവാൽ പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, വിശിഷ്ടവ്യക്തികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

ജൂലൈ 12 ന് ആരംഭിക്കുന്ന ട്രയൽ ഓപ്പറേഷൻ 2 മുതൽ 3 മാസം വരെ തുടരും. ട്രയൽ ഓപ്പറേഷൻ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയൽ റൺ പ്രവർത്തനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ, ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്‌നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുറമുഖത്തിൻ്റെ പൂർണതോതിലുള്ള കമ്മീഷൻ സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ പിന്നാലെ എത്തും .വലിയകപ്പലുകൾ തുറമുഖത്ത് കണ്ടയ്നർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്‌ഷിപ്മെന്റ് പൂർണതോതിൽ നടക്കും.

ഇന്ത്യയിലെ ആദ്യത്തെ സെമിഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണ് . വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാൻസ്ഷിപ്പ്മെൻ്റ് കണ്ടെയ്നർ പ്രവർത്തനത്തിന് ഉയർന്ന കൃത്യതയും പ്രവർത്തന മാനദണ്ഡങ്ങളും ആവശ്യമാണ്.
ഡ്വെൽ ടൈംസ്, വെസൽ ടേൺറൗണ്ട്, ബെർത്ത് പ്രൊഡക്ടിവിറ്റി, വെഹിക്കിൾ സർവീസ് ടൈം, ഷിപ്പ് ഹാൻഡ്ലിംഗ് പ്രൊഡക്ടിവിറ്റി, ക്വേ ക്രെയിൻ പ്രൊഡക്ടിവിറ്റി തുടങ്ങിയ പ്രധാന പാരാമീറ്ററുകളിൽ ആഗോള നിലവാരം ഉണ്ടായിരിക്കേണ്ടത് തുറമുഖവിജയത്തിന് അത്യന്താപേക്ഷിതമാണ്. ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കുന്നതിനും ആവശ്യമുള്ള പ്രധാന പ്രവർത്തനവൈദഗ്ധ്യം
തെളിയിക്കുന്നതിനും ഡമ്മി കണ്ടെയ്‌നറുകൾ ഘടിപ്പിച്ച ബാർജുകൾ മതിയാകില്ല. യഥാർത്ഥ കണ്ടെയ്‌നറുകൾ (ചരക്കുകൾ നിറച്ച കണ്ടെയ്നർ) വിന്യസിക്കുന്ന ട്രയൽ റൺ നടത്തി വിജയിക്കണം. ആ പ്രവർത്തനമാണ് ബെർത്തിന്റ ആദ്യ 600 മീറ്ററിൽ ഇപ്പോൾ ആസൂത്രണം ചെയ്തിരിയുന്നത്.

തുറമുഖത്തിന് ലഭ്യമായ പ്രധാന അനുമതികൾ:

വാണിജ്യ കപ്പലുകൾ കൈകാര്യം ചെയ്യുന്നതിനായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് താൽക്കാലിക NSPC ക്ലിയറൻസ് 2024 ജൂലൈ 02-ന് ലഭിച്ചു, 2024 സെപ്തംബർ 30 വരെയാണ് കാലാവധി.

2024 ഏപ്രിൽ 02-ന് കപ്പലുകളുടെയും തുറമുഖ സൗകര്യങ്ങളുടെയും (ഐഎസ്പിഎസ് കോഡ്) സുരക്ഷയ്ക്കായി പോർട്ട് ഫെസിലിറ്റി ഇൻ്റർനാഷണൽ കോഡ് ലഭിച്ചു.

കസ്റ്റംസ് ആക്ട് 1962 പ്രകാരം സെക്ഷൻ 7 എ അംഗീകാരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് തുറമുഖമായി അംഗീകരിക്കുന്ന രേഖ 2024 ജൂൺ 15-ന് ലഭിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ (IN NYY 1) ലൊക്കേഷൻ കോഡ് 2024 ജൂൺ 21-ന് ലഭിച്ചു.

