തുറമുഖ വകുപ്പിനായി 3000 കോടി
പ്രത്യേക ഡെവലപ്മെന്റ് സോണുകൾ വരുന്നു
തുറമുഖ നിക്ഷേപസംഗമം 2024-25
തുറമുഖ മേഖലയിലൂടെ കേരളത്തിന്റെ വ്യവസായ വികസനപദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള കാഴ്ച്ചപ്പാടാണ് ഈ ബജറ്റ് മുന്നോട്ടുവച്ചിരിക്കുന്നത്. വിഴിഞ്ഞം അന്തർദേശീയ തുറമുഖം മെയ് മാസം തുറന്നു പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം നടപ്പിലാക്കേണ്ട വികസന പദ്ധതികൾക്ക് വേണ്ടിയും തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
തുറമുഖവകുപ്പിനായി അടുത്ത മൂന്ന് വർഷം കൊണ്ട് സംസ്ഥാന സർക്കാർ 3000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. ഇതിൽ 2024-25 ധനകാര്യ വർഷത്തേയ്ക്ക് 500 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.മേജർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രൊജക്ടുകൾക്ക് നീക്കി വെച്ചിരിക്കുന്നതിന് പുറമെയാണിത്.
ടൗൺഷിപ്പുകൾ, റെസിഡൻഷ്യൽ ഏരിയകൾ, വ്യവസായ കേന്ദ്രങ്ങൾ, സംഭരണശാലകൾ, വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ വിപുലവും സമഗ്രവുമായ ഒരു ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക ഡെവലപ്മെന്റ് സോണുകൾ സൃഷ്ടിക്കുവാൻ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവാസി മലയാളി ഉൾപ്പെടുന്ന സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചു കൊണ്ടും സ്വകാര്യ നിക്ഷേപം ആകർഷിച്ചുകൊണ്ടും ആകും സ്പെഷ്യൽ ഡെവലപ്മെന്റ് സോണുകൾ സൃഷ്ടിക്കുക. തുറമുഖത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംരംഭങ്ങൾ ആരംഭിക്കുവാൻ സാധ്യതയുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിന് അന്തർദേശീയ നിക്ഷേപസംഗമം 2024-25 തന്നെ സംഘടിപ്പിക്കും. മാരിടൈം ഉച്ചകോടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രാദേശിക ജനവിഭാഗങ്ങൾക്ക് കൂടി ലഭ്യമാവുന്ന പദ്ധതികൾക്ക് ബജറ്റിൽ പ്രധാന്യം നൽകിയിട്ടുണ്ട്. വിഴിഞ്ഞം മേഖലയിൽ അതിദരിദ്രർ എന്ന് കണ്ടെത്തിയ കുടുംബങ്ങളെ പ്രത്യേക പരിഗണന നൽകി ദാരിദ്ര്യ മുക്തരാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുവാനും , പ്രദേശവാസികളുടെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകൾ അഞ്ചുവർഷംകൊണ്ട് നിർമാർജനം ചെയ്യുന്ന തരത്തിൽ ഒരു പ്രവർത്തന പദ്ധതി നടപ്പിലാക്കുവാനും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്.
മത്സ്യമേഖലയിൽ ഉയർന്നുവരുന്ന ആധുനിക തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വിധത്തിൽ പ്രാദേശിക ജനവിഭാഗങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകും. ഇതിനായി കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഉപയോഗിക്കുന്നതോടൊപ്പം സർക്കാർ സഹായം ലഭ്യമാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.