സഹകരണ മേഖലയിലെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി നിരവധി സംഘങ്ങളാണ് അവർ സ്വയം ഉല്പാദിപ്പിച്ച ഉല്പന്നങ്ങളുമായി വിപണിയിലെത്തുന്നത്. ഈ ഉല്പന്നങ്ങൾ ഏകീകൃത ബ്രാൻഡിംഗിനു കീഴിൽ വിപണിയിൽ സജീവമാക്കുന്നതിനായി സഹകരണ വകുപ്പ് രൂപം നൽകിയ പദ്ധതിയാണ് “ബ്രാൻഡിംഗ് ആന്റ് മാർക്കറ്റിംഗ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്റ്റ്സ്”. പദ്ധതിയുടെ ഭാഗമായി സഹകരണ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി കോപ് കേരളയെന്ന ഒറ്റ ബ്രാൻഡിന് കീഴിലാക്കി പൊതു ട്രേഡ് മാർക്കോടെ വിപണിയെലെത്തിക്കും.
സഹകരണമേഖലയിലെ ഉല്പന്നങ്ങൾക്ക് ഒരു പൊതു ട്രേഡ്മാർക്ക് ഉണ്ടാകുന്നതുവഴി ഉല്പന്നങ്ങളെ ജനങ്ങളുടെ മനസിൽ പ്രതിഷ്ഠിക്കാനും അതിന്റെ ദൃശ്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കാനും കഴിയും. പദ്ധതിയുടെ ആദ്യഘട്ടമായി 12 സംഘങ്ങളുടെ 28 ഉത്പന്നങ്ങൾക്ക് ബ്രാൻഡിംഗായി. കേരളത്തിൽ പ്രധാന സ്ഥലങ്ങളിൽ കോപ് മാർട്ട് എന്നപേരിൽ ഔട്ട്ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഗുണനിലവാര പരിശോധന ലാബുകൾ സജ്ജമാക്കുക, സഹകരണ ഉത്പ്പന്നങ്ങൾക്ക് ഓൺലൈൻ വിപണി സൃഷ്ടിക്കുക, ദേശീയ അന്തർദേശീയ വിപണിയിലേക്ക് സഹകരണമേഖലയിലെ ഉത്പന്നങ്ങൾ എത്തിക്കുക എന്നിവ പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി E-selling മൊബൈൽ ആപ്പ്ളിക്കേഷനും വെബ്സൈറ്റും തയാറായി വരികയാണ്.