കസ്റ്റംസ് ആക്ട് 1962 പ്രകാരം സെക്ഷൻ 8 അംഗീകാരം: ലാൻഡിംഗ് സ്ഥലത്തിൻ്റെ അംഗീകാരത്തിനും സെക്ഷൻ 8 പ്രകാരം കസ്റ്റംസ് ഏരിയയുടെ പരിധി വ്യക്തമാക്കുന്നതിനുമുള്ള സർട്ടിഫിക്കറ്റ് 2024 ജൂൺ 24-ന് ലഭിച്ചു.

കസ്റ്റംസ് ആക്ട് 1962 പ്രകാരമുള്ള സെക്ഷൻ 45 അംഗീകാരം: 1962 ലെ കസ്റ്റംസ് ആക്ടിൻ്റെ സെക്ഷൻ 45 പ്രകാരം കസ്റ്റംസ് ഏരിയാ റെഗുലേഷൻസ്, 2009 ലെ ചരക്ക് കൈകാര്യം ചെയ്യുന്നതിൻ്റെ റെഗുലേഷൻ 5 പ്രകാരം കാസ്റ്റോഡിയൻഷിപ്പ് 2024 ജൂൺ 24-ന് ലഭിച്ചു.

EDI (ഇലക്‌ട്രോണിക് ഡാറ്റ ഇൻ്റർചേഞ്ച്), കസ്റ്റോഡിയൻ കോഡ് അംഗീകാരത്തിനായി കാത്തിരിക്കുന്നു.

ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് (ഐസിപി) ക്ലിയറൻസിനായി കാത്തിരിക്കുന്നു.

വികസന കുതിപ്പിന്റെ നാൾവഴികൾ

പദ്ധതിക്കായുള്ള പോർട്ട് ഓപ്പറേഷൻ കെട്ടിടം 2020-ൽ ഉദ്ഘാടനം ചെയ്തു,

220/33 KV സബ്‌സ്റ്റേഷൻ 2021 ജൂലൈയിൽ കമ്മീഷൻ ചെയ്തു.

സെക്യൂരിറ്റി ബിൽഡിംഗ്, 33/11 KV പോർട്ട് സബ്‌സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്‌സ് എന്നിവ 2022-ൽ ഉദ്ഘാടനം ചെയ്തു.

വർക്ക്‌ഷോപ്പ് കെട്ടിടം 2023-ൽ ഉദ്ഘാടനം ചെയ്തു.

2023 ഒക്‌ടോബർ 15-ന്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ്റെ നേതൃത്വത്തിൽ ക്രെയിനുകളുമായി എത്തിയ ആദ്യ കപ്പലിനെ സ്വീകരിച്ചു.

 

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവൃത്തികൾ സംബന്ധിച്ച വിശദവിവരങ്ങൾ

ബ്രേക്ക് വാട്ടർ: 2960 മീറ്റർ ബ്രേക്ക് വാട്ടർ പൂർത്തിയായി. സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

കണ്ടെയ്നർ ബെർത്ത്: 800 മീറ്റർ കണ്ടെയ്നർ ബെർത്ത് പൂർത്തിയായി. 600 മീറ്റർ കണ്ടെയ്നർ ബെർത്ത് പ്രവർത്തനത്തിന് തയ്യാറാണ്.

പോർട്ട് അപ്രോച്ച് റോഡ്: 1700 മീറ്ററിൽ 600 മീറ്റർ പോർട്ട് അപ്രോച്ച് റോഡ് കമ്മീഷൻ ചെയ്തു. റോഡ് കണക്റ്റിവിറ്റിയുടെ ശേഷിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

തുറമുഖത്ത് സജ്ജമാക്കിയിരിക്കുന്ന ഉപകരണങ്ങൾ ഇതരസൗകര്യങ്ങൾ

കണ്ടെയ്‌നർ ഹാൻഡ്‌ലിംഗ് ക്രെയിനുകൾ:

