ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി അംഗങ്ങൾക്ക് 4500 രൂപ ഉത്‌സവബത്ത നൽകാൻ തീരുമാനിച്ചു. ഇന്നലെ ചേർന്ന കേരള ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി ബോർഡ് യോഗമാണ് 500 രൂപ വർദ്ധനവരുത്തിക്കൊണ്ട് ഓണത്തിന് ഉത്‌സവ ബത്ത വിതരണം ചെയ്യാനുള്ള തീരുമാനം എടുത്തത്.
2018-ലാണ് ആദ്യമായി അംഗങ്ങൾക്ക് ഉത്സവബത്ത അനുവദിച്ചത് 1000/- രൂപയായിരുന്നു അന്ന് നൽകിയത്. കഴിഞ്ഞ മൂന്നുവർഷം കൊണ്ടാണ് 4000/- രൂപയാക്കി ഉയർത്തിയത്. തുകയിൽ കാലാനുസൃതമായ വർദ്ധനവ് വേണമെന്നുള്ളതുകൊണ്ടാണ് തുകയിൽ വർദ്ധന ഇത്തവണയും വരുത്തിയത്.
ഇതിനാവശ്യമായ തുക പൂർണ്ണമായും ക്ഷേമനിധി ബോർഡിന്റെ ഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്. ക്ഷേമനിധിയിലേക്കുള്ള അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തി അംഗത്വം മുടങ്ങിപ്പോയ ആളുകളുടെ അംഗത്വം പുനസ്ഥാപിച്ച് നൽകുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആവിഷ്‌കരിക്കാൻ തീരുമാനിച്ചു. അംഗത്വം മുടങ്ങിപ്പോയവരിൽ നിന്ന് കുടിശികയോടൊപ്പം നാമമാത്രമായ പിഴ ഈടാക്കികൊണ്ടായിരിക്കും അംഗത്വം പുനഃസ്ഥാപിക്കുക. ഇതിനാശ്യമായ നടപടികൾ സ്വീകരിക്കാൻ ക്ഷേമനിധി ബോർഡ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.