Karuvannur Bank: Rs 124 crore returned to investors; More money was allocated for renovations

കരുവന്നൂർബാങ്ക് : 124 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി ; പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിച്ചു

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ഒറ്റത്തവണ വായ്പാതീർപ്പാക്കൽ പദ്ധതി നടപ്പിലാക്കാനും, പ്രാഥമിക സഹകരണ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന് 8 കോടി രൂപ കൂടി അനുവദിക്കാനും തീരുമാനിച്ചു. ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം. പത്ത് ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് ഇളവ് നൽകുന്നതിനുവേണ്ടി ഹൈലെവൽ കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി. കൺസോഷ്യത്തിൽ നിന്ന് അനുവദിക്കുന്ന തുകയ്ക്ക് പുറമെ ബാങ്കിന്റെ സ്പെഷ്യൽ പാക്കേജിന്റെ ഭാഗമായി ഡെപ്പോസിറ്റ് ഗ്യാരന്റി ബോർഡിൽ നിന്ന് കൂടുതൽ തുക അനുവദിക്കും.

ബാങ്കിലെ റിക്കറി നടപടികൾ വേഗത്തിലാക്കാൻ രണ്ട് സെയിൽസ് ഓഫീസർമാരെ കൂടി അനുവദിക്കാനും, കേരളബാങ്കിന്റെ റിക്കവറി ടാസ്‌ക് ഫോഴ്സിന്റെ സേവനം ലഭ്യമാക്കാനും യോഗത്തിൽ തീരുമാനമെടുത്തു.

നിലവിൽ 124.34 കോടി രൂപ ബാങ്ക് നിക്ഷേപകർക്ക് തിരികെ നൽകിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഒരുവർഷം കൊണ്ട് 10.28 കോടി രൂപയുടെ പുതിയ വായ്പയും ബാങ്ക് അനുവദിച്ചതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു. കൃത്യമായ ഇടവേളകളിൽ വകുപ്പുതല വിലയിരുത്തലും അഡ്മിസട്രേറ്റീവ് കമ്മിറ്റിയുടെ യോഗങ്ങളും നടത്തി ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കണമെന്ന് നിർദ്ദേശം നൽകി.