തുറമുഖത്തിൻ്റെ ആദ്യ ഘട്ടത്തിനായി 8 എണ്ണം റെയിൽ മൗണ്ടഡ് ക്വേ ക്രെയിനുകൾക്കും (RMQC) 24 കാന്റിലിവർ റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകൾക്കും (CRMG) ഷാങ്ഹായ് ഷെൻഹുവ പോർട്ട് മെഷിനറി കമ്പനിക്ക് (ZPMC) 2018-ൽ ഓർഡർ നൽകി. ഇതിൽ ഒന്നൊഴികെ ബാക്കി എല്ലാം ലഭിച്ചു. ഈ ഉപകരണങ്ങൾ കമ്മീഷൻ ചെയ്യുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

ക്രെയിനുകളും എത്തിയ തീയതിയും-

ZHEN HUA 15 2023 ഒക്‌ടോബർ 15
1 RMQC
2 സി.ആർ.എം.ജി

Zhen HUA 29
2023 നവംബർ 13
1 RMQC

ZHEN HUA 24 2023 നവംബർ 27
6 സി.ആർ.എം.ജി

ZHEN HUA 15 2023 ഡിസംബർ 30
2 RMQC
3 സി.ആർ.എം.ജി

Zhen HUA 16 2024 ഏപ്രിൽ 09
6 സി.ആർ.എം.ജി

ZHEN HUA 35 2024 ഏപ്രിൽ 22
2 RMQC
4 സി.ആർ.എം.ജി

Zhen HUA 34 2024 മെയ് 16
2 RMQC
2 സി.ആർ.എം.ജി

ആകെ
8 RMQC-കൾ
23 സി.ആർ.എം.ജി

തുറമുഖ ഉപകരണങ്ങൾ

ടഗ്ഗുകൾ (70 ടൺ ബിപി – 3 എണ്ണം, 55 ടൺ ബിപി – 1 എണ്ണം): എല്ലാ ടഗ്ഗുകളും കമ്മീഷൻ ചെയ്തു.
70 ടി ടഗ് – 721. 2019 ഏപ്രിൽ 04-ന് വിതരണം ചെയ്തു.
70 ടി ടഗ് – 722. 2019 ഒക്‌ടോബർ 25-ന് വിതരണം ചെയ്തു.
70 ടി ടഗ് – 723. 2019 ഡിസംബർ 24-ന് വിതരണം ചെയ്തു.
55 ടി ടഗ് – 724. 2020 സെപ്തംബർ 21-ന് വിതരണം ചെയ്തു.

പൈലറ്റ് കം സർവേ വെസൽ: 1 പൈലറ്റ് കം പട്രോൾ ബോട്ട് വിഴിഞ്ഞത്ത് ലഭ്യമാണ്.

മൂറിംഗ് ലോഞ്ചുകൾ: 2 മൂറിംഗ് ലോഞ്ചുകൾക്കായി ഓർഡറുകൾ നൽകിയിട്ടുണ്ട്, ഇവ 2024 സെപ്റ്റംബറിൽ ലഭിക്കും.

നാവിഗേഷൻ എയ്ഡ്: നാവിഗേഷൻ എയ്ഡ് വിഴിഞ്ഞം തുറമുഖത്ത് എത്തിക്കുകയും സ്ഥാപിക്കുകയും ചെയ്തു.

പോർട്ട് ഓപ്പറേഷൻ ബിൽഡിംഗ് (പിഒബി), 220 കെവി ജിഐഎസ് സബ് സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്‌സ്, 33 കെവി/11 കെവി പോർട്ട് സബ്‌സ്റ്റേഷൻ, സെക്യൂരിറ്റി ബിൽഡിംഗ്, വർക്ക്‌ഷോപ്പ് കെട്ടിടങ്ങൾ എന്നിവ കമ്മീഷൻ ചെയ്തു.

ചുറ്റുമതിൽ: അതിർത്തിയിലെ താൽക്കാലികചുറ്റുമതിൽ നിർമ്മാണം പൂർത്തിയായി.

കണ്ടെയ്നർ ബാക്കപ്പ് യാർഡ്: 63 ഹെക്ടർ നികത്തിയെടുക്കൽ പൂർത്തിയായി.

കണ്ടെയ്‌നർ സ്‌കാനിംഗ് സൗകര്യം: കണ്ടെയ്‌നർ സ്‌കാനർ വാങ്ങുന്നതിനുള്ള ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിൻ്റെ (AERB) അനുമതി 2024 മെയ് 30-ന് ലഭിച്ചു. കണ്ടെയ്‌നർ സ്‌കാനർ സൗകര്യത്തിൻ്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ സൗകര്യം 2024 ഓഗസ്റ്റിൽ പ്രവർത്തനക്ഷമമാകും.

വിഴിഞ്ഞം നിർമ്മാണചരിത്രം

മത്സരാധിഷ്ഠിത കരാർ നേടിയ അദാനി ഗ്രൂപ്പ്, പദ്ധതിയുടെ വികസനത്തിനായി ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി)-അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) രൂപീകരിച്ചു. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനും പ്രവർത്തനത്തിനുമായി 2015 ഓഗസ്റ്റ് 17-ന് കേരള സർക്കാരിന്റ തുറമുഖ വകുപ്പുമായി കൺസഷൻ കരാറിൽ ഏർപ്പെട്ടു. കൺസഷൻ കരാർ പ്രകാരം, നിയുക്ത തീയതി (ഇളവ് കാലയളവ് ആരംഭിക്കുന്നത്) 2015 ഡിസംബർ 05 ആയി പ്രഖ്യാപിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ അതേ ദിവസം ആരംഭിക്കുകയും ചെയ്തു.

പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും എളുപ്പമായിരുന്നില്ല. 20 മീറ്റർ ആഴത്തിലുള്ള ബ്രേക്ക്‌വാട്ടർ പോലുള്ള രാജ്യത്തെ പ്രധാന എഞ്ചിനീയറിംഗ് നിർമിതികളിൽ ഇത് തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടക്കത്തിലും തുടർന്നുള്ള കാലയളവിലും പദ്ധതി നടപ്പാക്കുന്നതിൽ നിരവധി പ്രശ്നങ്ങളും പ്രകൃതിക്ഷോഭങ്ങളും നേരിട്ടു.

പദ്ധതിയുടെ നിർണായക ഘടകമായ 3000 മീറ്റർ നീളമുള്ള ബ്രേക്ക്‌വാട്ടറിൻ്റെ പുരോഗതി, നിർമാണ വസ്തുക്കളുടെ കുറവ് കാരണം മന്ദഗതിയിലായി. 2017 ഡിസംബറിൽ അതുവരെ നിർമ്മിച്ച ബ്രേക്ക്‌വാട്ടറിന് പടിഞ്ഞാറൻ തീരത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രമായ ചുഴലിക്കാറ്റുകളിലൊന്നായ ഓഖി ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ടു. 2018-ലെ പ്രളയം, 2018-ലെ അസാധാരണമായ ഉയർന്ന തിരമാലകൾ, 2019-ലെ വെള്ളപ്പൊക്കം, മഹാ, ടൗട്ടെ ചുഴലിക്കാറ്റുകൾ, പ്രാദേശിക പ്രക്ഷോഭം, കോവിഡ്-19- ന്റെ ആഗോള പ്രതിസന്ധി എന്നിവ ഇതിന് പിന്നാലെയാണ്.

ബഹുമുഖ സമീപനത്തിലൂടെയാണ് പാറകളുടെ ദൗർലഭ്യത്തിൻ്റെ വെല്ലുവിളി നേരിട്ടത്. കടവിളയിൽ സ്വന്തം ക്വാറി സ്ഥാപിക്കുകയും കുമ്മിളിൽ പാർട്ണർ ക്വാറി വഴിയും തമിഴ്‌നാട്ടിലെ ക്വാറികൾ ഉൾപ്പെടെയുള്ള മറ്റ് സ്രോതസ്സുകളിൽ നിന്നും പദ്ധതിക്ക് ആവശ്യമായ 80 ലക്ഷം ടൺ പാറക്കല്ലുകൾ എന്ന വലിയ ലക്ഷ്യം കൈവരിക്കാനായി. കോവിഡ് -19 മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും, 2020 മുതൽ പദ്ധതി മികച്ച പുരോഗതി നേടിയാണ് ഇപ്പോൾ പ്രവർത്തന സജ്ജമാവുന്നത്